ഉള്ളിയേരി: സൈക്കിളിൽ മദ്രസയിലേക്ക് പോകുകയായിരുന്ന പതിനൊന്നുകാരനെ കാറിൽ കയറ്റിക്കൊണ്ടുപോയ സംഭവത്തിൽ യുവാവിനെ അത്തോളി പോലീസ് അറസ്റ്റു ചെയ്തു. അത്തോളിയിലെ രാരോത്ത് ദാറുൽ മിനയിൽ മുഹമ്മദ് സൽമാനാ (22)ണ് അറസ്റ്റിലായത്. 


സംഭവദിവസം വൈകീട്ട് കുട്ടിയുടെ വീട്ടിലേക്ക് മൊബൈൽ ഫോണിൽ വന്ന കോളിലെ നമ്പർ പരിശോധിച്ചാണ് അത്തോളിയിൽനിന്ന് ബുധനാഴ്ച വൈകീട്ട് മൂന്നുമണിയ്ക്ക് മുഹമ്മദ് സൽമാനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലുണ്ട്. 

കുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പോലീസ് വിവരങ്ങളാരാഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ടുമണിയ്ക്കാണ് കിഴുക്കോട്ടുകടവിലെ മദ്രസയുടെ അടുത്തുവെച്ച് കുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയത്. പല അങ്ങാടിയിലൂടെ സഞ്ചരിച്ച് രാവിലെ പത്തരയ്ക്ക് അതേ സ്ഥലത്ത് തന്നെ ഇറക്കുകയും ചെയ്തു. 

നാട്ടുകാരും പോലീസും ബന്ധുക്കളും കണ്ടെത്താൻ ശ്രമം നടത്തുന്നതിനിടെയാണ് കുട്ടിയെ തിരികെ എത്തിച്ചത്.