Trending

കൊടുവള്ളി സ്വദേശി സൗദി ജയിലിലായിട്ട് നാല് വര്‍ഷം; കള്ളക്കേസില്‍ കുടുക്കിയത് മലയാളികളെന്ന് ഭാര്യ

താമരശ്ശേരി: ഭർത്താവിനെ സൗദിയിൽ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചുവെന്ന പരാതിയുമായി കൊടുവള്ളി സ്വദേശിനി രംഗത്തെത്തി. താമരശ്ശേരി താലൂക്കിൽ പെട്ട കിഴക്കോത്ത് നടക്കുന്നുമ്മൽ മുഹമ്മദ് അഷ്റഫാണ് കഴിഞ്ഞ നാല് വർഷമായി സൗദിയിലെ ജയിലിൽ കഴിഞ്ഞുപോരുന്നത്.കച്ചവട സ്ഥാപനത്തിൽ നിന്നും കണക്കിൽ പെടാത്ത പണം കണ്ടെത്തിയതിന്റെ പേരിലായിരുന്നു അറസ്റ്റ്.


കേസിൽ കുറ്റക്കാരനല്ലെന്ന് കണ്ട് രണ്ട് വർഷം മുമ്പ് സൗദി സർക്കാർ അഷ്റഫിനെ വെറുതെ വിട്ടിരുന്നു. എന്നാൽ ജയിൽ മോചിതനാകുന്നതിന് തൊട്ടുമുമ്പ് സൗദിയിലെ സുലൈമാൻ സലാം അൻഹ റബി എന്ന അഭിഭാഷകൻ മുഖേന ചില മലയാളികൾ കേസ് നടത്തിയതിന്റെ പേരിൽ 38 ലക്ഷം റിയാൽ നൽകാനുണ്ടെന്ന് പറഞ്ഞ് വീണ്ടും ജയിലിലാക്കുകയായിരുന്നുവെന്ന് അഷ്റഫിന്റെ ഭാര്യ റെയ്ഹാനത്ത് ആരോപിച്ചു. 


ജയിലിൽ കഴിയവേ അഷ്റഫിന്റെ കയ്യിൽ നിന്ന് ബ്ലാങ്ക് പേപ്പർ ഒപ്പിട്ട് വാങ്ങുകയും ഇതിൽ ഇല്ലാത്ത തുക എഴുതി ചേർത്താണ് ഭർത്താവിനെ വീണ്ടും ജയിലിലടച്ചതെന്നും,ഇതിന് പുറമെ കേസിൽ നിന്ന് മോചിപ്പിക്കാമെന്ന് പറഞ്ഞ് കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളും വിദേശ ബന്ധമുള്ള ചില മതനേതാക്കളും കുടുംബത്തെ കബളിപ്പിച്ച് വൻ തുക കൈപ്പറ്റിയെന്നും പിന്നീട് ഒന്നും ചെയ്തില്ലെന്നും റെയ്ഹാനത്ത് ആരോപിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് സൗദി ഭരണാധികാരികൾക്കും ഇന്ത്യൻ എംബസിക്കും പരാതി നൽകിയിരുന്നുവെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ജയിൽ മോചിതനാവാതിരിക്കാൻ ചില മലയാളികൾ സ്പോൺസറെ തെറ്റിദ്ധരിപ്പിച്ച് നിരന്തരം കേസുകൾ ഫയൽ ചെയ്യുകയാണെന്നും കുടുംബം ആരോപിക്കുന്നുണ്ട്.


തന്റെ നിരപരാധിത്വം ഭരണാധികാരികളെ ബോധ്യപ്പെടുത്തിയാൽ മോചനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുഹമ്മദ് അഷ്റഫ്. ഇനിയും നീതി ലഭിക്കുന്നില്ലെങ്കിൽ പ്രായമായ രക്ഷിതാക്കളേയും മൂന്ന് കുട്ടികളേയും ഉൾപ്പെടുത്തി അഷ്റഫിനെ കബളിപ്പിച്ച മലയാളിയുടെ വീട്ടിന് മുന്നിൽ നിരാഹാര സത്യാഗ്രഹമിരിക്കുമെന്നും റെയ്ഹാനത്ത് പറയുന്നു.
Previous Post Next Post
3/TECH/col-right