ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് വഴിയുള്ള ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി സേവനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കുന്നത് നിര്‍ത്തുകയാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ജൂലായ് ഒന്ന് മുതല്‍ ഈ മാറ്റം നിലവില്‍ വന്നതായി എസ്ബിഐ അറിയിച്ചു. 

കൂടാതെ ഐഎംപിഎസ് (ഇമീഡിയേറ്റ് പേമന്റ് സര്‍വീസ്) പണമിടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നത് ഓഗസ്റ്റ് ഒന്നുമുതല്‍ അവസാനിപ്പിക്കും.

ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ, മൊബൈല്‍ ബാങ്കിങ് സേവനങ്ങള്‍ വഴിയുള്ള ആര്‍ടിജിഎസ് ( റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്), എന്‍ഇഎഫ്ടി (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സിസ്റ്റം) ഇടപാടുകള്‍ക്കാണ് എസ്ബിഐ പണമീടാക്കിയിരുന്നത്.

ജൂലായ് ഒന്നിന് മുമ്പ് എന്‍ഇഎഫ്ടി ഇടപാടിന് ഒരു രൂപ മുതല്‍ അഞ്ച് രൂപവരെയു ആര്‍ടിജിഎസ് ഇടപാടിന് അഞ്ച് മുതല്‍ 50 രൂപവരെയുമാണ് ഈടാക്കിയിരുന്നത്.

ജൂലായ് മുതല്‍ ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി പണമിടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കരുതെന്ന് റിസര്‍വ് ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു