Trending

ചുരങ്ങളും അന്തര്‍ സംസ്ഥാന പാതകളും തകര്‍ന്നു; ഇതര മേഖലകളില്‍നിന്ന് ഒറ്റപ്പെട്ട് വയനാട്

കോഴിക്കോട് : ശക്തമായ മഴയേത്തുടര്‍ന്ന് വയനാട്ടില്‍നിന്നും കേരളത്തിലെ ഇതര ജില്ലകളിലേക്കും കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള വഴികള്‍ ഗതാഗത യോഗ്യമല്ലാതായി. മറ്റു ജില്ലകളില്‍നിന്നും വയനാട് വഴിയുള്ള എല്ലാ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസുകളും കഴിഞ്ഞദിവസം മുതല്‍ നിര്‍ത്തിവെച്ചിരുന്നു. . താമരശ്ശേരി, പക്രംതളം, നാടുകാണി ചുരങ്ങള്‍ക്കുപുറമേ പാല്‍ച്ചുരവും പേര്യ ചുരവും അപകടാവസ്ഥയിലാണ്. 


ബത്തേരി-മൈസൂര്‍ പാതയില്‍ മുത്തങ്ങയ്ക്ക് സമീപം പൊന്‍കുഴി വെള്ളത്തിനടിയിലായതോടെ ഇതുവഴിയുള്ള ഗതാഗതവും അസാധ്യമായിരിക്കുകയാണ്. കബനിനദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കുട്ട-ഗോണിക്കുപ്പ വഴിയുള്ള ഗതാഗതവും നിലച്ചിരിക്കുകയാണ്. മാനന്തവാടിയില്‍നിന്നുള്ള കെഎസ്ആര്‍ടിസിയുടെ ചില സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ ഇതുവഴിയുള്ളത്.

പക്രംതളം, പാല്‍ച്ചുരം, നാടുകാണി ചുരങ്ങളില്‍ മണ്ണിടിച്ചില്‍ കാരണം ഗതാഗതം നിലച്ചു. തലപ്പുഴ 42-ാം മൈലില്‍ വെള്ളംകയറിയതോടെ പേര്യ ചുരം വഴിയും പുറത്തുകടക്കാനാകാത്ത സ്ഥിതിയിലാണ് വയനാട്ടുകാര്‍. മരങ്ങള്‍ കടപുഴകി വീഴുന്നതും ഗതാഗതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

വ്യാഴാഴ്ച തന്നെ അപകടാവസ്ഥയിലായ താമരശ്ശേരി ചുരം വഴി വലിയ വാഹനങ്ങള്‍ കടത്തിവിടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. അപൂര്‍വ്വമായി ചെറിയ സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇതുവഴി കടന്നുപോകുന്നത്. വെള്ളിയാഴ്ച രാവിലെ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ഉച്ചതിരിഞ്ഞ് വീണ്ടും ശക്തി പ്രാപിച്ചതോടെ വീണ്ടും ആശങ്കയിലായിരിക്കുകയാണ് വയനാട്ടുകാര്‍.


24 മണിക്കൂര്‍ മണ്ണിനടിയിൽ; പുത്തുമലയിലെ അവശിഷ്ടങ്ങളിൽ ജീവനോടെ ഒരാളെ കണ്ടെത്തി

വയനാട്: ഒരു നിമിഷാര്‍ദ്ധത്തിനിടെ മലവെള്ളപ്പാച്ചിലിൽ എല്ലാം നാമാവശേഷമായ വയനാട്ടിലെ പുത്തുമലയിൽ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ജീവന്‍റെ തുടിപ്പുമായി ഒരാൾ .ഇരുപത്തിനാല് മണിക്കൂര്‍ മണ്ണിനടിയിൽ കിടന്ന ആളെയാണ് രക്ഷാ പ്രവര്‍ത്തകര്‍ മണ്ണിനടിയിൽ നിന്ന് വീണ്ടെടുത്തത്. ഇയാളെ മാനന്തവാടി ആശുപത്രിയിലേക്ക് മാറ്റി. 

