എരവന്നൂർ : പൗരത്വ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ 'പൗരത്വ ഭേദഗതി നിയമത്തിനെതിരെ' എരവന്നൂരിൽ സംഘടിപ്പിച്ച ജനകീയ  മാർച്ചിൽ പ്രതിഷേധമിരമ്പി.രാജ്യത്തെ ജനങ്ങളെ മതത്തിന്റെ വേലിക്കെട്ടുകൾ തീർത്ത് പൗരത്വം നിഷേധിക്കുന്ന വർഗീയ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ ഗ്രാമ പ്രദേശങ്ങളിലേക്കും ആളിപ്പടരുന്ന ജന രോഷത്തിന്റെ പ്രതീകമായിരുന്നു ആയിരത്തോളമാളുകൾ അണിനിരന്ന ഈ ജനകീയ മാർച്ച്.


ജാതി മത രാഷ്ട്രീയ സംഘടനാ ഭേദമന്യേ വിദ്യാർത്ഥികളും  യുവതീ യുവാക്കളും സ്ത്രീകളും മുതിർന്നവരും ആവേശത്തോടെ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയപ്പോൾ ഇന്നു വരെ കാണാത്ത പ്രതിഷേധ മുന്നേറ്റത്തിനാണ് എരവന്നൂർ സാക്ഷിയായത്.വൈകീട്ട് നാലു മണിയോടെ എരവന്നൂർ നെട്ടോടി താഴത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ആറ് മണിക്ക് ചെറുവലത്ത് താഴം അങ്ങാടിയിൽ സമാപിച്ചു. 

തുടർന്ന് ഭരണകൂടത്തിന്റെ ഫാസിസ്റ് നിലപാടിനെതിരെ പോരാടാൻ പ്രതിജ്ഞയെടുത്തുകൊണ്ട് ആരംഭിച്ച പ്രതിഷേധ സംഗമം മടവൂർ പഞ്ചായത്ത് പ്രസിഡന്റ് പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു.ശിഹാബുദ്ധീൻ ഇബ്നു ഹംസ,വാർഡ് മെമ്പർമാരായ എം.ബിന്ദു,പി.ശ്രീധരൻ,സിന്ധു മോഹൻ,വിവിധ രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികളായ രാജേന്ദ്രൻ മാസ്റ്റർ,ഓമർ, സഹീൻ അരീച്ചോല,എന്നിവർ സംസാരിച്ചു.