Trending

പകപോക്കലിനാകരുത് നിരന്തര മൂല്യനിർണയം

നിരന്തര മൂല്യനിർണയ (Cintinuous Evaluation -CE) മാർക്കാണല്ലോ ഇന്നത്തെ വിവാദ വിഷയം. കോഴ്‌സിന്റെ ഓരോ വർഷത്തിലും വർഷാദ്യത്തിൽ  തുടങ്ങി വർഷാന്ത്യം വരെ അധ്യാപകനും കുട്ടിയും പരസ്പരം അറിഞ്ഞു കൊണ്ട് പ്രയാസങ്ങളെ കണ്ടെത്താനും ആവശ്യമായ പരിഹാരം നിർദ്ദേശിക്കാനുമുള്ള പിൻതുണാ സംവിധാനമാണിത്.

നിരന്തര മൂല്യനിർണയ മാർക്ക് ഒരു കുട്ടിക്ക് മറ്റുള്ളവരെക്കാൾ കുറവ് വന്നുവെങ്കിൽ അതിന് ആദ്യത്തെ ഉത്തരവാദി അധ്യാപകൻ തന്നെയാണ്. അത് കഴിഞ്ഞേ കുട്ടി വരുന്നുള്ളൂ. കാരണം ഇത് നിരന്തര മൂല്യനിർണയമാണ് എന്നത് തന്നെ. ഓരോ മാസവും കുട്ടിയിൽ കാണുന്ന പ്രശ്നങ്ങൾ അതാത് മാസം തന്നെ തിരുത്തപ്പെടുമ്പോൾ വർഷാന്ത്യത്തിൽ മുഴുവൻ മാർക്കും കിട്ടാനാണ് സാധ്യത.

ഒരു ക്ലാസ്സിലെ ഒരു കുട്ടിക്ക് മറ്റ് കുട്ടികളേക്കാൾ കുറയുന്ന ഓരോ മാർക്കിനും വ്യക്തമായ തെളിവും അതിന്റെ രേഖയും അധ്യാപകന്റെ കൈയിൽ സൂക്ഷിപ്പ് ഉണ്ടായിരിക്കേണ്ടതുണ്ട്. വർഷാന്ത വിലയിരുത്തലിൽ നിന്ന് ഏറെ വ്യത്യസ്തമാകുന്നതും അതിനാലാണ്. വർഷാന്ത വിലയിരുത്തലിൽ വരുന്ന പോരായ്കകളെ തിരുത്താൻ അധ്യാപകൻ നിർദ്ദേശിക്കുന്നില്ല എന്നതിനാൽ കിട്ടിയ മാർക്ക് മാത്രമേ എന്നും നിലനിൽക്കുകയുള്ളൂ. 


പക്ഷെ, ഉത്തരക്കടലാസെന്ന ശക്തമായ തെളിവ് അധ്യാപകന്റെ കൈയിൽ കാണും. എന്നാൽ നിരന്തര മൂല്യനിർണയത്തിന് മാർക്ക് രേഖപ്പെടുത്തുന്ന അധ്യാപകന്റെ മനോനില അതിനെ മാറ്റിമറിക്കാനുള്ള കൂടിയ സാധ്യത നിലനിൽക്കുന്നുണ്ട്.  ചുരുങ്ങിയ പക്ഷം കുട്ടിയെയെങ്കിലും കുറഞ്ഞ മാർക്കിന്റെ കാരണം ബോധ്യപ്പെടുത്താൻ അധ്യാപകന് കഴിയണം. അതാണ് തുടർന്ന് വരുന്ന മാസങ്ങളിൽ മാർക്ക് മെച്ചപ്പെടുത്താൻ കുട്ടിയെ സഹായിക്കുന്നത്.

പക വീട്ടലിന്റെ രീതിയിലുള്ള മാർക്ക് വ്യതിയാനം സംഭവിച്ച പരാതികൾ പല കുട്ടികളിൽ നിന്നും ഉയർന്ന് വരാറുണ്ട്.  കുട്ടികളുടെ പ്രകൃത്യായുള്ള അഭിപ്രായപ്രകടന രീതിയും ശബ്ദ വ്യതിയാനവും മൂലം ക്ലാസ് മുറിയിലെ അവരുടെ പ്രതികരണങ്ങൾ ചില അധ്യാപകരെ ചൊടിപ്പിക്കാറുണ്ട്. കുട്ടി ഉന്നയിക്കുന്ന സ്വാഭാവികമായ ഒരു സംശയം പോലും തന്നെ പരിഹസിക്കുന്നതായി ചുരുക്കം ചില അധ്യാപകരെങ്കിലും തെറ്റുധരിക്കാറുമുണ്ട്. 


