കോഴിക്കോട് ബസ് തലകീഴായി മറിഞ്ഞ് 23 പേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനിൽ ബസ് തലകീഴായി മറിഞ്ഞ് 23 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. രാവിലെ പത്ത് മണിയോടെയാണ് അപകടം. 

 
കൂടരഞ്ഞി - കോഴിക്കോട് റൂട്ടിൽ ഓടുന്ന എലാൻട്ര എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.തൊണ്ടയാട് സിഗ്നലിന് സമീപം ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട് എതിർവശത്തേക്ക് മറിയുകയായിരുന്നു.ബസിന്‍റെ ചക്രങ്ങൾ തേഞ്ഞ നിലയിലാണ്. ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കിയതായി ആർ.ടി.ഒ അറിയിച്ചു.


മൂന്ന് ബസുകള്‍ ഒന്നിന് പുറകെ ഒന്നായി അമിത വേഗത്തില്‍ വരികയായിരുന്നുവെന്നും ഇതില്‍ രണ്ടാമത്തെ ബസാണ് അപകടത്തില്‍പ്പെട്ടതെന്നും നാട്ടുകാര്‍ പറയുന്നു. 


അമിതവേഗതയാണ് അപകടകാരണമന്നാണ് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞവര്‍ഷവും ഇതേസ്ഥലത്ത് ബസ് അപകടം നടന്നിരുന്നു.

നഗരത്തിൽ ഒന്നരവർഷത്തിനിടെ വാഹനാപകടത്തിൽ മരിച്ചത് 183 പേർ

കോഴിക്കോട്: നഗരത്തിൽ ഒന്നര വർഷത്തിനിടെ വാഹനാപകടത്തിൽ മരിച്ചത് 183 പേർ. 2018-ലും 2019 ജൂൺവരെയുള്ള കണക്കാണിത്. 20-നും 30-നുമിടയിൽ പ്രായമുളള 95 പേരുടെ ജീവൻ നഷ്ടപ്പെട്ടു. 2018-ൽ‍ 84 പേരാണ് അപകടത്തിൽ മരിച്ചത്. 


ഈവർഷം ആറുമാസത്തിനിടെ 99 പേരുടെ ജീവൻ പൊലിഞ്ഞു. എല്ലാദിവസവും മോട്ടോർ സൈക്കിൾ, സ്കൂട്ടർ യാത്രക്കാർ അപകടത്തിൽപെടുന്നു. രണ്ടുമുതൽ അഞ്ചുവയസ്സുവരെയുള്ള നാലുകുട്ടികൾ മരിച്ചു. യുവാക്കൾ കഴിഞ്ഞാൽ 60-നും 65-നുമിടയിൽ പ്രായമുള്ളവരാണ് മരിച്ചവരിൽ ഏറെയും.

കഴിഞ്ഞ ഒന്നരവർഷത്തിനുള്ളിൽ നഗരത്തിൽ കെ.എസ്.ആർ.ടി.സി. ബസ്സിടിച്ച് മരിച്ചത് മൂന്നുപേരാണ്. മറ്റെല്ലാം ഇരുചക്രവാഹനങ്ങൾ, സ്വകാര്യ ബസുകൾ, ലോറികൾ, ടിപ്പർ ലോറികൾ, കാറുകൾ, ഓട്ടോറിക്ഷകൾ എന്നിവ ഇടിച്ചുണ്ടായ അപകടങ്ങളാണ്. പശു, നായ എന്നിവ റോഡ് മുറിച്ചുകടന്നതിനെ തുടർന്നുണ്ട‌ായ അപകടങ്ങളിൽ ഈ കാലയളവിൽ രണ്ടുപേർ മരിച്ചു.

അപകടങ്ങൾക്കിരയാകുന്നവരിൽ 40 ശതമാനത്തിലേറെയും ഇരുചക്രവാഹനക്കാരാണെന്ന് ഉത്തരമേഖല ട്രാഫിക് എസ്.പി. കെ.കെ. മാർക്കോസ് പറഞ്ഞു. ഇരുചക്രവാഹനയാത്രക്കാർ ഹെൽമറ്റ് ധരിക്കുന്നതും കാർ യാത്രക്കാർ സീറ്റ് ബെൽട്ട് ഇടുന്നതും നിർബന്ധമാക്കി സുപ്രീം കോടതിയുടെ പുതിയ വിധിയുണ്ട്. 


ഈ വിധി നടപ്പാക്കുന്നതിന്റെ മുന്നോടിയായി മോട്ടോർ വാഹനവകുപ്പും ട്രാഫിക്ക് അധികൃതരുമെല്ലാം ബോധവത്‌കരണ പരിപാടികൾ തുടരുകയാണ്. ഇതിനുശേഷം നിയമം കർശനമാക്കാനാണ് ഉദ്ദേശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

0 Comments