ബാലുശ്ശേരി: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ട് എസ്.എസ്.എൽ.സി. ക്ലാസുകളും ലൈബ്രറിയും പ്രവർത്തിക്കുന്ന ഇരുനിലക്കെട്ടിടം പൊളിക്കുന്നതിൽ രക്ഷിതാക്കൾ ആശങ്കയിൽ. കെട്ടിടം പൊളിക്കുന്നതിന് മുന്നോടിയായുള്ള ലേലനടപടികൾ പി.ഡബ്ല്യു.ഡി. അധികൃതരുടെ നേതൃത്വത്തിൽ ബുധനാഴ്ച നടന്നു.

10 എ മുതൽ എച്ച് വരെയുള്ള എട്ടുക്ലാസുകളിലായിമുന്നൂറ്റമ്പതോളം വിദ്യാർഥികളാണ് പൊളിക്കാൻപോവുന്ന കെട്ടിടത്തിലെ ക്ലാസുകളിൽമാത്രം പഠിക്കുന്നത്. നിലവിൽ ടൈൽ പതിച്ച പ്രൊജക്ടർ സൗകര്യമുൾപ്പെടെയുള്ള മുഴുവൻ എസ്.എസ്.എൽ.സി. ക്ലാസുകളും പ്രവർത്തിക്കുന്ന കെട്ടിടം പൊളിക്കുന്നതിൽ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.

ഇതിനോടുചേർന്ന് കിടക്കുന്ന പഴയകെട്ടിടം ഒന്നുംചെയ്യാതെ മുഴുവൻ പത്താംക്ലാസുകാരും പഠിക്കുന്ന കെട്ടിടം പൊളിക്കുന്നത് ക്ലാസുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് രക്ഷിക്കാക്കളുടെ ആശങ്ക.സർക്കാർ മൂന്നുകോടി രൂപ സ്കൂളിന്റെ വികസനത്തിനായി അനുവദിച്ചതിന്റെ ഭാഗമായാണ് നിർമാണം നടക്കുന്നതെന്നും പഠനത്തെ ബാധിക്കാതെ പകരം ക്ലാസ് മുറികൾ സജ്ജീകരിക്കുമെന്നുമാണ് സ്കൂൾ അധികൃതർ പറയുന്നത്.

ബുധനാഴ്ച നടന്ന കെട്ടിടം പൊളിക്കുന്നതിനുള്ള ലേലത്തിന്റെ റിപ്പോർട്ട് ജില്ലാ പഞ്ചായത്ത് അധികൃതർക്ക് കൈമാറുമെന്നും അന്തിമ തീരുമാനമെടുക്കേണ്ടത് അവരാണെന്നും പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ പറഞ്ഞു.

അവധിക്കാലത്ത് നടക്കേണ്ട നിർമാണപ്രവൃത്തി അധ്യയനം ആരംഭിച്ചശേഷം നടത്തുന്നത് സ്കൂളിലെ പഠനാന്തരീക്ഷത്തെ ബാധിക്കുമെന്നും പൊടിശല്യമടക്കം പല ബുദ്ധിമുട്ടുകളും ഉണ്ടാവുമെന്നും കുട്ടികളുടെ ഭാവിയെ ഓർത്ത് ബന്ധപ്പെട്ട അധികൃതർ ഇക്കാര്യത്തിൽ പുനഃപരിശോധനയ്ക്ക് തയ്യാറാവണമെന്ന് രക്ഷിതാക്കൾ പറയുന്നു.