Trending

പൗരത്വ ഭേദഗതി ബില്ലിനെതിരെ സമസ്ത മുസ്‍ലിം സംഘടനകളുടെ യോഗം വിളിച്ചു

പൗരത്വ ഭേദഗതി ബില്ലിനെതിരായ നടപടികൾ ആലോചിക്കാൻ സമസ്ത മുസ്‍ലിം സംഘടനകളുടെ യോഗം വിളിച്ചു. കാന്തപുരം വിഭാഗം ഉൾപ്പെടെയുള്ള വിവിധ മുസ്‍ലിം സംഘടനകൾ യോഗത്തിൽ പങ്കെടുക്കുമെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ നേതാക്കൾ അറിയിച്ചു. വിഷയത്തിൽ പ്രധാനമന്ത്രിയെ കാണാനും സമസ്ത നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്.


പൗരത്വ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ ഭാവി നടപടികൾ ആലോചിക്കാനാണ് സമസ്ത യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. ചേളാരിയിൽ ചേർന്ന സമസ്ത ഏകോപന സമിതിയാണ് യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചത്. മുഴുവൻ മുസ്‍ലിം സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ന്യൂന പക്ഷങ്ങളുടെ മൗലിക അവകാശം ഹനിക്കുന്ന ബില്ലിനെതിരെ നിലപാടെടുക്കാൻ എല്ലാ പാർട്ടികളോടും ആവശ്യപ്പെടും. 


ഈ കാര്യം ചൂണ്ടിക്കാട്ടി മുഴുവൻ എം.പി മാർക്കും സന്ദേശമയക്കാനും തീരുമാനിച്ചിട്ടുണ്ട്. ആവശ്യമായ നിയമ നടപടികളും സ്വീകരിക്കും. അതേസമയം, ബിൽ അവതരിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രം പിന്തിരിയണമെന്നു കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. കോൺഗ്രസ്‌ ലീഗ് എം.പിമാർ ഈ വിഷയത്തിൽ ആത്മാർത്ഥമായി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു

ദേശീയ പൗരത്വ ബില്ലിനെതിരെ കാന്തപുരം; മോദിയെ കാണും
 

ദേശീയ പൗരത്വ ബിൽ നടപ്പാക്കുന്നത് ഭരണഘടനക്ക് വിരുദ്ധമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍. ബില്ലിനെതിരെ കോടതിയെ സമീപിക്കും. ബില്‍ മുസ്‍ലിം സമുദായത്തോടുള്ള വിവേചനമാണ്. ബില്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും കാന്തപുരം പറഞ്ഞു. 

ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പുനപരിശോധന നടത്തണമെന്നും ബില്‍ നടപ്പാക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിവില്ലാതെ എല്ലാവരെയും ഒന്നായി കാണമെന്നും കാന്തപുരം പറഞ്ഞു
Previous Post Next Post
3/TECH/col-right