തിരുവനന്തപുരം : സംസ്ഥാനത്ത് പാറഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിരോധനമാണ് പിന്‍വലിക്കുന്നത്. കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്നാണ് ഈ മാസം ഒന്‍പതിന് സംസ്ഥാന മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ച് ഉത്തരവിറക്കിയത്.


എന്നാല്‍ പതിനൊന്നു ദിവസങ്ങള്‍ക്കുശേഷമാണ് നിരോധനം പിന്‍വലിച്ചിരിക്കുന്നത്. നിലവില്‍ ഉരുള്‍പൊട്ടല്‍ മുന്‍കരുതലുകളില്ലെന്നാണ് വിശദീകരണം. ഇതുസംബന്ധിച്ച ഉത്തരവ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് മേധാവിയാണ് പുറപ്പെടുവിച്ചത്.
 

പ്രാദേശികമായി ജില്ലാ കലക്ടര്‍മാര്‍ നിരോധനം ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ നിരോധനം തുടരും. ശാസ്ത്രീയമായ ഒരു പഠനവും നടത്താതെയാണ് നിരോധനം പിന്‍വലിച്ചിരിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

അതിതീവ്ര മഴ കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരള ദുരന്തനിവാരണ അതോറിറ്റി എല്ലാവിധ ജാഗ്രതാ നിര്‍ദേശങ്ങളും പിന്‍വലിച്ചു. 


ഈ സാഹചര്യത്തിലും മണ്ണിലെ ഈര്‍പ്പം കുറഞ്ഞതും കണക്കിലെടുത്താണ് വിലക്ക് നീക്കിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് അറിയിപ്പില്‍ പറയുന്നത്. എല്ലാ ജില്ലകള്‍ക്കും വേണ്ടിയാണ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഉത്തരവിറക്കിയത്.