മതപരമായും സംഘടനാപരമായും കുട്ടിയുമായുള്ള ആശയ വ്യത്യാസം മൂലവും ചില അധ്യാപകരിൽ ഈർഷ്യ ജനിക്കുന്നതായി കുട്ടികളുടെ പ്രതികരണങ്ങളിൽ നിന്ന് വായിച്ചെടുക്കാൻ കഴിയാറുണ്ട്. ഇതിനൊക്കെയുള്ള പക വീട്ടൽ ഉപകരണമായി രംഗപ്രവേശം ചെയ്യുന്നത് നിരന്തരമൂല്യനിർണമാണ്.


വർഷാന്തത്തിലെ എഴുത്ത് പരീക്ഷയിൽ ബുദ്ധി മണ്ഡലത്തിന്റെ ഓർമ്മിച്ചെടുക്കുക എന്ന ലളിതമായ പ്രക്രിയ മാത്രമേ നടക്കുന്നുള്ളൂ. നല്ല ഓർമ്മശക്തിയുള്ള കുട്ടിയെ സംബന്ധിച്ചിടത്തോളം പരീക്ഷ എഴുതിമാർക്ക് വാങ്ങൽ വളരെ എളുപ്പമായിരിക്കും. എന്നാൽ ചിന്താമണ്ഡലത്തിലെ പ്രയോഗതലത്തിലേക്കു എത്തുന്ന തരത്തിലുള്ള മനോ മാറ്റം കുട്ടിയിൽ ഇല്ലാത്തത് വലിയ ഒരു പ്രതിസന്ധി സൃഷ്ടിക്കും. 


അത് ഒഴിവാക്കാൻ ഒന്നിലധികം പ്രവർത്തനങ്ങളിലൂടെ കടന്ന് പോകാൻ അവസരം നൽകുകയാണ് നിരന്തര മൂല്യനിർണയത്തിന്റെ ലക്ഷ്യം. എന്നാൽ കുട്ടിയുടെ മാർക്ക് കുറയ്ക്കുക എന്നത്  ഒരാൾക്ക് മാത്രം ചെയ്യാവുന്ന ഒന്നല്ല, മറിച്ച് ഒരു ടീം അധ്യാപകർക്കേ കുട്ടിയുടെ മാർക്ക് കുറയ്ക്കൽ സാധ്യമാകൂ. അതിന് അവർക്കിടയിൽ കാര്യകാരണ സഹിതമുള്ള ചർച്ചയും ആവശ്യമായി വരും.


എന്നാൽ പരിശോധനയോ പ്രവർത്തനങ്ങളോ ഇല്ലാതെ മുഴുവൻ മാർക്ക് ദാനം ചെയ്യുന്നതും അക്രമമാണ്. കുട്ടിക്ക് സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് അവയെ പരിപോഷിപ്പിക്കാനും കഴിവുകേടുകളും പരിമിതികളും കണ്ടെത്തി ആവശ്യമായ തിരുത്തലുകൾ വരുത്താനും വേണ്ടത്ര പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതുണ്ട്. കുട്ടിക്ക് താങ്ങാവുന്നതും താങ്ങ് ആവുന്നതുമായ പ്രവർത്തനങ്ങൾ നിർദ്ദേശിക്കേണ്ടതും അധ്യാപകൻ തന്നെ. 


അത്രയും പ്രവർത്തനങ്ങളിലൂടെ കടന്നുപോകുന്ന കുട്ടിയിൽ വരുന്ന പുരോഗതി അധ്യാപകൻ രേഖപ്പെടുത്തുന്നതോടെ നിരന്തര, മൂല്യനിർണയത്തിലെ മാർക്ക് ഉയരുകയും ചെയ്യും. തുടർന്നും പോരായ്കകൾ വരുന്നവ മറികടക്കാൻ കൂടുതൽ പ്രവർത്തനങ്ങൾ വേണ്ടി വന്നേക്കാം. അതോടൊപ്പം മാർക്കിലെ കുറവിനുള്ള കാരണം കുട്ടിക്കും രക്ഷിതാവിനും ബോധ്യപ്പെടുകയും ചെയ്യും.


അധ്യാപകൻ എന്ന സ്ഥാനം ചോദ്യം ചെയ്യപ്പെടാതിരിക്കാനും ഉൽകൃഷ്ടമായ തരത്തിൽ വിദ്യാർഥി സമൂഹത്തിന്റെ മനസ്സിൽ സ്ഥാനം പിടിക്കാനും ഇത് സഹായിക്കും.



സിറാജുദ്ദീൻ പന്നിക്കോട്ടൂർ 

അധ്യാപകൻ,പൂനൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ
Ph: 9495090799.
Previous Post Next Post
3/TECH/col-right