Trending

വെള്ളത്തില്‍ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓഫായ വാഹനം സ്റ്റാര്‍ട്ട് ചെയ്യരുത്

വെള്ളക്കെട്ടിനുള്ളില്‍ വാഹനം നിന്ന് പോകുന്നതാണ് ഈ മഴക്കാലത്ത് പതിവായുണ്ടാകുന്ന വെല്ലുവിളി. ഈ സാഹചര്യത്തില്‍ പരിഭ്രാന്തരാകുന്ന ആളുകള്‍ പിന്നെയും വാഹനം സ്റ്റാര്‍ട്ട് ചെയ്യുകയാണ് പതിവ്. എന്നാല്‍, ഇത് തെറ്റായ കീഴ്‌വഴക്കമാണ്. വെള്ളത്തില്‍ നിന്നുപോയാല്‍ വാഹനം വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാതെ സര്‍വീസ് സ്റ്റേഷന്റെ സഹായം തേടണം.


കുറഞ്ഞ ഗിയറില്‍ ഓടിക്കുക

റോഡിലെ വെള്ളക്കെട്ടിലൂടെ പോകുമ്പോള്‍ വേഗത കുറച്ച് വളരെ പതിയെ പോകുക. കുറഞ്ഞ ഗിയറില്‍ കൂടുതല്‍ റെയ്‌സ് ചെയ്ത് ഓടിക്കുന്നതാണ് കൂടുതല്‍ നല്ലത്. കൂടുതല്‍ റെയ്‌സ് ചെയ്ത് ഓടുക്കുന്ന പുക കുഴലിലൂടെ വാഹനത്തിന്റെ എന്‍ജിനില്‍ വെള്ളം കയറുന്നത് ഒഴിവാക്കാം. റെയ്‌സ് ചെയ്യുന്നതിനൊപ്പം പുക പുറത്തേക്ക് തള്ളുന്നതിലൂടെ വെള്ളം കയറുന്നത് തടയും.

സഡന്‍ ബ്രേക്ക് ഒഴിവാക്കുക

വെള്ളം നിറഞ്ഞ റോഡില്‍ പെട്ടന്നുള്ള ബ്രേക്കിങ് ഒഴിവാക്കുന്നതാണ് അഭികാമ്യം. സാധാരണ റോഡിലെ കുഴികളില്‍ ഇറങ്ങിയാല്‍ ആളുകള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യാറുണ്ട്. എന്നാല്‍, ഇങ്ങനെ ചെയ്യുന്നത് പുക കുഴലില്‍ വെള്ളം കടക്കാന്‍ കാരണമാകും. വെള്ളത്തില്‍ വാഹനം നിര്‍ത്തുമ്പോഴും ചെറുതായി ആക്‌സിലറേറ്റര്‍ അമര്‍ത്തുക.


വാഹനങ്ങള്‍ തമ്മില്‍ അകലം പാലിക്കണം

വെള്ളക്കെട്ടിലൂടെ നീങ്ങുമ്പോള്‍ വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. വാഹനം ഓടുമ്പോള്‍ റോഡില്‍ രൂപപ്പെടുന്ന ഓളങ്ങള്‍ മൂലം പിന്നാലെ വരുന്ന വാഹനത്തിന്റെ എയര്‍ഡാമിലൂടെ വെള്ളം ഉള്ളിലെത്താന്‍ സാധ്യതയുണ്ട്. ചെറുകാറുകളുടെ കാര്യത്തിലാണ് ഇത് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.

ടയറുകളുടെ കാര്യക്ഷമത ഉറപ്പാക്കുക


മഴകാലത്ത് വാഹനം ഉപയോഗിക്കുമ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് മികച്ച ടയറുകള്‍ ഉപയോഗിക്കാനാണ്. വെള്ളം കെട്ടിനില്‍ക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന വഴുവഴുപ്പിനെ നേരിടാനുള്ള കാര്യക്ഷമത ടയറിനുണ്ടാകണം. തേയ്മാനം സംഭവിച്ച ടയറാണെങ്കില്‍ ബ്രേക്ക് ചെയ്യുന്ന സമയത്ത് വാഹനം തെന്നി മാറാനുള്ള സാധ്യത ഏറെയാണ്.

ബ്രേക്ക് ഉണ്ടെന്ന് ഉറപ്പാക്കുക

വെള്ളക്കെട്ടിലൂടെ ഓടിയ കാര്‍ പുറത്തെത്തിയ ശേഷം ബ്രേക്ക് പ്രവര്‍ത്തനക്ഷമമാണോയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം. കാറുകളില്‍ കൂടുതലായി ഡിസ്‌ക് ബ്രേക്കാണ് നല്‍കുന്നത്. വെള്ളത്തിലൂടെ ഓടി വരുന്ന വാഹനത്തിന്റെ ഡിസ്‌കില്‍ ചെളി പിടിച്ചിരിക്കും. അത് വൃത്തിയാക്കിയ ശേഷം മാത്രം വാഹനം ഓടിക്കുക.
Previous Post Next Post
3/TECH/col-right