Trending

സ്നിഫർ നായ്ക്കൾ ചളിയിൽ താഴ്‍ന്നു: പുത്തുമലയിൽ തെരച്ചിലുകൾ വിഫലം

വയനാട്: വൻ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് പുത്തുമലയിൽ സ്നിഫർ നായ്‍ക്കളെ ഉപയോഗിച്ച് നടത്തിയ തെരച്ചിലും വിഫലം. നായ്ക്കൾ ചെളിയിൽ താഴ്‍ന്നുപോകാൻ തുടങ്ങിയതോടെ, ഇവരെ ഉപയോഗിച്ചുള്ള തെരച്ചിൽ നിർത്തി വച്ചു. ഏഴ് പേരെയാണ് ഇവിടെ നിന്ന് ഇനിയുംകണ്ടെത്താനുള്ളത്.
 


മനുഷ്യശരീരം മണത്ത് കണ്ടെത്താൻ കഴിവുള്ള നായ്‍ക്കളെയാണ് ഇന്ന് രാവിലെ പുത്തുമലയിലെത്തിച്ചത്. ബെൽജിയം മെൽ നോയിസ്‌ ഇനത്തിൽ പെട്ട നായ്ക്കളെ എത്തിച്ചാണ് തെരച്ചിൽ നടത്തിയത്. എറണാകുളത്തെ സ്വകാര്യ ഏജൻസിയാണ് നായ്ക്കളെ എത്തിച്ചത്. പക്ഷേ, ആ തെരച്ചിൽ വിഫലമായി. മാത്രമല്ല, നായ്ക്കളുടെ കാലുകൾ ചെളിയിൽ താഴാനും തുടങ്ങി.

മൃതദേഹം കാണാൻ സാധ്യതയുള്ള സ്ഥലങ്ങളുടെ ഭൂപടം തയ്യാറാക്കിയാണ് തെരച്ചിൽ നടത്തുന്നത്. ഭൂപടത്തിൽ കാണിച്ച സ്ഥലങ്ങളെല്ലാം കുഴിച്ച് നോക്കിയിട്ടും ഏഴിൽ ഒരാളെ പോലും കണ്ടെത്താനായില്ല.

സ്കാനറുകൾ അടക്കമുള്ള സാങ്കേതിക വിദ്യയൊന്നും ഇതുവരെ കൊണ്ടു വന്നിട്ടില്ല. അതൊന്നും പുത്തുമലയിൽ പ്രാവർത്തികമല്ലെന്നാണ് ദുരന്തനിവാരണ സേന പറയുന്നത്. പാറക്കല്ലുകളും മരത്തടികളും നിറഞ്ഞ ദുരന്തഭൂമിയിൽ സ്കാനറുകൾ പരാജയപ്പെടുമെന്നാണ് നിഗമനം.

'ഞങ്ങക്കറിയാം, ചീഞ്ഞ മണ്ണിന്‍റെ മണം ആപത്താന്ന്', കവളപ്പാറയിലെ ആദിവാസി കുടുംബം പറയുന്നു
മലപ്പുറം: തലനാരിഴയ്ക്ക് ജീവൻ തിരിച്ചുകിട്ടിയതിന്‍റെ ആശ്വാസത്തിലാണ് കവളപ്പാറയിലെ കുട്ടനും കുടുംബവും. കുത്തിയൊലിച്ചുവന്ന വെള്ളത്തിന്‍റെ മണത്തില്‍ അസ്വാഭാവികത തോന്നിയതോടെ വീട് വിട്ട് ഇറങ്ങിയോടുകയായിരുന്നു ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടന്‍റെ കുടുംബം. 15 മിനിറ്റിനകം കുട്ടന്‍റെയുള്‍പ്പെടെയുള്ള വീടുകള്‍ മണ്ണില്‍ മൂടി.