ഇന്നലെ വൈകീട്ടോടെയാണ് മേപ്പാടി പുത്തുമലയിൽ നാടിനെ നടുക്കിയ ദുരന്തം ഉണ്ടാകുന്നത്. വലിയൊരു മല നിന്നിരുന്നിടം ഇടിഞ്ഞ് താഴ്ന്ന് അപ്പാടെ ഒഴുകി ഒരു പ്രദേശത്തെ ആകെ പ്രളയമെടുത്ത അവസ്ഥയാണ് പുത്തുമലയിൽ കാണാൻ കഴിയുന്നത്. മണിക്കൂറുകൾ പരിശ്രമിച്ചാണ് രക്ഷാ പ്രവര്‍ത്തകര്‍ പുത്തുമലയിലേക്ക് എത്തിപ്പെട്ടത്. 


ഇതിനകം എട്ട് മൃതദേഹം പ്രളയാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അതിനിടയ്ക്കാണ് ഒരാളിൽ ജീവന്‍റെ തുടിപ്പ് കണ്ടെത്തിയത്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാടി അടക്കം വീടുകളും ആരാധനാലയങ്ങളും കടകളും വാഹനങ്ങളും എല്ലാം ഒലിച്ച് പോയ അവസ്ഥയിലാണ് ഇപ്പോൾ പുത്തുമല ഉള്ളത്. 

അതിനിടെ വയനാട് മേപ്പാടിയിലെ പുത്തുമലയിലെ രക്ഷാപ്രവർത്തനത്തിന് കനത്ത മഴ തടസമാകുന്നതായി മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ദുരന്ത സാധ്യത നിലനിൽക്കുന്നതിനാൽ  പരമാവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്. 

മൃതദേഹങ്ങൾ സൂക്ഷിക്കാനായി വിവിധ ആശുപത്രികളിൽ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും പുത്തുമല സന്ദർശിച്ചശേഷം  എ കെ ശശീന്ദ്രൻ  പറഞ്ഞു.ഇരുട്ടും മഴയും മോശം കാലാവസ്ഥയും തുടരുന്നതിനാൽ രക്ഷാ പ്രവര്‍ത്തനം നീട്ടിക്കൊണ്ട് പോകാനാകാത്ത അവസ്ഥയും ഉണ്ട്.

വ്യാജപ്രചാരണത്തിന് എതിരെ കെഎസ്ഇബി; തുറന്നുവിട്ടത് ചില ചെറുകിട ഡാമുകള്‍ മാത്രം

തിരുവനന്തപുരം: മുഴുവന്‍ ഡാമുകളും തുറന്നുവിട്ടെന്ന വ്യാജസന്ദേശം പ്രചരിപ്പിക്കുന്നതിനെതിരെ കെഎസ്ഇബി. കെഎസ്ബിയുടെ   ഇടുക്കി, പമ്പ, കക്കി, ഷോളയാർ, ഇടമലയാർ, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വൻകിട ഡാമുകളിലെല്ലാം കൂടി നിലവിൽ 30% ത്തിൽ താഴെയാണ് വെള്ളമുള്ളതെന്ന് കെഎസ്‍ഇബി അറിയിക്കുന്നു. 


പ്രചരിക്കുന്നതി വ്യാജസന്ദേശത്തില്‍ നിന്നും വിഭിന്നമായി ഇതുവരെ തുറന്നുവിട്ടിട്ടുള്ളത് ചില ചെറുകിട ഡാമുകള്‍ മാത്രമാണെന്ന്  കെഎസ്‍ഇബിയുടെ അറിയിപ്പ്.
  
മഴക്കെടുതി: അനുഭാവപൂർണമായ പ്രതികരണമാണ് കേന്ദ്രത്തില്‍ നിന്നെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: കേരളത്തിൽ പ്രളയം മൂലം ഉണ്ടായിട്ടുള്ള ദുരവസ്ഥയുടെ വിശദശാംശങ്ങൾ  കേന്ദ്രസർക്കാരിന്റെയും പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തെയും അറിയിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻ പിള്ള. സംസ്ഥാനത്തേക്ക് ദുരിതാശ്വാസം എത്തിക്കണമെന്ന്   കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 

തികച്ചും അനുഭാവപൂർണമായ പ്രതികരണമാണ് കേന്ദ്രത്തിൽ നിന്ന് ഉണ്ടായതെന്നും കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ അടിയന്തര സഹായമെത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുള്ളതായും ബിജെപി സംസ്ഥാന അധ്യക്ഷൻ വെളിപ്പെടുത്തി.

