തോട് ശുചീകരിച്ച് വിദ്യാര്‍ത്ഥികള്‍; നീക്കം ചെയ്തത് ലോഡ് കണക്കിന് മാലിന്യം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 27 December 2019

തോട് ശുചീകരിച്ച് വിദ്യാര്‍ത്ഥികള്‍; നീക്കം ചെയ്തത് ലോഡ് കണക്കിന് മാലിന്യം

എളേറ്റില്‍:തോട് ശുചീകരണത്തിനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ തോട്ടില്‍ നിന്നും കോരിയെടുത്തത് ലോഡ് കണക്കിന് മാലിന്യം. എളേറ്റില്‍ ചെറ്റക്കടവ് തോട്ടില്‍ നിന്നാണ് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ ആയിരക്കണക്കിന് പ്ലാസ്റ്റിക് കുപ്പികള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തത്.പന്നൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അവധിക്കാല ക്യാമ്പിനെത്തിയ വിദ്യാര്‍ത്ഥികളാണ് ചെറ്റക്കടവ്-ആവിലോറ തോട് ശുചീകരിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്. എട്ടുകിലോമീറ്ററോളം നീളമുള്ള തോട് ചെറ്റക്കടവ് മുതല്‍ കുളിരാന്തിരിവരെയുള്ള ഭാഗം രണ്ട് ദിവസം കൊണ്ട് ശുചീകരിക്കാനായിരുന്നു പദ്ധതി. 
 

ആദ്യ ദിവസം ചെറ്റക്കടവ് ഭാഗത്തായിരുന്നു ശുചീകരണം. പ്ലാസ്റ്റിക് ഉള്‍പ്പെടെ അടിഞ്ഞുകൂടി ഒഴുക്ക് നിലച്ച തോട് കണ്ട വിദ്യാര്‍ത്ഥികള്‍ വെള്ളം ഇല്ലെന്ന് കരുതി തോട്ടില്‍ ഇറങ്ങിയപ്പോള്‍ ഒന്നര മീറ്ററോളം ആഴത്തില്‍ വെള്ളമുണ്ട്. എന്നാല്‍ മാലിന്യം കാരണം ഒഴുക്ക് പൂര്‍ണമായും നിലച്ച അവസ്ഥയിലായിരുന്നു. നീരൊഴുക്കിന് തടസ്സമായി കൈതക്കാടുകള്‍ വെട്ടിമാറ്റുകയും മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തതോടെ തോട് ഒഴുകാന്‍ തുടങ്ങി. രണ്ടാം ദിവസം കൊടക്കാട് ഭാഗത്തായിരുന്നു ശുചീകരണം. ഇവിടെ കണ്ട കാഴ്ചകള്‍ വിദ്യാര്‍ത്ഥികളെയും നാട്ടുകാരെയും അമ്പരപ്പിച്ചു. 


ആയിരക്കണക്കിന് പ്ലാസ്റ്റിക് കുപ്പികള്‍ ഉള്‍പ്പെടെയാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. ഇതുകാരണം തോട്ടിലെ വെള്ളം കാണാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. ഏറെ സാഹസപ്പെട്ട് വിദ്യാര്‍ത്ഥികള്‍ തോട്ടിലിറങ്ങി മാലിന്യം കരക്കെത്തിച്ചു. ചാക്കുകളില്‍ നിറച്ച പ്ലാസ്റ്റിക് കവറുകള്‍, ആശുപത്രി മാലിന്യങ്ങള്‍. പാമ്പേഴ്‌സ്, ചെരുപ്പുകള്‍ തുടങ്ങിയവരും മരത്തടികളുമെല്ലാം പൂനൂര്‍ പുഴയിലേക്കെത്തുന്ന തോട്ടില്‍നിന്നും വിദ്യാര്‍ത്ഥികള്‍ നീക്കം ചെയ്തു. 


വാര്‍ഡ് മെമ്പര്‍ എം എസ് മുഹമ്മദ്, മുസ്ഥഫ പി എറക്കല്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. പി വി ധനരാജ്, എസ് സായി ഗീത, എന്‍ എസ് എസ് സെക്രട്ടറി സഞ്ജയ് ഹരി, ലിഫ്‌സ, അനില്‍കുമാര്‍, കണാരന്‍ കൊടക്കാട്, കെ കെ റഫീഖ് തുടങ്ങിയവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി. നീര്‍ത്തടങ്ങള്‍ സംരക്ഷിക്കാന്‍ വിവിധ പദ്ധതികള്‍ നിലവിലുണ്ടെങ്കിലും നിരവധിപേര്‍ കുളിക്കാനും അലക്കാനും ആശ്രയിക്കുന്ന എളേറ്റില്‍-ചെറ്റക്കടവ്-ആവിലോറ തോടിനോട് പഞ്ചായത്ത് അധികൃതര്‍ കാണിക്കുന്ന അവഗണനയാണ് തോട് മാലിന്യപ്പുഴയാവാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ ജീവന്‍ പോലും പണയപ്പെടുത്തി ശുചീകരണത്തിന് ഇറങ്ങിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ സഹകരണം ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്. കരക്കെത്തിച്ച മാലിന്യം നീക്കം ചെയ്യാനും ബാക്കിയുള്ള മാലിന്യങ്ങളും നീക്കം ചെയ്ത് തോട് സംരക്ഷിക്കാനും അധികൃതര്‍ തയ്യാറാവണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

No comments:

Post a Comment

Post Bottom Ad

Nature