Trending

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു;അതിജാഗ്രതാ നിർദേശം

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂർ, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഒരെണ്ണം കോഴിഫാമും ഒന്ന് നഴ്സറിയുമാണ്. ഇതേ തുടർന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ.രാജുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേർന്നു. ആശങ്കപ്പെടാനില്ലെന്നും രോഗം നിയന്ത്രണവിധേയമാണെന്നുമാണ് മൃഗസംരക്ഷണവകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ സംസ്ഥാനത്ത് അതിജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഉടനീളം പരിശോധന വ്യാപിപ്പിക്കാനും തീരുമാനിച്ചു.



വ്യാഴാഴ്ച തന്നെ രണ്ട് ഫാമുകളിലെയും കോഴികൾക്ക് പക്ഷിപ്പനി ബാധിച്ചിട്ടുണ്ടോയെന്ന് സംശയം തോന്നിയിരുന്നു. മൃഗസംരക്ഷണവകുപ്പിന്റെ കണ്ണൂർ മേഖലാ ലബോറട്ടറിയിലെ പരിശോധനയിൽ പക്ഷിപ്പനി സംശയം ബലപ്പെട്ടു. തുടർന്ന് വെള്ളിയാഴ്ച സാമ്പിളുകൾ വിമാനമാർഗം ഭോപ്പാലിലെ ലബോറട്ടറിയിൽ പരിശോധിച്ച് പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.



പെട്ടെന്നുതന്നെ റവന്യൂ, തദ്ദേശ വകുപ്പുകൾക്ക് അതിജാഗ്രതാനിർദ്ദേശം നൽകി. രോഗം സ്ഥിരീകരിച്ച രണ്ട് ഫാമുകളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ ശനിയാഴ്ച വിദഗ്ധസംഘം പരിശോധന നടത്തും.



2016-ലാണ് സംസ്ഥാനത്ത് ഇതിനുമുൻപ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കുട്ടനാട് ഭാഗത്തെ താറാവുകൾക്കായിരുന്നു അന്ന് രോഗം ബാധിച്ചത്.


പക്ഷിപ്പനിയെന്ന് സംശയം: മലപ്പുറത്ത് ചത്ത മൂന്ന് പക്ഷികളുടെ സാമ്പിൾ പരിശോധിക്കും
 

മലപ്പുറം : പക്ഷിപ്പനിയെന്ന് സംശയമുയർന്നതിനെത്തുടർന്ന് മലപ്പുറം പെരുവള്ളൂരിൽ ചത്ത നിലയിൽ കണ്ടെത്തിയ മൂന്ന് കാക്കകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കാൻ തീരുമാനം. കാക്കകൾ വഴിയരികിൽ ചത്ത നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട് കിട്ടിയതിനെത്തുടർന്ന് ഇവ വിശദപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ ഡോ. എ സജീവ് കുമാർ വ്യക്തമാക്കി.

ഇതിന്‍റെ ഭാഗമായി ആദ്യസാമ്പിൾ പാലക്കാട്ടേക്ക് അയച്ചു. ഇതിൽ ആദ്യഘട്ടം പോസിറ്റീവാണെന്ന് കണ്ടാൽ ഭോപ്പാലിലേക്ക് സാമ്പിളയക്കുമെന്നും മൃഗസംരക്ഷണവകുപ്പ് വ്യക്തമാക്കി.

കോഴിക്കോട് രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറത്തും ജാഗ്രതയോടെ സ്ഥിതിഗതികൾ നിരീക്ഷിക്കും. എന്നാൽ ആശങ്ക വേണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.

എല്ലാ ഒരുക്കങ്ങളും മുൻകരുതലുകളും എടുത്തു. കൂടുതൽ ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി വിന്യസിച്ചിട്ടുണ്ട്. കളക്ടറുടെയും ഡിഎംഒയുടെയും സാന്നിദ്ധ്യത്തിൽ സാഹചര്യം വിലയിരുത്താൻ യോഗം ചേർന്നിട്ടുണ്ടെന്നും എല്ലാ ജാഗ്രതാനടപടികളും സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടവും അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പക്ഷിപ്പനി
പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കളക്ടറെ ചുമതലപ്പെടുത്തിയതായി വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു അറിയിച്ചു. അതിനിടെ പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിഫാം സ്ഥിതി ചെയ്യുന്ന കൊടിയത്തൂര്‍ പഞ്ചായത്തില്‍ കോഴിയടക്കം എല്ലാതരം പക്ഷികളുടേയും വില്‍പനയും ഇറച്ചി വ്യാപാരവും നിരോധിച്ച് പഞ്ചായത്ത് അധികൃതര്‍ ഉത്തരവിറക്കി.

പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പഞ്ചായത്തിലെ എല്ലാ ചിക്കന്‍ സ്റ്റാളുകളും ഫാമുകളും അടിയന്തരമായി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ ഉത്തരവിലൂടെ ആവശ്യപ്പെട്ടു. ഇതോടൊപ്പം അലങ്കാരപ്പക്ഷികളുടെ വില്‍പനയും നിരോധിച്ചിട്ടുണ്ട്. ഇനിയൊരു ഉത്തരവ് ഉണ്ടാവും വരെ പഞ്ചായത്തിലെ ഹോട്ടലുകളില്‍ പക്ഷിവിഭവങ്ങളൊന്നും (കോഴി,കാട,താറാവ്) വില്‍ക്കുന്നതും ഉത്തരവിലൂടെ വിലക്കിയിട്ടുണ്ട്.

രോഗം പടരാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ എല്ലാ പക്ഷികളെയും നശിപ്പിക്കണമെന്നും മന്ത്രി. പക്ഷികളെ നശിപ്പിക്കാനായി സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. സ്ക്വാഡിൽ ഉള്ളവർ മുൻകരുതലുകൾ സ്വീകരിച്ചശേഷം നാളെ രാവിലെ മുതൽ നശീകരണ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സർക്കാർ നിയന്ത്രണത്തിലുള്ള ഫാമുകൾ ഉൾപ്പെടെ എല്ലായിടത്തും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മനുഷ്യരിലേക്ക് പകരുമെന്ന കാര്യത്തിൽ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കെ രാജു പറഞ്ഞു.


പക്ഷിപ്പനി സ്ഥിരീകരിച്ച രണ്ട് സ്ഥലങ്ങളുടെയും 10 കിലോമീറ്റര്‍ ചുറ്റളവില്‍ കോഴിവില്‍പ്പന നിരോധിച്ചു

കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ സജീവം. പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട വെസ്റ്റ് കൊടിയത്തൂർ, വേങ്ങേരി എന്നിവിടങ്ങളിലെ പത്തുകിലോമീറ്റർ ചുറ്റളവിനുള്ളിൽ കോഴിവിൽപന നിരോധിച്ചു.

വെസ്റ്റ് കൊടിയത്തൂരിലെയും വേങ്ങേരിയിലെയും ഒരു കിലോമീറ്റർ ചുറ്റളവിലെ വളർത്തുപക്ഷികളെ കൊന്ന് ദഹിപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനായി അഞ്ചുപേർ വീതമുള്ള 25 പ്രതിരോധസംഘങ്ങളെ മൃഗസംരക്ഷണ വകുപ്പ് നിയോഗിച്ചു. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ ഇതിനുള്ള നടപടികൾ ആരംഭിക്കും.

വെസ്റ്റ് കൊടിയത്തൂർ, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഒരെണ്ണം കോഴിഫാമും ഒന്ന് നഴ്സറിയുമാണ്.

വ്യാഴാഴ്ച തന്നെ രണ്ട് ഫാമുകളിലെയും കോഴികൾക്ക് പക്ഷിപ്പനി ബാധിച്ചിട്ടുണ്ടോയെന്ന് സംശയം തോന്നിയിരുന്നു.മൃഗസംരക്ഷണവകുപ്പിന്റെ കണ്ണൂർ മേഖലാ ലബോറട്ടറിയിലെ പരിശോധനയിൽ പക്ഷിപ്പനി സംശയം ബലപ്പെട്ടു. തുടർന്ന് വെള്ളിയാഴ്ച സാമ്പിളുകൾ വിമാനമാർഗം ഭോപ്പാലിലെ ലബോറട്ടറിയിൽ പരിശോധിച്ച് പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.
Previous Post Next Post
3/TECH/col-right