Trending

മഴവെള്ളം ഒഴുകാൻ ദേശീയപാത

താമരശ്ശേരി:ടൗണിലെ ഓവുചാ‍ൽ നന്നാക്കാത്തതുമൂലം മഴയത്ത് ദേശീയപാത പുഴയായി മാറുന്നു. ടൗണിൽ പൊലീസ് സ്റ്റേഷനു മുൻവശത്തും കാരാടി എൽഐസിയുടെ ഭാഗത്തുമാണ് റോഡിൽ വെള്ളം പരന്നൊഴുകി വാഹന യാത്രക്കാരും കാൽനട യാത്രക്കാരും ഒരുപോലെ ദുരിതം പേറുന്നത്. പ്രശ്ന പരിഹാരത്തിന് ദേശീയപാത വിഭാഗം നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധിക്കുന്നു.


മഴയത്ത് കാൽനട യാത്രക്കാരുടെ മുട്ടിനു മുകളിൽ വെള്ളം പൊങ്ങാറുണ്ട്. റോഡിൽ പരന്നൊഴുകുന്ന വെള്ളം വാഹനം പോകുമ്പോൾ സമീപത്തെ കടകൾക്കുള്ളിലേക്ക് അടിച്ചു കയറി നാശനഷ്ടമുണ്ടാകുന്നു. മഴക്കാലം തുടങ്ങുന്നതോടെ ഈ മേഖലയിലെ വ്യാപാരികളുടെ ചങ്കിടിപ്പും വർധിച്ചിരിക്കുകയാണ്.



കഴിഞ്ഞ വർഷം ദേശീയപാത അധികൃതർ ഓടയിൽ അടഞ്ഞു കിടക്കുന്ന മണ്ണ് ഭാഗികമായി നീക്കം ചെയ്തിരുന്നു. മറ്റു ഭാഗങ്ങളിൽ നന്നാക്കാൻ തയാറാവാത്തതാണ് പ്രധാന പ്രശ്‌നം. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് വ്യാപാരികളും നാട്ടുകാരും ഓരോ വർഷവും ദേശീയപാത അധികൃതരോട് ആവശ്യപ്പെടാറുണ്ടെങ്കിലും നടപടി ഉണ്ടാവാറില്ല. 



കാലവർഷം തുടങ്ങിയതോടെ ജലജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യതയുള്ള ഈ സാഹചര്യത്തിൽ  മലിനജലം ടൗണിലൂടെ പരന്നൊഴുകുന്നതിൽ ജനങ്ങൾ ആശങ്കയിലാണ്. 

കാലവർഷം ശക്തമാകുന്നതിന് മുൻപ് ടൗണിലെ ഓട നവീകരണ പ്രവൃത്തി നടത്തി യാത്രാ ദുരിതത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് യൂത്ത് ലീഗ് പ്രസിഡന്റ് സുബൈർ വെഴുപ്പൂർ ആവശ്യപ്പെട്ടു.
Previous Post Next Post
3/TECH/col-right