ദുബൈ:ദുബൈയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ ഇടപാടുകൾ അനുവദിക്കുന്ന 16മത്തെ കറൻസിയാണ് ഇന്ത്യൻ രൂപ. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ ഇനി ഇന്ത്യൻ രൂപ
നൽകിയും സാധനങ്ങൾ വാങ്ങാം. 

ഈ മാസം ഒന്ന് മുതലാണ് ഇടപാടുകൾക്ക് ഇന്ത്യൻ രൂപ സ്വീകരിക്കാൻ ദുബൈ ഡ്യൂട്ടി ഫ്രീ അധികൃതർ തീരുമാനിച്ചത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്ന്, രണ്ട്, മൂന്ന് ടെർമിനലുകളിലും, ജബൽ അലിയിലെ അൽ മക്തൂം വിമാനത്താളത്തിലും പ്രവർത്തിക്കുന്ന മുഴുവൻ ഡ്യൂട്ടി ഫ്രീ ഷോപ്പുകളും ഇനി മുതൽ ഇന്ത്യൻ കറൻസി സ്വീകരിക്കും.

ദുബൈയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ ഇടപാടുകൾ അനുവദിക്കുന്ന 16മത്തെ കറൻസിയാണ് ഇന്ത്യൻ രൂപ. നിലവിലുള്ള 100, 200, 500, 2000 രൂപ നോട്ടുകളാണ് ഇവിടെ സ്വീകരിക്കുക. എന്നാൽ, ബാക്കി നൽകുന്നത് യു.എ.ഇ ദിർഹത്തിലായിരിക്കും.

യു.എസ് ഡോളർ, യൂറോ, പൗണ്ട് എന്നിവയിൽ ഇടപാട് നടത്തുന്നവർക്ക് അതേ കറൻസി തന്നെയാണ് ബാക്കി നൽകുക. ദുബൈയിലെ വിമാനത്താവളങ്ങളിലൂടെ ഏറ്റവും കൂടുതൽ യാത്രചെയ്യുന്ന രാജ്യക്കാരിൽ ഇന്ത്യക്കാർ മുൻനിരയിലുണ്ട് എന്നത് മാത്രമല്ല ദുബൈ ഡ്യൂട്ടി ഫ്രീയിൽ ജോലിയെടുക്കുന്ന 6000 പേരിൽ രണ്ടാം സ്ഥാനത്തുള്ളതും ഇന്ത്യക്കാരാണ്.