Trending

പതിനൊന്ന് ഇനം പ്ലാസ്റ്റിക് സാധനങ്ങള്‍ക്ക് നിരോധനം;കർശനപിഴ;നിയമം നാളെ മുതൽ

പ്ലാസ്റ്റിക് നിരോധനം മുതല്‍ ഫ്ലാറ്റുകള്‍ വില്‍ക്കാന്‍ വരെ നാളെ മുതല്‍ പുതിയനിബന്ധനകളാണ് എ.ടി എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോഴും ശ്രദ്ധിക്കണം.പുതുവര്‍ഷത്തില്‍ ഒാര്‍ത്തിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇനി....നാളെ മുതല്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. ക്യാരിബാഗ് അടക്കം പതിനൊന്ന് ഇനം പ്ലാസ്റ്റിക് സാധനങ്ങള്‍ക്ക് നിരോധനമാണ്. ഇവ നിര്‍മ്മിച്ചാലും വിറ്റാലും കുറ്റം. ആദ്യതവണ പതിനായിരം രൂപയും ആവര്‍ത്തിച്ചാല്‍ ഇരുപത്തിയയ്യായിരം രൂപയും തുടര്‍ന്നാല്‍ അന്‍പതിനായിരം രൂപയും പിഴയൊടുക്കേണ്ടി വരും. 



കൈയിലുള്ള എ.ടി.എം കാര്‍ഡുകള്‍ പരിശോധിക്കുന്നതും നല്ലതാണ്. പഴയ മാഗ്നറ്റിക് സ്ട്രൈപ്പ് ഡെബിറ്റ് കാര്‍ഡുകള്‍ ഇനിമുതല്‍ ഉപയോഗിക്കാനാകില്ല. ഇവ കൈയിലുള്ളവര്‍ ചിപ്പും സി.വി.വി നമ്പരുമുള്ള ഡെബിറ്റ് കാര്‍ഡുകളിലേക്ക് മാറണം. രാത്രി എസ്.ബി.െഎ എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ നാളെ മുതല്‍ ഒ.ടി.പി നമ്പര്‍ നിര്‍ബന്ധം. രാത്രി എട്ടുമുതല്‍ രാവിലെ എട്ടുവരെ ഒറ്റത്തവണ പതിനായിരം രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുന്നവര്‍ക്കാണ് ഈ നിബന്ധന. എ.ടി.എം വഴിയുള്ള തട്ടിപ്പ് അവസാനിപ്പിക്കാനാണിത്. 

ഫ്ലാറ്റുകള്‍ വില്‍ക്കാനുമുണ്ട് നിയന്ത്രണങ്ങള്‍.റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയില്‍ റജിസ്റ്റര്‍ ചെയ്യാത്ത ഫ്ലാറ്റുകള്‍ വില്‍ക്കാനോ പരസ്യം ചെയ്യാനോ പാടില്ല. റിയല്‍ എസ്റ്റേറ്റ് ഏജന്‍റുമാര്‍ക്കും റജിസ്ട്രേഷന്‍ വേണം. മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് നാളെ മുതല്‍ ആധാര്‍ കാര്‍ഡും നിര്‍ബന്ധമാക്കി.


ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍: അവസാന തീയതി മാര്‍ച്ച് 31 വരെ നീട്ടി

ന്യൂഡല്‍ഹി: പാന്‍ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2020 മാര്‍ച്ച് 31 വരെ നീട്ടി. ഇന്നായിരുന്നു അവസാന തീയതി. പ്രത്യക്ഷ നികുതി വകുപ്പ് ഇത് എട്ടാം തവണയാണ് തീയതി നീട്ടുന്നത്. മാര്‍ച്ച് 31നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തന രഹിതമാകും. ആദായനികുതി സമര്‍പ്പിക്കുന്നതിനും പുതിയ പാന്‍ അനുവദിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയത് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ശരിവച്ചിരുന്നു. 40 കോടി പാന്‍കാര്‍ഡുകളില്‍ 22 കോടി പാന്‍കാര്‍ഡുകള്‍ മാത്രമാണ് ഇത് വരെ ആധാറുമായി ബന്ധിപ്പിച്ചിട്ട് ഉളളതെന്നാണ് ഔദ്യോഗിക കണക്ക്. 18 കോടി പാന്‍ കാര്‍ഡുകള്‍ ഇത് വരെ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല. ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാക്കാനാണ് കേന്ദ്ര ധന മന്ത്രാലയത്തിന്റെ തീരുമാനം.


എടിഎം കാർഡ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട  കാര്യങ്ങൾ

അനധികൃത പണമിടപാടുകൾ തടയുന്നതിന്റെ ഭാഗമായി എസ്ബിഐ എടിഎമ്മുകളിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സംവിധാനം നടപ്പാക്കുന്നു. ജനുവരി ഒന്നു മുതലാണ് പുതിയ രീതി. രാത്രി എട്ടുമുതൽ രാവിലെ എട്ടുവരെ 10,000 രൂപയ്ക്ക്  മുകളിലുള്ള ഇടപാടുകൾക്കാണ് ഒടിപി സംവിധാനം.
ബാങ്കിൽ റജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും. സ്ക്രീനിൽ തെളിയുന്ന ഭാഗത്ത് ഒടിപി നൽകിയാൽ പണം പിൻവലിക്കാം. മറ്റുബാങ്കുകളുടെ എടിഎമ്മുകളിൽനിന്ന് പണം പിൻവലിക്കുന്ന എസ് ബി ഐ അക്കൗണ്ടുള്ളവർക്ക് ഈ സംവിധാനമുണ്ടാകില്ല.