ഒരു വർഷത്തിനുള്ളിൽ വീണ്ടും പ്രളയത്തിലാണ്ട കേരളത്തിലെ ജനങ്ങളുടെ സേവനത്തിനും സഹായത്തിനുമായി മുഴുവൻ പാർട്ടി പ്രവർത്തകരും യുദ്ധകാലാടിസ്ഥാനത്തിൽ രംഗത്തിറങ്ങണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.  

ഓരോ പാർട്ടി പ്രവർത്തകനും ഒരു ദുരിതാശ്വാസപ്രവർത്തകനായി മാറണമെന്ന് ശ്രീധരന്‍ പിള്ള വാര്‍ത്താകുറിപ്പിലൂടെ പ്രവർത്തകർക്ക് നിർദ്ദേശം നൽകി.  ജാതി, മത, കക്ഷി പരിഗണനകളൊന്നുമില്ലാതെ പ്രളയബാധിതരെ സഹായിക്കുന്നതിന്  മുൻഗണന നൽകണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.

ഭീതിയുടെ നിമിഷങ്ങളിലും വ്യാജവാര്‍ത്തകള്‍ പരക്കുന്നു: കേസെടുക്കുമെന്ന് പൊലീസ്

തിരുവനന്തപുരം: കേരളം മൊത്തത്തില്‍ പ്രളയഭീതി നേരിടുമ്പോള്‍ സമൂഹമമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തലവേദന സൃഷ്ടിക്കുന്നു. നാളെ കേരളത്തിലെവിടെയും വൈദ്യുതി ഉണ്ടാവില്ലെന്ന് കെഎസ്ഇബി അറിയിച്ചു, എടിഎമ്മുകളില്‍ പണം തീരാന്‍ പോകുന്നതിനാല്‍ ഉടനെ പോയി പണം പിന്‍വലിക്കുക, പെട്രോള്‍ പമ്പുകളില്‍ ഇന്ധനക്ഷാമം നേരിടുന്നു അതിനാല്‍ പരമാവധി പെട്രോളടിച്ചു വയ്ക്കുക എന്നൊക്കെയാണ് ഇപ്പോള്‍ വാട്സാപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളിലുള്ളത്. 

സാമാന്യയുക്തിക്ക് പോലും നിരക്കാത്ത തരത്തിലുള്ളവയാണ് പ്രചരിക്കുന്ന സന്ദേശങ്ങളില്‍ പലതുമെങ്കിലും ഇടവലം നോക്കാതെ പലരും ഇതെല്ലാം ഫോര്‍വേര്‍ഡ് ചെയ്യുകയാണ്. 
കാലവര്‍ഷക്കെടുതി ശക്തമായതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിന് കീഴിലെ വിവിധ വകുപ്പുകളും ഏജന്‍സികളുമെല്ലാം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ജനജീവിതത്തെ ബാധിക്കുന്ന ചെറുതും വലുതുമായ എല്ലാ വിവരങ്ങളും ഫേസ്ബുക്ക് പേജുകളിലൂടേയും മറ്റും തത്സമയം അറിയിപ്പായി വരുന്നുണ്ട്. ഇതിനിടയിലാണ് ചില കുബുദ്ധികള്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. അവശ്യവസ്തുകളുടെ ക്ഷാമത്തിനടക്കം ഇത്തരം ഫോര്‍വേര്‍ഡ് സന്ദേശങ്ങള്‍ കാരണമാവാന്‍ തുടങ്ങിയതോടെ പ്രശ്നത്തില്‍ പൊലീസും ഇടപെടുകയാണ്.  
 ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തില്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ഇത്തരം ഘട്ടങ്ങളില്‍ പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പൊലീസ് ഓര്‍മ്മിപ്പിക്കുന്നു. നാളെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന വ്യാജവാര്‍ത്ത വിശ്വസിക്കരുതെന്ന് വൈദ്യുതിമന്ത്രി എംഎം മണിയും ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

മീനച്ചിലാര്‍ പുഴ കര കവിഞ്ഞൊഴുകി; വെള്ളത്തിൽ മുങ്ങി പാല ന​ഗരം

കോട്ടയം: കനത്ത മഴയെത്തുടർന്ന് മീനച്ചിലാർ പുഴ കരകവിഞ്ഞൊഴുകിയതോടെ കോട്ടയം പാല ​ന​ഗരം വെള്ളത്തിനടിയിലായി. പുലര്‍ച്ചെ നാല് മണിയോടെയാണ് പാല നഗരം വെള്ളത്തിനടിയിലായത്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളത്തിന്റെ ഒഴുക്ക് ശക്തമാകുകയാണ്. ഇന്ന് പുലര്‍ച്ചെ ഈരാറ്റുപേട്ട അടുക്കത്ത് ഉരുള്‍പൊട്ടലുണ്ടായി.
ഉരുള്‍‍പൊട്ടലിന്‍റെ ആഘാതത്തിലാണ് മീനച്ചിലാറ്റിലേക്ക് വെള്ളം കുതിച്ചൊഴുകിയത്. 