''ഒരു ഏഴര - ഏഴേമുക്കാലായി. അപ്പോഴൊക്കെ ഞങ്ങളുടെ വീടിന്‍റെ മുകളിൽ നല്ല മഴ പെയ്യുന്നുണ്ട്. അപ്പോഴാണ് കുറച്ച് വെള്ളം വീടിനരികിലൂടെ കുത്തിയൊലിച്ച് വന്നത്. അപ്പോൾ ഞങ്ങളെടുത്ത് മണത്ത് നോക്കി. ചീഞ്ഞ മണ്ണിന്‍റെ മണാ വര്ന്നത്. നല്ല മേൽമണ്ണിന് വേറെ മണല്ലേ? ആ മണം വെവ്വേറെ അറിയാ'' കുട്ടൻ പറയുന്നു.

എന്തോ ആപത്ത് സംഭവിക്കാൻ പോകുന്നുവെന്ന് ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടന് തോന്നി.''വീട്ടിലെ എല്ലാരും താഴേക്കോടി വന്നു. കുട്ടികളെല്ലാരും ഓടി'', കുട്ടൻ പറയുന്നു. ''നല്ല ഇരുട്ടായിരുന്നു ചുറ്റും. ഒരു തരി വെളിച്ചല്ല. വെളിച്ചല്ലാതെ ഓടി രക്ഷപ്പെട്ടതാണ് ‍ഞങ്ങളെല്ലാരും'', എന്ന് കുട്ടന്‍റെ ഭാര്യ വിജി.പിന്നെ വെറും 10 മിനിറ്റ് മാത്രം. അതിനപ്പുറം കവളപ്പാറ ആ വലിയ ദുരന്തത്തിന് സാക്ഷിയായി.

''തലനാരിഴയ്ക്ക് രക്ഷപ്പെട്ടതാ'', കുട്ടൻ പറയുന്നു. ''ഇപ്പഴും നെഞ്ചിൽ നിന്ന് പോണില്ലത്. എന്‍റെ അച്ഛനുമമ്മേം പോയിട്ടേ .. പോയിട്ടേ..'', നെഞ്ച് നീറി കണ്ണ് നിറഞ്ഞത് തുടച്ച് കുട്ടൻ പറയുന്നു.തൊട്ടുമുകളിലെ വീട്ടിലുണ്ടായിരുന്ന അച്ഛനെയും അമ്മയെയും രക്ഷിക്കാനായില്ല കുട്ടന്. രണ്ട് പേരും ഇപ്പോഴും മണ്ണിനടിയിലാണ്. കവളപ്പാറയ്ക്ക് സമീപമുള്ള പൂളപ്പാടം ദുരിതാശ്വാസ ക്യാമ്പിലാണ് കുട്ടനും വിജിയും രണ്ട് മക്കളും ഇപ്പോഴുള്ളത്.


അസാധ്യമായത് ഒന്നുമില്ലെന്ന് കേരള ജനത തെളിയിച്ചു: സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ സ്വാതന്ത്ര്യദിനം ദു:ഖത്തിന്‍റെ നിഴൽ വീണ പശ്ചാത്തലത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനെ പുനർ നിര്‍മ്മിക്കുന്നതാവണം ഈ സ്വാതന്ത്യ ദിനമെന്നും അദ്ദേഹം പറഞ്ഞു.

"എന്ത് ദുരന്തമുണ്ടായാലും നമ്മൾ തളരരുത്. നമുക്ക് വേണ്ടി മാത്രമല്ല, വരും തലമുറയ്ക്ക് വേണ്ടി കൂടിയാണ് ഈ പരിശ്രമം," അദ്ദേഹം പറഞ്ഞു. 

"സ്വാതന്ത്ര്യം, ജാതി-മത-വംശ-ഉപദേശീയ-സംസ്കാര-ഭാഷ തുടങ്ങിയ ഭേദങ്ങൾക്കെല്ലാം അതീതമായ സാഹോദര്യം ഇന്ത്യാക്കാരിൽ ഊട്ടിയുറപ്പിച്ചു. ഇതിന് അടിത്തറയായത് നമ്മുടെ വിഖ്യാതമായ ഭരണഘടനയാണ്. 

ഭരണഘടനയുടെ മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കണമെന്നതാണ് സ്വാതന്ത്ര്യ ദിനം നൽകുന്ന സന്ദേശം. ഈ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ അപാകതകൾ ഉണ്ടായെങ്കിൽ തിരുത്താൻ ശ്രമിക്കേണ്ടതുണ്ട്," മുഖ്യമന്ത്രി പറഞ്ഞു.

