ഫ്രാഞ്ചൈസിയുടെ മറവിൽ മദേഴ്സ് ക്ലിനിക്ക് കോടികൾ തട്ടി; പരാതിയുമായി പ്രവാസികൾ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 19 July 2019

ഫ്രാഞ്ചൈസിയുടെ മറവിൽ മദേഴ്സ് ക്ലിനിക്ക് കോടികൾ തട്ടി; പരാതിയുമായി പ്രവാസികൾ

കോഴിക്കോട്: ഫ്രാഞ്ചൈസി തുടങ്ങാനെന്ന പേരിൽ പ്രവാസികളിൽ നിന്നും വിരമിച്ച സൈനികരിൽ നിന്നും പ്രശസ്തരായ മദേഴ്സ് ക്ലിനിക്ക് എന്ന സ്ഥാപനം കോടികൾ തട്ടിയതായി പരാതി. രോ​ഗികൾക്ക് കുറഞ്ഞ ചെലവിൽ അടിസ്ഥാന ആരോ​ഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന ക്ലിനിക്ക് തുടങ്ങാനായി സമീപിക്കുന്ന പ്രവാസികളെയാണ് കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാർക്കിൽ പ്രവർത്തിക്കുന്ന മദേഴ്സ് ക്ലിനിക്ക് അഞ്ചു ലക്ഷം രൂപ വീതം വാങ്ങി കബളിച്ചതെന്നാണ് ആരോപണം.

49 രൂപയ്ക്ക് ഡോക്ടർ രോ​ഗികളെ പരിചരിക്കുമെന്നും മരുന്നുകൾ 60 ശതമാനം വരെ വിലകുറച്ച് നൽകുമെന്നും മൊത്തം വിറ്റുവരവിന്റെ 20 ശതമാനം ലാഭം (മാസം ഒന്നരലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെ) തരാം എന്നൊക്കെ വാ​ഗ്ദാനം ചെയ്താണ് കമ്പനി അധികൃതർ ഫ്രാഞ്ചൈസി ഉടമകളെ പറ്റിച്ചതെന്ന് തട്ടിപ്പിനിരയായ പഴയന്നൂർ പബ്ലിക് ചാരിറ്റബിൾ സൊസൈറ്റി മാനേജിങ് ട്രസ്റ്റി എം ഹക്കീം കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 


വാ​ഗ്ദാനത്തിൽ വഞ്ചിതരായി ഫ്രാഞ്ചൈസികൾ തുടങ്ങിയ തങ്ങൾക്ക് നൽകിയ പണത്തോടൊപ്പം ഉപകരണങ്ങൾ വാങ്ങിയ സ്ഥാപനം ചിട്ടപ്പെടുത്തിയ വകയിലും ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർക്കുള്ള ശമ്പള വകയിലും ലക്ഷങ്ങളുടെ അധിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നതെന്നും ഹക്കീം വ്യക്തമാക്കി.

ഇത്തരത്തിൽ ഓരോ ഫ്രാഞ്ചൈസി ഉടമകൾക്കും ഏകദേശം ഏഴു ലക്ഷം രൂപ വീതമാണ് നഷ്ടം വന്നിട്ടുള്ളതെന്ന് ഹക്കീം ന്യൂസ്ടാ​ഗ് ലൈവിനോടു പറ‍ഞ്ഞു. കേരളത്തിൽ മാത്രം ഏകദേശം 150ഓളം പേർ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതു കൂടാതെ ക്ലിനിക്ക് തുടങ്ങാതെ തന്നെ അഡ്വാൻസായും പണം വാങ്ങിയിട്ടുണ്ട്. ഇതെല്ലാം കൂടി ആകെ 40 കോടിയോളം രൂപ നിരവധി ഇടപാടുകാരിൽ നിന്ന് കമ്പനി തട്ടിയിട്ടുണ്ടെന്നും ഹക്കീം വ്യക്തമാക്കി.

​പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ തനിക്ക് രോ​ഗികളെ സഹായിക്കാനായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആ​ഗ്രഹമെന്നും ഇതിനായാണ് പഴയന്നൂർ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങിയതെന്നും ഹക്കീം പറയുന്നു. പഴയന്നൂരിൽ മറ്റ് ക്ലിനിക്കുകളോ ആശുപത്രികളോ ഇല്ല. അതിനാൽ കൈയിലുള്ള പണം കൊണ്ട് ഒരു ക്ലിനിക്ക് തുടങ്ങാൻ തീരുമാനിച്ചു. ഇതിനായി അന്വേഷിച്ചപ്പോഴാണ് മദേഴ്സ് ക്ലിനിക്ക് എന്ന സ്ഥാപനം ഇത്തരം സേവനങ്ങൾ ലഭ്യമാക്കുന്നുണ്ടെന്ന് അറിഞ്ഞതെന്നും ഹക്കീം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 

ക്ലിനിക്കിനായി താൻ വാടക്യ്ക്ക് നൽകിയിരുന്ന കടമുറികൾ ഒഴിപ്പിച്ചു. തുടർന്ന് കമ്പനിയുടെ വെബ്സൈറ്റ് പരിശോധിക്കുകയും ഫ്രാഞ്ചൈസി തുടങ്ങാനുള്ള അപേക്ഷ നൽകുകയും ചെയ്തു. തുടർന്ന് ഏപ്രിൽ 14ന് നടന്ന അഭിമുഖത്തിൽ അവരുടെ ഉപാധികൾ അം​ഗീകരിച്ച് കരാറിൽ ഒപ്പുവച്ചു. തുടർന്നാണ് ഡയറക്ടർമാർ ആവശ്യപ്പെട്ടതു പ്രകാരം അഞ്ചു ലക്ഷം രൂപ നൽകിയത്.

ശേഷം, പഴയന്നൂരിലെ തന്റെ തന്നെ കെട്ടിടത്തിൽ മെയ് അ‍ഞ്ചിന് ഫ്രാഞ്ചൈസി തുടങ്ങുകയും വിനോജ് എന്ന ഡോക്ടറെ നിയമിച്ച് പിറ്റേ ദിവസം മുതൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. അതിനു ശേഷം കമ്പനി അധികൃതരെ വിളിച്ചാൽ കിട്ടാതായെന്നും യാതൊരു തരത്തിലുമുള്ള ആശയവിനിമയവും നടത്താൻ സാധിക്കാതെ വരികയും ചെയ്തതായി ഹക്കീം വ്യക്തമാക്കുന്നു. 

അങ്ങനെ ക്ലിനിക്കിന്റെ പ്രവർത്തനം നിലച്ചതോടെ ഉപകരണങ്ങളൊക്കെ ഉപയോ​ഗ്യശൂന്യമാവുകയും ഡോക്ടർ അടക്കമുള്ളവരുടെ ശമ്പളം മുടങ്ങുകയും ചെയ്തു. ഡോക്ടറുടെ ശമ്പളം കമ്പനി നൽകുമെന്നായിരുന്നു ഡയറക്ടർമാർ അറിയിച്ചിരുന്നത്. എന്നാൽ അത് നൽകിയില്ല. പിന്നീട് താൻ ഇവരുടെ വെബ്സൈറ്റിൽ കയറി നോക്കിയപ്പോഴാണ് ഓരോ ഡയറക്ടമാരും ഇതേ സ്വഭാവത്തിലുള്ള മറ്റേതെങ്കിലും കമ്പനിയുടെ കൂടി ഡ‍യറക്ടർമാരാണ് എന്ന സത്യം മനസ്സിലായതെന്നും ഹക്കീം വിശദമാക്കുന്നു. 

ഫ്രാഞ്ചൈസി തുടങ്ങാനായി പണം വാങ്ങുകയും പിന്നീട് കബളിപ്പിക്കുകയും ചെയ്തതിലൂടെ തന്നെ പോലെ നിരവധി പേർക്കാണ് ലക്ഷങ്ങളുടെ ബാധ്യതയുണ്ടായതെന്ന് ഹക്കീം വിശദമാക്കുന്നു. ഇത്തരത്തിൽ വിശ്വാസവഞ്ചന കാണിച്ചതിലൂടെ ഇന്ത്യയൊട്ടാകെ നിരവധി പേർ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. 

അതിനാൽ മദർ ക്ലിനിക്ക് പദ്ധതിയിലൂടെ കോടികളുടെ തട്ടിപ്പ് നടത്തിയ കമ്പനിക്കെതിരെ ദേശീയതലത്തിൽ അന്വേഷണം നടത്തുകയും അധികൃതർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. കൂടാതെ, താനടക്കുള്ള ഇരകളുടെ പണം തിരികെ ലഭ്യമാക്കാനും നഷ്ടപരിഹാരം നൽകാനും അവരുടെ ഉപകരണങ്ങൾ തന്റെ സ്ഥലത്തുനിന്നും തിരിച്ചുകൊണ്ടുപോകാനും നിർദേശം നൽകണമെന്നും പരാതിയിൽ പറയുന്നു.

No comments:

Post a Comment

Post Bottom Ad

Nature