ന​ഗരത്തിലടക്കം വാഹനഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. നഗരത്തിലെ കടകള്‍ വെള്ളം കയറി നശിച്ചു. ഈരാറ്റുപേട്ട കോസ് വേ പാലം പൂര്‍ണ്ണമായും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ഈരാറ്റുപേട്ട നഗരത്തിലും വെള്ളം ഉയരാൻ തുടങ്ങിയിട്ടുണ്ട്. ഇവിടെയുള്ള മൂന്ന് തുരുത്തുകളും ഒറ്റപ്പെട്ട നിലയിലാണ്. മണ്ണിടിച്ചിൽ ശക്തമായതിനെ തുടർന്ന് വാഗമണ്‍ റൂട്ടിലേക്കുള്ള യാത്ര ദുഷ്കരമായി.

അതേസമയം, മണിമലയാർഡ പുഴയും കരകവിഞ്ഞൊഴുകുകയാണ്. പുഴയിലൂടെ ഇഴജന്തുക്കള്‍ ഒഴുകി വരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നതായി അധികൃതർ പറഞ്ഞു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലേക്ക് എളുപ്പം വെള്ളം കയറാൻ സാധ്യതയുള്ളതിനാല്‍ ജില്ലാഭരണകൂടം മുൻകരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.

തലയോലപ്പറമ്പില്‍ സ്കൂളിന് മുകളില്‍ വീണ മരം മുറിക്കാൻ കയറിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥൻ കാല്‍ തെന്നി താഴെ വീണ് അപകടം സംഭവിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ അഭിജിത്തിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ ആകെ 20 ക്യാമ്പുകളിലായി 404 പേര്‍ കഴിയുന്നതായാണ് റിപ്പോർട്ട്.

കനത്ത മഴയിൽ ഇന്ന് 104 വീടുകള്‍ക്ക് കേടുപാടുകളുണ്ടായിട്ടുണ്ട്. ഏറ്റുമാനൂരില്‍ രാവിലെ പാളത്തില്‍ മരം വീണതിനെത്തുടര്‍ന്ന് ട്രെയിൻ ഗതാഗതം ഒന്നര മണിക്കൂര്‍ തടസപ്പെട്ടു. ഉച്ചയ്ക്ക് ശേഷം മഴ കാര്യമായി പെയ്യാത്തത് കോട്ടയത്തിന് നേരി‌യ ആശ്വാസം നല്‍കുന്നുണ്ട്. 

2018 ആവര്‍ത്തിക്കരുത്, ഡാമുകള്‍ തുറക്കുമ്പോള്‍ ജാഗ്രത വേണം'; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഡാമുകൾ തുറന്നു വിടുമ്പോൾ ജാഗ്രത വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2018 ആവർത്തിക്കരുതെന്നും വീഴ്ചക്കുറവുകൊണ്ട് ജനങ്ങൾ ദുരിതത്തിലാകരുതെന്നും ചെന്നിത്തല പറഞ്ഞു.

സുരക്ഷാ ക്രമീകരണങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് കളക്ടർമാർ അറിയിച്ചത് കൊണ്ടാണ് രാഹുല്‍ ഗാന്ധി എത്താത്തത്. മൂന്ന് കളക്ടര്‍മാരാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  
അതേസമയം കേരളത്തിലെയും പ്രത്യേകിച്ച് വയനാട്ടിലെ മഴയും മണ്ണിടിച്ചിലും  രാഹുല്‍ ഗാന്ധി  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. 

അടിയന്തര സഹായങ്ങളും ആവശ്യപ്പെട്ടു. കാലവര്‍ഷക്കെടുതി നേരിടാന്‍ കേരള സര്‍ക്കാരിന് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പും നൽകിയതായി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് വ്യക്തമാക്കി.

Previous Post Next Post
3/TECH/col-right