മസ്‍കത്ത്: ജൂലൈ ഏഴ് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ 877 സര്‍വീസുകള്‍ റദ്ദാക്കിയതായി ഒമാന്‍ എയര്‍ അറിയിച്ചു. ബോയിങ് 737 മാക്സ് വിഭാഗത്തില്‍പെട്ട വിമാനങ്ങള്‍ക്ക് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം തുടരുന്ന പശ്ചാത്തലത്തിലാണ് സര്‍വീസുകള്‍ റദ്ദാക്കിയത്.

  മുംബൈ, ഹൈദരാബാദ്, ജിദ്ദ, ദുബായ്, ജയ്‍പൂര്‍, കാഠ്‍മണ്ഡു, കൊളംബോ, അമ്മാന്‍, കുവൈത്ത്, മദീന, ദോഹ, കോഴിക്കോട്, സലാല, റിയാദ്, ഏതന്‍സ്, ഗോവ, ജയ്‍പൂര്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയവയില്‍ പ്രധാനം. 

ഏത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണ് 157 പേര്‍ മരിച്ച സംഭവത്തിന് പിന്നാലെ കഴിഞ്ഞ മാര്‍ച്ച് മുതലാണ് ബോയിങ് 737 വിഭാഗത്തില്‍പെട്ട വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പകരം വിമാനങ്ങളിലോ അല്ലെങ്കില്‍ തൊട്ടടുത്ത തീയതികളിലുള്ള സര്‍വീസുകളിലോ യാത്രാ സൗകര്യമൊരുക്കുമെന്ന് ഒമാന്‍ എയര്‍ അറിയിച്ചിട്ടുണ്ട്. 

യാത്രയ്ക്ക് മുന്‍പ് വിമാനത്തിന്റെ തത്സമയ വിവരങ്ങള്‍ പരിശോധിക്കുകയോ അല്ലെങ്കില്‍ +96824531111 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യണമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.