"മതത്തിന്‍റെ പേരിൽ വിവേചനമുണ്ടാകുന്നു, മതത്തിന്‍റെ പേരിൽ പൗരന്മാരെ നീക്കിനിർത്തുന്നു. സമഭാവനയോടെ സർവ്വരും കഴിയുന്ന സാമൂഹികമായ ജീവിതാവസ്ഥ നേടിയെടുക്കാനുള്ള യാത്രയിലാണ് ഇവിടെ പൊതുമേഖലാ സംരംഭങ്ങൾ ഉയർന്നത്. എന്നാൽ അവ തകരുന്നു. സമ്പത്ത് കുത്തകകളിലേക്ക് മാത്രമായി ഒതുങ്ങുന്നു." മുഖ്യമന്ത്രി പറഞ്ഞു.

"ജാതിയുടെ പേരിൽ പൗരന്മാർക്ക് നീതി നിഷേധിക്കപ്പെടുന്നു. തെരുവില്‍ അവർ അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. മനുഷ്യത്വപരമായ സമൂഹം എന്ന പേരിനെ ഇത് കളങ്കപ്പെടുത്തുന്നു. ഭരണഘടനയുടെ ജീവസത്തയാണ് ഫെഡറൽ സ്പിരിറ്റ്. വൈവിധ്യത്തെ ഏക ശിലാരൂപമായ യൂണിറ്ററി സംവിധാനം കൊണ്ട് പകരം വയ്ക്കാനുള്ള ശ്രമം ഉണ്ടായാൽ, ഇതിനെ ഭരണഘടനാ തത്വത്തിന്‍റെ ലംഘനമായേ കാണാനാകൂ."

"കവളപ്പാറയിൽ പോസ്റ്റ‌്മോർട്ടത്തിനായി പളളി വിട്ടു കൊടുത്ത സഹോദരങ്ങൾ രാജ്യത്തെ മഹത്തായ മാതൃകയാണ്. ക്ഷേത്രത്തിന്‍റെ അയൽവഴിയിലൂടെ നടക്കാൻ പോലും സ്വതന്ത്ര്യമില്ലാതിരുന്ന സമുദായങ്ങളിൽപ്പെട്ടവരെ ക്ഷേത്ര പൂജാരിയാക്കി മാറ്റുന്നിടം വരെയെത്തി നവോത്ഥാനത്തിന്‍റെ പുതിയ കാല സംരംഭങ്ങൾ."

"പൊതുവിദ്യാഭ്യാസത്തെ തകർച്ചയിൽ നിന്ന് വീണ്ടെടുത്തത് സർക്കാരിന്‍റെ നേട്ടം. മാലിന്യം നിറഞ്ഞ പുഴകളെയും മറ്റും വീണ്ടെടുത്തു. പൊതുമേഖലയെ ശക്തിപ്പെടുത്തി. ഐടി രംഗത്തെ ആകർഷകമാക്കി."
"പ്രളയം, വിഭവ പ്രതിസന്ധിയുണ്ടാക്കി. അസാധ്യമായി ഒന്നുമില്ലയെന്ന് കേരള ജനത തെളിയിച്ചു. 

അതേ നിശ്ചയദാർഢ്യം തന്നെ ഇപ്പോഴത്തെ വിഷമാവസ്ഥകളിൽ നിന്ന് കരകയറാൻ നമുക്ക് കൈമുതലാകും. നിർഭയമായ മനസ്സും സമുന്നതമായ ശിരസുമുള്ള ജനതയാണ് നമ്മൾ. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ശാസ്ത്ര വിരുദ്ധമായ മനോഭാവങ്ങളെയും ചെറുത്തു തോൽപ്പിക്കണം," മുഖ്യമന്ത്രി സ്വാതന്ത്രദിന പ്രസംഗത്തില്‍ പറഞ്ഞു.

വെള്ളം കയറിയ വീട് വൃത്തിയാക്കാന്‍ ക്യാമ്പില്‍ നിന്നെത്തിയ വയോധികന്‍ ഷോക്കേറ്റ് മരിച്ചു
 
തൃശ്ശൂര്‍: വെള്ളം കയറിയ വീട് വൃത്തിയാക്കാനെത്തിയ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. എറിയാട് അത്താണി എംഐടി സ്കൂളിന് സമീപം പുല്ലാർക്കാട്ട് ആനന്ദൻ (55) ആണ് മരിച്ചത്. 
 
വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് താമസം മാറിയ ആനന്ദനും കുടുംബവും വീട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. വീട് വൃത്തിയാക്കാനായി എത്തിയ ആനന്ദനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 
 

എല്ലാ സേനകൾക്കും ഒരൊറ്റ മേധാവി: സ്വാതന്ത്ര്യദിനത്തിൽ നിർണായക പ്രഖ്യാപനവുമായി മോദി

ദില്ലി: എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനത്തിൽ സേനകളുടെ അധികാരവിന്യാസത്തിൽ സമഗ്രമാറ്റം വരുന്ന നിർണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര, നാവിക, വ്യോമ സേനകൾക്കായി ഒരൊറ്റ തലവനെ നിയമിക്കുമെന്ന് സ്വാതന്ത്യദിനപ്രസംഗത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സർവസേനാ മേധാവി) എന്നായിരിക്കും ആ പദവിയുടെ പേര്. 

''നമ്മുടെ സേന നമ്മുടെ അഭിമാനമാണ്. മൂന്ന് സേനകൾക്കുമിടയിലുള്ള ആശയവിനിമയവും, പ്രവർത്തനത്തിന്‍റെ ഏകോപനവും സമഗ്രമാക്കാനാണ്, എന്‍റെ ഈ പ്രഖ്യാപനം. ഇനി മുതൽ ഇന്ത്യയ്ക്ക് ഒരു സർവസേനാ മേധാവിയുണ്ടാകും. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്നതാകും ഈ പദവിയുടെ പേര്'', ചെങ്കോട്ട പ്രസംഗത്തിൽ മോദിയുടെ പ്രഖ്യാപനം. 
കൃത്യം എട്ട് മണിയ്ക്ക് തന്നെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയർത്തി. ശേഷം 93 മിനിറ്റ് നീണ്ടു നിന്ന പ്രസംഗം. 

'സർവസേനാ മേധാവി' എന്നാലെന്ത്?

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പദവി പുതുതായി രൂപീകരിക്കണമെന്ന ആശയം ഉയർന്നുവന്നത് ആദ്യം ഉയർന്നു വരുന്നത് കാർഗിൽ യുദ്ധകാലത്തിന് ശേഷമാണ്. 1999-ൽ സേനയുടെ സമഗ്ര അഴിച്ചുപണിയ്ക്കായി രൂപീകരിക്കപ്പെട്ട സമിതിയാണ് ഈ നിർദേശം മുന്നോട്ടു വച്ചത്. 

കര, നാവിക, വ്യോമ സേനാമേധാവികളേക്കാൾ ഉയർന്ന പദവിയാണിത്. സായുധ സേനകളും പ്രധാനമന്ത്രിയ്ക്കുമിടയിൽ ഏകോപനത്തിനായുള്ള സുപ്രധാന വ്യക്തിയാകും സർവസേനാമേധാവി. ദേശസുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും, പ്രതിരോധച്ചെലവുകൾ മുതൽ സേനാവിന്യാസം വരെ, എല്ലാം ഈ ഒരു വ്യക്തിയുടെ മേൽനോട്ടത്തിലാകും നടക്കുക. 

കാർഗിൽ യുദ്ധകാലത്ത് ഇന്ത്യൻ സൈന്യത്തിന്‍റെ ഭാഗത്തു നിന്നുണ്ടായ പിഴവുകളും, സുരക്ഷാ വീഴ്‍ചകളും, പാളിച്ചകളും, ബലഹീനതകളും പഠിച്ച് വിലയിരുത്താൻ രൂപീകരിച്ച സമിതിയാണ് സർവസേനാ മേധാവിയെന്ന ആശയം മുന്നോട്ടു വച്ചത്. പാക് നുഴഞ്ഞു കയറ്റക്കാർ എങ്ങനെയാണ് കാർഗിൽ മലനിരകളിലേക്ക് എത്തിയതെന്നും, എന്തുകൊണ്ട് നമ്മുടെ ഇന്‍റലിജൻസ് സംവിധാനങ്ങൾക്ക് ഇത് കണ്ടെത്താനായില്ലെന്നതും സമിതി പഠിച്ചിരുന്നു. 

