ഇടുക്കി: ഭൗമസൂചിക പദവി ലഭിച്ചതിന് പിന്നാലെ മറയൂരിൽ നിന്ന് 6,500 കിലോ വ്യാജശർക്കര കർഷകർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തമിഴ്നാട്ടിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ശർക്കരയാണ് പിടികൂടിയത്. ശർക്കര കടത്തിയ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു.

  മറയൂർ ശ‍ർക്കരയെന്ന പേരിൽ വ്യാജശർക്കര വിപണിയില്‍ എത്തിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ഭൗമസൂചിക പദവി വിളംബര ചടങ്ങിൽ കൃഷിമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ കർഷകർ മറയൂരിൽ നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ നിന്ന് 130 ചാക്ക് വ്യാജ മറയൂർ ശർക്കര കണ്ടെടുത്തത്. 

തമിഴ്‌നാട്ടിൽ നിന്നും ലോറിയിലെത്തിച്ച ശര്‍ക്കര മറയൂർ ശര്‍ക്കരയുമായി കലര്‍ത്തുന്നതിനിടെ കരിമ്പ് കര്‍ഷകരെത്തി തടയുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് മറയൂർ പൊലീസെത്തി വ്യാജശ‍ർക്കര പിടിച്ചെടുത്തു.

തമിഴ്നാട്ടിൽ ഉത്പാദിപ്പിക്കുന്ന ശർക്കര മറയൂർ ശർക്കരയുടെ രൂപത്തിലാക്കി സംസ്ഥാനത്ത് വ്യാപകമായി വിറ്റഴിക്കുന്നതായി ആരോപണമുണ്ട്. നേരത്തെയും ഇത്തരം വ്യാജശ‍ർക്കര കണ്ടെടുത്തിരുന്നെങ്കിലും നിയമനടപടികൾ സ്വീകരിക്കുന്നതിന് പരിമിതികളുണ്ടായിരുന്നു. ഭൗമസൂചിക പദവി ലഭിച്ചതോടെ ഈ തടസം നീങ്ങിയെന്ന് കൃഷിമന്ത്രി അറിയിച്ചു.