കൊണ്ടോട്ടി:ജീവിതത്തിൽ അറ്റുപോയ കരങ്ങൾ സഫ്‌വാന തസ്‌നിയോടൊത്തുളള ദാമ്പത്യ ജീവിതത്തിലൂടെ തുന്നിച്ചേർക്കുകയാണ് സമദ് കൊട്ടപ്പുറം.മഴയുളള ഒരു പകലിൽ സമദിന് നഷ്ടപ്പെട്ട ഇരു കൈകളും സഫ്‌വാന തസ്‌നി ജീവിതം കൊണ്ട് അവനിലേക്ക് ചേർത്തു വെക്കുന്നതും മറ്റൊരു മഴക്കാലത്തായത് യാദൃഛികം മാത്രം. 


കൈകൾ നഷ്ടപ്പെട്ടതോടെ കാലുകൾ കൈകളാക്കി അതിജീവിക്കുന്ന ഗായകൻ സമദ് കൊട്ടപ്പുറമാണ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്.
കൊണ്ടോട്ടിക്കടുത്ത് കൊട്ടപ്പുറം മുഴങ്ങല്ലൂർ പി.എൻ.സി ഉസ്മാന്റെ മകൻ അബ്ദുൽ സമദിന് തന്റെ ഇരു കരങ്ങളും നഷ്ടപ്പെട്ടത് കുട്ടിക്കാലത്ത് കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടയിലാണ്. വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് കത്തിക്കരിഞ്ഞ സമദിന്റെ രണ്ടു കൈകളും കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മുറിച്ചു മാറ്റുകയായിരുന്നു. എങ്കിലും ജീവിതത്തെ പഴിക്കാതെ സമദ് ഇഛാശക്തിയോടെ പൊരുതി മുന്നേറി. കൈകളില്ലാതെ വെളളക്കെട്ടിൽ കൂട്ടുകാരേക്കാൾ വേഗത്തിൽ അവൻ നീന്തി. ചെങ്കുത്തായ കയറ്റിറക്കത്തിലൂടെ സൈക്കിളോടിച്ച് കൊട്ടപ്പുറം ഗവ. ഹൈസ്‌കൂളിൽ ചേർന്ന് പഠിച്ചു. കാലുകൾ കൈകളാക്കി എഴുത്തും കമ്പ്യൂട്ടർ പരിജ്ഞാനവും നേടി. ബിരുദവും മധുര കാമരാജ് സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും നേടി. ഫുട്ബോൾ താരമായും ഗായകനായും പിന്നീട് വിസ്മയം തീർത്തു.

ഗാനരംഗത്ത് ശ്രദ്ധേയനായി മാറിയ സമദ് കൊട്ടപ്പുറം, വേങ്ങര കണ്ണമംഗലം അലിവ് ഡയാലിസിസ് സെന്റർ വാർഷിക ചടങ്ങിൽ ഗാനമാലപിക്കുന്നത് കണ്ട് പ്രമുഖ പ്രവാസി വ്യവസായി അൽഅബീർ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ആലുങ്ങൽ മുഹമ്മദ് കിഴിശ്ശേരി അൽഅബീർ ആശുപത്രിയിൽ ജോലി നൽകുകയായിരുന്നു. ഇതിനിടയിലാണ് വിവാഹാലോചന വരുന്നത്. 

നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയായിരുന്നു സഫ്‌വാന തസ്‌നി. ഇരുവരുടേയും നികാഹ് വീട്ടുകാരും കൂട്ടുകാരും ചേർന്ന് കഴിഞ്ഞ നവംബറിൽ നടത്തിയിരുന്നു.പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിലായിരുന്നു നികാഹ്.
സഫ്‌വാനയുടെ കഴുത്തിൽ മഹർ മാല വായ കൊണ്ട് എടുത്ത് കഴുത്തിൽ കെട്ടി സമദ് കണ്ടു നിന്നവരെ അമ്പരപ്പിച്ചിരുന്നു.


ബുധനാഴ്ച സമദ്-സഫ്‌വാന തസ്‌നി ദമ്പതികൾക്കൊപ്പം സമദിന്റെ സഹോദരൻ അബ്ദുൽ അസീസ്-മുഫീദ എന്നിവരുടേയും വിവാഹമാണ് പളളിക്കൽ ബസാർ ഓഡിറ്റോറിയത്തിൽ നടക്കുന്നത്.