Trending

വയനാട് മെഡിക്കല്‍ കോളേജ്:യാഥാർഥ്യമാവുന്നു

വയനാട് ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് ചേലോട് എസ്‌റ്റേറ്റിലെ 50 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്കു വിധേയമായി ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഇല്ലാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ട് സഹിക്കുന്നുണ്ട്. ഈ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനസജ്ജമാകുന്നതോടെ സാധാരണക്കാരായ രോഗികള്‍ക്ക് വളരെയധികം ആശ്വാസകരമാകുന്നതാണ്. 

അതിനാല്‍ തന്നെ എത്രയും പെട്ടെന്ന് ഭൂമിയേറ്റെടുത്ത് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്.കോട്ടത്തറ വില്ലേജില്‍ നേരത്തെ മെഡിക്കല്‍ കോളേജിനായി സ്ഥലം ഏറ്റെടുത്തെങ്കിലും കഴിഞ്ഞ പ്രളയ കാലത്ത് ഈ പ്രദേശത്ത് ഏറെ നാശനഷ്ടമുണ്ടായി. ഈ പ്രദേശത്ത് ബഹുനില കെട്ടിടം പണിയാനുള്ള അനുമതിയും ലഭ്യമല്ലായിരുന്നു. അതിനാലാണ് പുതിയ സ്ഥലം കണ്ടെത്താന്‍ തീരുമാനിച്ചത്.

വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി ഈ സര്‍ക്കാര്‍ വലിയ പ്രവര്‍ത്തനമാണ് നടത്തിയത്. മെഡിക്കല്‍ കോളേജിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കിഫ്ബി വഴി 625 കോടിയുടെ ഭരണാനുമതി ലഭ്യമാക്കിയിരുന്നു. 40,000 സ്‌ക്വയര്‍ മീറ്ററിലുള്ള അത്യാധുനിക സൗകര്യങ്ങളുള്ള മെഡിക്കല്‍ കോളേജ് ആശുപത്രി, അക്കാഡമിക് ബ്ലോക്ക്, അക്കോമൊഡേഷന്‍ ബ്ലോക്ക് എന്നിവ നിര്‍മ്മിക്കുന്നതിനാണ് തുക വകയിരുത്തിയത്. 

വയനാട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കിഫ്ബി വഴി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഇന്‍കല്‍ ലിമിറ്റഡിനെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.
അനാട്ടമി, ബയോകെമിസ്ട്രി, മൈക്രോബയോളജി, പത്തോളജി, കമ്മ്യൂണിറ്റി മെഡിസിന്‍, മെഡിസിന്‍, പീഡിയാട്രിക്, സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, ഗൈനക്കോളജി തുടങ്ങി 25 ഓളം ഡിപ്പാര്‍ട്ടുമെന്റുകളാണ് അക്കാഡമിക് ബ്ലോക്കില്‍ ആദ്യഘട്ടത്തില്‍ സജ്ജമാക്കുക. അക്കാഡമിക് വിംഗ്, സെന്‍ട്രല്‍ ലൈബ്രറി, ലക്ച്ചര്‍ തീയറ്റര്‍, ആഡിറ്റോറിയം, ലബോറട്ടറി തുടങ്ങിയവയും അക്കാഡമിക് ബ്ലോക്കില്‍ ഉണ്ടാകും.

470 കിടക്കകളുള്ള അത്യാധുനിക ഹോസ്പിറ്റല്‍ ബ്ലോക്കാണ് നിര്‍മ്മിക്കുക. മെഡിസിനും അനുബന്ധ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍, സര്‍ജറിയും അനുബന്ധ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍, ഒബ്‌സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി വിഭാഗം എന്നിങ്ങനെ മൂന്നായി തരംതിരിച്ചാണ് ആശുപത്രി സജ്ജമാക്കുന്നത്. 

10 ഓപ്പറേഷന്‍ തീയറ്ററുകള്‍, ലേബര്‍ റൂം, റേഡിയോ ഡയഗ്നോസിസ്, അനസ്തീഷ്യോളജി, സെന്റര്‍ ലബോറട്ടറി, അത്യാഹിത വിഭാഗം, ഫാര്‍മസി, സ്റ്റോര്‍ എന്നിവയുമുണ്ടാകും. വെയിറ്റിംഗ് ഏരിയ, എന്‍ക്വയറി ആന്റ് റെക്കോര്‍ഡ് റൂം, എക്‌സാമിനേഷന്‍ റൂം, ഡിസ്‌പെന്‍സറി, ഡ്രെസിംഗ് റൂം തുടങ്ങിയ സൗകര്യങ്ങളുമൊരുക്കുന്നതാണ്.
Previous Post Next Post
3/TECH/col-right