സംസ്ഥാനത്ത് രണ്ടു പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളത്താണ് പുതിയ കേസ് റിപ്പോർട്ട് ചെയ്തത്.ഇതോടെ സംസ്ഥാനത്തെ കോവിഡ് ‌ബാധിതരുടെ എണ്ണം പതിനാലായി.

കൊച്ചിയിൽ നേരത്തെ രോഗം സ്ഥിരീകരിച്ച മൂന്നു വയസ്സുകാരന്റെ രക്ഷിതാക്കൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.


ചികിത്സയിലുള്ള രണ്ടു പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നേരത്തെ ഇറ്റലിയിൽ നിന്നും വന്ന നാല് പേരിലും അവരുമായി സമ്പർക്കം പുലർത്തിയ എട്ടു പേരിലും രോഗം സ്ഥിരീകരിച്ചിരുന്നു. 

രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

1495 പേരാണ് നിലവിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 259 പേർ ആശുപത്രിയിലുണ്ട്. മാര്‍ച്ചിലെ എല്ലാ സര്‍ക്കാര്‍ പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ ഒഴിവാക്കിയിട്ടുണ്ട്. 8 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പരീക്ഷകള്‍ ജാഗ്രതയോടെ നടത്തും. നിരീക്ഷണത്തിലുള്ളവര്‍ പരീക്ഷയെഴുതാന്‍ വന്നാല്‍ പ്രത്യേക മുറിയില്‍ എഴുതിക്കും. 

കോളജ് പരീക്ഷകള്‍ക്കും പ്രാക്ടിക്കലുകള്‍ക്കും മാറ്റമില്ല. സ്കൂള്‍ വാര്‍ഷിക പരിപാടികള്‍ ഒഴിവാക്കണം. സിനിമാ തിയറ്റുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

കോവിഡ് 19: ജില്ലയില്‍ 147 പേര്‍ നിരീക്ഷണത്തില്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുതായി 61 പേര്‍ ഉള്‍പ്പെടെ ആകെ 147 പേര്‍ നിരീക്ഷണത്തില്‍ ഉണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു.

ഐസൊലേഷന്‍ വാര്‍ഡില്‍ 15 പേരാണ് നിരീക്ഷണത്തിലുള്ളത്. മെഡിക്കല്‍ കോളേജില്‍ ഏഴു പേരും ബീച്ച് ആശുപത്രിയില്‍ എട്ട് പേരുമാണ് നിരീക്ഷണത്തിലുള്ളത്.

പത്ത് പേരുടെ സ്രവ സാംപിള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ഇന്ന്( മാര്‍ച്ച് 10) ഒന്നും ലഭ്യമായിട്ടില്ല.

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലൂടെ രണ്ട് പേര്‍ക്ക് കൗണ്‍സിലിങ് നല്‍കി.

വടകര, മുക്കം, കോഴിക്കോട്, ബാലുശ്ശേരി എന്നിവിടങ്ങളിലായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി.

വിവിധ വകുപ്പുകളുമായി സഹകരിച്ച് ബോധവല്‍ക്കരണ ക്ലാസുകളും ലഘുലേഖ വിതരണവും നടത്തി. 

കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ നിര്‍ബന്ധമായും രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും അടുത്ത ആരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിക്കേണ്ടതാണെന്ന് ഡി.എം.ഒ. അറിയിച്ചു.

കോവിഡുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക്
ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെല്‍ 0495 2371471 നമ്പറിലോ
ദിശാ നമ്പര്‍ 1056, 0471 2552056 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.