Trending

രണ്ടായിരം രൂപാ നോട്ടുകള്‍ ഒഴിവാക്കാന്‍ ബാങ്കിന് നിര്‍ദേശമെന്ന് റിപ്പോര്‍ട്ട്; എ.ടി.എമ്മിലും സ്‌റ്റോക്ക് ഇല്ല

രാജ്യത്തെ ഒരു മുന്‍നിര പൊതുമേഖല ബാങ്കില്‍ രണ്ടായിരം രൂപയുടെ നോട്ട് വിതരണം ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാന്‍ വരുന്നവര്‍ക്ക് രണ്ടായിരം രൂപയുടെ നോട്ട് നല്‍കേണ്ടതില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ജീവനക്കാരോട് പറഞ്ഞതായി ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


രണ്ടായിരം രൂപയുടെ മൂല്യത്തിലുള്ള നോട്ട് എടിഎമ്മില്‍ സ്‌റ്റോക്ക് ചെയ്യാതിരിക്കാനും നിര്‍ദേശമുണ്ട്. കുറഞ്ഞത് ഒരു പൊതുമേഖല ബാങ്ക് എങ്കിലും ഇത്തരത്തില്‍ രണ്ടായിരം രൂപയുടെ നോട്ട് വിതരണത്തില്‍ ഒഴിവാക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും ബിസിനസ് ഇന്‍സൈഡര്‍ വ്യക്തമാക്കി.

എന്നാല്‍ ആളുകളെ പരിഭ്രാന്തരാക്കരുതെന്നും ബാങ്ക് നിക്ഷേപമായി രണ്ടായിരം രൂപയുടെ നോട്ട് വാങ്ങാമെന്നും പറയുന്നുണ്ട്. ഇതിനെപ്പറ്റിയുള്ള വിശദ വിവരങ്ങള്‍ ഉടനെ അറിയിക്കുമെന്നും ജീവനക്കാര്‍ക്കുള്ള ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഇമെയില്‍ നിര്‍ദേശം നല്‍കിയ ഉടന്‍ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ ബാങ്ക് മാനേജര്‍മാരെ വിളിച്ചു കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എടിഎമ്മുകളില്‍ 100, 200, 500 രൂപയുടെ നോട്ടുകള്‍ നിറയ്ക്കാനാണ് നിര്‍ദേശം. 2000 രൂപയുടെ നോട്ട് ഒഴിവാക്കുന്നത് മൂലമുള്ള അസൗകര്യം നേരിടാന്‍ 100 രൂപ നോട്ടുകളുടെ വിതരണം കൂട്ടാനും പറഞ്ഞിട്ടുണ്ട്. ഏതു പൊതുമേഖല ബാങ്കാണ് ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. ഒരു പൊതുമേഖലാ ബാങ്ക് മാത്രമല്ല, മിക്കവാറും എല്ലാ ബാങ്കുകളുടെ എ ടി എമ്മിലും 2000 രൂപയുടെ നോട്ട് ലഭിക്കുന്നില്ലെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ സുരക്ഷാ കാരണങ്ങള്‍ കൊണ്ട് രണ്ടായിരം നോട്ട് പ്രിന്റ് ചെയ്യുന്നത് താത്കാലികമായി നിര്‍ത്തിയതായി ആര്‍ബിഐ അറിയിച്ചിരുന്നു. ഇത് കാരണം 201920 സാമ്പത്തിക വര്‍ഷത്തില്‍ ഒരു നോട്ട് പോലും പ്രിന്റ് ചെയ്തില്ലെന്നും ആര്‍ബിഐ പറഞ്ഞിരുന്നു.

ആര്‍ബിഐ വെബ്‌സൈറ്റ് പ്രകാരം 2017 ല്‍ രണ്ടായിരം രൂപയുടെ മൂല്യമുള്ള 328.5 കോടി നോട്ടുകളാണ് വിതരണത്തിന് ഉണ്ടായിരുന്നത്. 2018 ല്‍ ഇത് 336.3 കോടി നോട്ടുകളായി വര്‍ധിച്ചു. 2019 ല്‍ 329.1 കോടിയായി ഇത് കുറഞ്ഞു.

രണ്ടായിരം നോട്ടുകളുടെ മൂല്യത്തില്‍ കള്ളനോട്ടുകള്‍ ഇറങ്ങുന്നതും പ്രശ്‌നം രൂക്ഷമാക്കിയിട്ടുണ്ട്. എന്‍സിആര്‍ബിയുടെ പുതിയ കണക്ക് പ്രകാരം, നോട്ട് നിരോധനത്തിന് ശേഷം 2018 ഡിസംബര്‍ വരെ പിടിച്ചെടുത്ത കള്ളനോട്ടുകളില്‍ 56 ശതമാനവും രണ്ടായിരം രൂപയുടെ നോട്ടുകള്‍ ആയിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ നോട്ടുകള്‍ പിടിച്ചെടുത്തത് ഗുജറാത്തില്‍ നിന്നാണ്.
Previous Post Next Post
3/TECH/col-right