തട്ടിപ്പുകൾ വ്യാപകം


എടിഎം കാർഡ് വിവരങ്ങൾ ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്തണമെങ്കിൽ മൊബൈലിൽ ലഭിക്കുന്ന ഒടിപി കൂടി നൽകണമെന്നറിയാമല്ലോ... ഇതേ സംവിധാനമാണ് എടിഎമ്മിലും നടപ്പിലാക്കാൻ പോകുന്നത്. എന്നിട്ടും റജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈലിൽ ഒടിപി വരാതെ തന്നെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടുന്ന പല പരാതികളും ഉയരുന്നുണ്ടെന്നത് മറ്റൊരു വസ്തുത.

ഇന്ത്യയിൽ 2000 രൂപയിൽ കൂടുതലുള്ള എല്ലാ ‘കാർഡ് നോട്ട് പ്രെസെന്റ്’ ഇടപാടുകൾക്കും അഡീഷണൽ ഓതന്റിക്കേഷൻ ഫാക്ടർ (AFA) ആയി ഒടിപി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നേരത്ത തന്നെ നിർബന്ധമാക്കിയിട്ടുണ്ട്. രണ്ടായിരത്തിനു താഴെയുള്ള ഇടപാടുകളിൽ ഇത് ഒപ്‌ഷനലാണ്. ആർബിഐയുടെ നിബന്ധന ഉള്ളതിനാൽ, രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ പേയ്‌മെന്റ് ഗേറ്റ് വേ സംവിധാനങ്ങളും ഒടിപി സംവിധാനം ഉപയോഗിക്കാൻ ബാധ്യസ്ഥരാണ്.

മറ്റെല്ലാ രാജ്യങ്ങളിലും ഇത്തരത്തിൽ ഒടിപി സംവിധാനം നിർബന്ധമല്ല. കേവലം കാർഡ് നമ്പർ, എക്സ്പയറി തീയതി, CVV നമ്പർ എന്നിവ ഉണ്ടെങ്കിൽ പല വിദേശ പെയ്‌മെന്റ് ഗേറ്റ് വേകളും ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്താം. നമ്മുടെ കാർഡ് വിവരങ്ങൾ ഏതെങ്കിലും ഫിഷിങ് സൈറ്റ് വഴിയോ പിഒഎസ് മെഷീനിലെയോ എടിഎം മെഷീനിലെ സ്കിമ്മർ വഴിയോ മറ്റേതെങ്കിലും മാർഗത്തിലോ നഷ്ടപ്പെട്ടുപോയാൽ ഈ കാർഡ് വിവരങ്ങൾ വിദേശ പേയ്‌മെന്റ് ഗേറ്റ് വേകൾ വഴി ദുരുപയോഗം ചെയ്യപ്പെട്ടേക്കാം.

കാർഡ് വിവരങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙ ഉപയോഗിക്കുന്ന വെബ് സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പാക്കുക. വ്യാജസൈറ്റുകൾ തിരിച്ചറിയുക

∙ കടകളിലും മറ്റും നമ്മുടെ കൺമുൻപിൽ വെച്ച് മാത്രം കാർഡ് ഉപയോഗിക്കാൻ അനുവദിക്കുക

∙ സൈറ്റ് വിവരങ്ങൾ സെർച്ച് എൻജിൻ വഴി ആക്സസ് ചെയ്യാതെ മുഴുവൻ സൈറ്റ് അഡ്രസ്സും നേരിട്ട് ടൈപ്പ് ചെയ്യാൻ ശ്രദ്ധിക്കുക

∙ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലും മറ്റും കാർഡ് വിവരങ്ങൾ സേവ് ചെയ്തു വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.

∙ അക്കൗണ്ടുകളിൽ ഈ-കോമേഴ്‌സ് സൗകര്യം ആവശ്യമുണ്ടെങ്കിൽ മാത്രം ബാങ്കുകൾ മുഖേന പ്രവർത്തനക്ഷമമാക്കുക

∙ പറ്റുമെങ്കിൽ, ഓൺലൈൻ ഇടപാടുകൾക്ക് മാത്രമായി പ്രത്യേകം അക്കൗണ്ട് ഉപയോഗിക്കുക.

ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെയെങ്കിലും തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാം.

OTP ബൈപാസ് ചെയ്യുന്ന തരം തട്ടിപ്പുകൾ അസാധ്യമെന്നല്ല, വിദേശ ഗേറ്റ് വെകൾ വഴിയുള്ള ഇടപാടുകളിലാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലും നടക്കുന്നത്. OTP ചോദിച്ചു വിളിക്കുമ്പോൾ അതു നൽകുന്നത് കൊണ്ടാണ് ബഹുഭൂരിഭാഗം പേർക്കും അക്കൗണ്ടിലെ പണം നഷ്ടപ്പെടുന്നത്.
Previous Post Next Post
3/TECH/col-right