Trending

വൃഷ്ടി പ്രദേശത്ത് കനത്ത മഴ; ബാണാസുര സാഗര്‍ അണക്കെട്ട് വീണ്ടും തുറക്കും,മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

വയനാട്:വൃഷ്ടി പ്രദേശത്ത് കനത്ത മഴ ആയതിനാൽ ബാണാസുര സാഗര്‍ അണക്കെട്ട് വീണ്ടും തുറക്കും. സെക്കന്റിൽ 8500 ലിറ്റർ വെള്ളമാകും ഒഴുക്കി വിടുക.സ്പിൽവേ ഷട്ടർ നാളെ (23-08-2019) ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും. അണക്കെട്ടിന്റെ താഴ്‌വാരത്തുള്ളവർ ആവശ്യമെങ്കിൽ മാറി താമസിക്കണമെന്ന് ഡാം അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

banasura sagar dam reopening

നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 774.35 മീറ്ററാണ്. 
മഴ കനത്തതോടെ നേരത്തെ ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നിരുന്നു. 8.5 ക്യുമെക്സ്‌ അതായത്‌ ഒരു സെക്കന്റിൽ 8500 ലിറ്റർ വെള്ളം എന്ന നിലയിലാണ് ഷട്ടറുകൾ തുറന്നിരുന്നത്. 

775.6 മീറ്ററാണ് ബാണാസുര സാഗറിന്റെ സംഭരണ ശേഷി. കഴിഞ്ഞ വർഷം ബാണാസുര സാഗര്‍ അണക്കെട്ട് പെട്ടെന്ന് തുറന്ന് വിടേണ്ടി വന്നതാണ് വയനാട്ടിലെ പ്രളയം രൂക്ഷമാകാൻ കാരണമായത്.

കക്കയം ഡാമിന്റെ രണ്ട് ഷട്ടറും ഒരടി വീതം തുറക്കാന്‍ അനുമതി നല്‍കി ജില്ലാകളക്ടര്‍ ഉത്തരവായി. 

കുറ്റിയാടി പുഴയുടെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ജില്ലാകളക്ടര്‍ അറിയിച്ചു.

കക്കയം റിസര്‍വോയറില്‍ ഇപ്പോഴത്തെ ജലനിരപ്പ് 2485 അടിയാണ്. വൃഷ്ടിപ്രദേശത്തു ഇപ്പോഴും മഴ തുടരുന്നതിനാല്‍ റിസര്‍വോയറില്‍ ജലനിരപ്പ് ഉയര്‍ന്ന് ഏറ്റവും കൂടിയ ജലനിരപ്പായ 2487 അടി എത്താന്‍ സാധ്യത ഉള്ളതിനാല്‍ ഷട്ടര്‍ ഒരു അടി വീതം തുറക്കാന്‍ അനുമതി നല്‍കണം എന്ന കെ എസ് ഇ ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ അപേക്ഷയെ തുടര്‍ന്നാണ് ഉത്തരവ്.

ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിൽ വ്യാഴാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലെ ഉരുൾപൊട്ടൽ സാധ്യതാ മേഖലയിൽ കഴിയുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

'ഓറഞ്ച്' അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. 

ഉരുള്‍പൊട്ടല്‍/ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെടുകയും ചെയ്ത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കണമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചു.

കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതിൽ തടസ്സമില്ല. എന്നാല്‍, മറ്റ് ചില സമുദ്ര പ്രദേശങ്ങളിൽ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Previous Post Next Post
3/TECH/col-right