ദില്ലി: സിബിഐ ഇന്ന് പി ചിദംബരത്തെ അറസ്റ്റ് ചെയ്യുമ്പോൾ ഒമ്പത് വർഷം മുൻപത്തെ ഒരു രാഷ്ട്രീയ ചരിത്രത്തിലേക്ക് കൂടി പോകേണ്ടതുണ്ട്. രാജീവ് ഗാന്ധി മന്ത്രിസഭ മുതൽ ദില്ലിയിലെ ശക്തനായ രാഷ്ട്രീയസാന്നിധ്യമായിരുന്നു പി ചിദംബരം. പിന്നീട് യുപിഎ മികച്ച ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയപ്പോൾ ഏറ്റവും തന്ത്രപ്രധാനമായ രണ്ട് വകുപ്പുകൾ - ധനവകുപ്പും ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്തയാൾ. 

നെഹ്‍റു കുടുംബത്തിന്‍റെ വിശ്വസ്തൻ. വിദഗ്‍ധനായ അഭിഭാഷകൻ. 
ചിദംബരത്തിന്‍റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്നാണ് ഇപ്പോൾ കോൺഗ്രസിന്‍റെ ആരോപണം. അതേ ആരോപണമാണ്, ഒമ്പത് വർഷം മുമ്പ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിനും ചിദംബരത്തിനുമെതിരെ ബിജെപി ഉന്നയിച്ചത്. അന്ന് ബിജെപിയുടെ സമുന്നത നേതാക്കളിലൊരാളായ അമിത് ഷാ അറസ്റ്റ് ചെയ്യപ്പെട്ടു. കേസ്: സൊഹ്‍റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ.

അന്ന് ഗുജറാത്തിലെ മന്ത്രിയായിരുന്നു അമിത് ഷാ. സൊഹ്‍റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായിരുന്നു അന്ന് ഷാ. അറുപതോളം കേസുകളുണ്ടായിരുന്ന സൊഹ്‍റാബുദ്ദീനെ 2005-ൽ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം കൊല്ലപ്പെട്ടു എന്നതായിരുന്നു കേസ്. സൊഹ്‍റാബുദ്ദീനെ അമിത് ഷായുടെ പൊലീസ് വെടിവെച്ച് കൊന്നതാണെന്നായിരുന്നു ആരോപണം. പിന്നീടത് ഏറ്റുമുട്ടലായി വ്യാജമായി ചിത്രീകരിച്ചു എന്നത് കേസും. 

അമിത് ഷായുടെ അനുമതിയോടെയാണ് ഏറ്റുമുട്ടൽ കൊലപാതകം നടന്നതെന്ന ആരോപണങ്ങൾ സജീവമായിരുന്നു. 2010 ജനുവരിയിൽ കേസിന്‍റെ അന്വേഷണം സുപ്രീംകോടതി സിബിഐയ്ക്ക് വിട്ടു. അന്ന് ആഭ്യന്തരമന്ത്രിയായിരുന്നു പി ചിദംബരം. 

ആറ് മാസത്തിന് ശേഷം, ജൂലൈ 2010-ൽ അമിത് ഷായെ സിബിഐ അറസ്റ്റ് ചെയ്തു. ചുമത്തിയ കുറ്റങ്ങൾ: കൊലപാതകവും തട്ടിക്കൊണ്ടുപോകലും. മന്ത്രിപദവിയിലിരുന്ന ഷായെ അറസ്റ്റ് ചെയ്തത് അന്ന് ബിജെപി വൃത്തങ്ങളിൽ സൃഷ്ടിച്ച ഞെട്ടൽ ചില്ലറയല്ല. അറസ്റ്റിലായ ശേഷം ഷാ ജാമ്യത്തിന് ശ്രമിച്ചെങ്കിലും സിബിഐ അതിനെ ശക്തമായി എതിർത്തു. മന്ത്രിയെന്ന നിലയിൽ തന്‍റെ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ഷാ സാക്ഷികളെ സ്വാധീനിക്കുമെന്നും ഭീഷണിപ്പെടുത്തുമെന്നും സിബിഐ കോടതിയിൽ വാദിച്ചു. 

മൂന്ന് മാസം ജയിലിൽ കിടന്നു അമിത് ഷാ. ഒടുവിൽ ഒക്ടോബർ 29, 2010-നാണ് അമിത് ഷായ്ക്ക് ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുന്നത്. അതിന്‍റെ തൊട്ടടുത്ത ദിവസം സിബിഐ കോടതിയെ സമീപിച്ചു. കോടതി അവധിയായിരുന്നിട്ടും കേസ് പരിഗണിച്ചു. ജസ്റ്റിസ് അഫ്‍താബ് ആലം അന്ന് ഗുജറാത്തിലേക്ക് കടക്കുന്നതിൽ നിന്ന് ഷായെ വിലക്കി. 

ഷായ്ക്ക് പിന്നീട് രണ്ട് വർഷം ഗുജറാത്തിലേക്ക് കടക്കാൻ പോലുമായില്ല. 2010 മുതൽ 2012 വരെ അമിത് ഷാ ഗുജറാത്തിന് പുറത്തായി. 
സിബിഐയെ ഉപയോഗിച്ച് ചിദംബരം തന്നെ വേട്ടയാടിയെന്ന് അമിത് ഷാ പല തവണ ആരോപിച്ചിരുന്നു. 2014 ഡിസംബറിൽ സൊഹ്‍റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ നിന്ന് അമിത് ഷായെ കോടതി കുറ്റവിമുക്തനാക്കി. അപ്പോഴേക്ക് കേന്ദ്രത്തിൽ നരേന്ദ്രമോദി അധികാരത്തിലുമെത്തിയിരുന്നു.