ഇതിന് ശേഷം സമിതി മുന്നോട്ടുവച്ച നിർദേശം, പ്രതിരോധമന്ത്രിയുടെ ഉപദേശകനായിരിക്കണം സർവസേനാമേധാവി എന്നതാണ്. ഈ ആശയത്തെ ആദ്യ മോദി മന്ത്രിസഭയിലെ ആദ്യ പ്രതിരോധമന്ത്രിയായിരുന്ന മനോഹർ പരീക്കർ സർവാത്മനാ പിന്തുണയ്ക്കുകയും ചെയ്തതാണ്. 
കാർഗിൽ യുദ്ധം വിലയിരുത്തിയ സമിതിയുടെ റിപ്പോർട്ട്, അന്നത്തെ ഉപപ്രധാനമന്ത്രി എൽ കെ അദ്വാനിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല ഉപസമിതി പഠിച്ച ശേഷം അംഗീകരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാ ഈ ആശയം പിന്നീടങ്ങോട്ട് നടപ്പായില്ല. രാഷ്ട്രീയ നേതൃത്വത്തിലും സേനയുടെ ഉന്നതതലങ്ങളിലുമുള്ള ആശയഭിന്നതകളെത്തുടർന്നാണ് നിർദേശം നടപ്പാകാതിരുന്നത്. 

നിലവിൽ സേനാമേധാവികളുടെ സമിതിയുടെ അധ്യക്ഷൻ എയർ ചീഫ് മാർഷൽ ബിരേന്ദർ സിംഗ് ധനോവയാണ്. ചീഫ് ഓഫ് ആർമി സ്റ്റാഫ് എന്ന പദവിയ്ക്ക് സമാനമായ അധികാരങ്ങൾ നിലവിൽ ഈ പദവിക്കില്ല. 
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കാർഗിൽ യുദ്ധകാലത്ത് കരസേനാമേധാവിയായിരുന്ന ജനറൽ വേദ് പ്രകാശ് മാലിക് സ്വാഗതം ചെയ്തു. ഇത് രാജ്യസുരക്ഷയ്ക്ക് അടിത്തറയേകുന്ന സുപ്രധാനപ്രഖ്യാപനമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 


കശ്മീരും പ്രധാനവിഷയം

കശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ഭരണഘടനാ അനുച്ഛേദമായ 370 റദ്ദാക്കിയതിലൂടെ  കശ്മീര്‍ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് സഫലീകരിച്ചതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പ്രളയത്തില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ പ്രയാസപ്പെടുകയാണെന്ന ആശങ്ക പങ്കുവെച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്. എത്രയും പെട്ടെന്ന് ഈ പ്രദേശങ്ങളെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. എല്ലാവര്‍ക്കും ആരോഗ്യമെന്ന ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.

മുത്തലാഖ് നിരോധിച്ചത് രാഷ്ട്രീയ തീരുമാനമായിരുന്നില്ലെന്നും ആ തീരുമാനം മുസ്ലീം സ്ത്രീകളുടെ ശാക്തീകരണത്തിന് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.  പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതാണ് സര്‍ക്കാരിന്‍റെ  അടുത്ത ലക്ഷ്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ജനതയാണ് 2019 തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്, മോദിയല്ല. രാജ്യത്തിനായി വീരമൃത്യുവരിച്ച സൈനികരെ ഈ നിമിഷം ആദരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനായി ജൽ ജീവൻ മിഷൻ നടപ്പാക്കും.   ജനപിന്തുണയുണ്ടങ്കില്വി‍ മാത്രമേ സർക്കാർ സംരംഭങ്ങൾ വിജയിക്കൂ. ആളുകളുടെ മനോഭാവം മാറാതെ സാമൂഹിക പരിഷ്കരണം ലക്ഷ്യം കാണില്ല. അടിസ്ഥാന സൗകര്യ വികസനത്തിനായി നൂറ് ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
 
Previous Post Next Post
3/TECH/col-right