Trending

കനത്ത മഴയില്‍ കോഴിക്കോടിന്റെ കിഴക്കന്‍ മലയോരം ഭീതിയില്‍

താമരശ്ശേരി: മഴ കനത്തതോടെ കോഴിക്കോടിന്റെ കിഴക്കന്‍ മലയോരം ഭീതിയില്‍. പുഴകളും തോടുകളും മിക്കയിടങ്ങളിലും കര കവിഞ്ഞൊഴുകുന്നത് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ഭീതിയിലാക്കുകയാണ്. പൂനൂര്‍ പുഴ, ചാലിപ്പുഴ, ഇരുവഞ്ഞിപ്പുഴ എന്നിവയിലെല്ലാം ക്രമാതീതമായാണ് വെള്ളം ഉയരുന്നത്. 


13 പേരുടെ ജീവനെടുത്ത ഉരുള്‍ പൊട്ടലിന്റെ ഭീതി അകലും മുന്നെ കരിഞ്ചോലയില്‍ വീട്ടുമുറ്റത്തെ കിണര്‍ താഴ്ന്നു പോയി. കരിഞ്ചോലയില്‍ ഇഖ്ബാലിന്റെ വീട്ടുമുറ്റത്തെ കിണറാണ് ആളുകള്‍ നോക്കി നില്‍ക്കെ താഴ്ന്നു പോയത്. രാവിലെ ഇഖ്ബാലിന്റെ ഭാര്യയാണ് കിണറിന്റെ ആല്‍മറ പൊട്ടിയതായി കണ്ടത്. തുടര്‍ന്ന് പമ്പ് സെറ്റ് എടുത്തുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും ഇടിഞ്ഞു. പത്തുമണിയോടെ കിണര്‍ പൂര്‍ണമായും താഴ്ന്നുപോയി.

ഉരുള്‍പൊട്ടലുണ്ടായ കരിഞ്ചോല മലയില്‍ നിന്നുള്ള മലവെള്ളപ്പാച്ചില്‍ പ്രദേശവാസികളെ ഭീതിയിലാക്കുകയാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ മുന്‍കരുതലുകളോടെയാണ് കഴിയുന്നത്.

താമരശ്ശേരി വാടിക്കല്‍ നെല്ലോട്ടുപൊയില്‍ രതീഷിന്റെ വീടിന്റെ മുന്‍ഭാഗത്തെ സംരക്ഷണ ഭിത്തി തകര്‍ന്ന് വീട് അപകടാവസ്ഥയിലായി.

കാരാട്ട് റസാഖ് എം എല്‍ എ, തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.വീടിനു വിള്ളലുകള്‍ സംഭവിച്ചതിനാല്‍ വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് മാറി.

ഓമശ്ശേരി ചുണ്ടക്കുന്ന് നാല് സെന്റ് കോളനിയിലെ വേലായുധന്റെയും കാന്തപുരം ചോയിമഠം കെ കെ അന്‍സാറിന്റെയും വീടിനോടുചേര്‍ന്നുള്ള മതില്‍ ഇടിഞ്ഞത് വീടുകള്‍ക്ക് ഭീഷണിയാണ്.

അടിയന്തിര സാഹചര്യം നേരിടാന്‍ മുക്കം ഫയര്‍ഫോഴ്‌സിന്റെ ഒരു യൂണിറ്റ് താമരശ്ശേരിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. താലൂക്ക് ഓഫീസില്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്.
Previous Post Next Post
3/TECH/col-right