Trending

ദുബായില്‍ ബസ് അപകടത്തില്‍ മരിച്ച 17 പേരില്‍ ആറ് മലയാളികള്‍

ദുബായ് : ദുബായിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് മരിച്ച 17 പേരിൽ ആറ് മലയാളികൾ. ഇതിൽ പത്തോളം ഇന്ത്യക്കാരുണ്ട്. മരിച്ച ആറ് മലയാളികളിൽ നാല് പേരുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. രണ്ട് പേരെ തിരിച്ചറിയാനുണ്ട്. ദീപക് കുമാർ, ജമാലുദ്ദീൻ, വാസുദേവൻ, തിലകൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.


മസ്കറ്റിൽനിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച്ച വൈകിട്ട് 5.40 ന് മുഹമ്മദ് ബിൻ സായിദ് റോഡിലാണ് അപകടം നടന്നത്. ഒമാനിൽ നിന്ന് ഈദ് അവധി ആഘോഷിച്ച് മടങ്ങി വരുന്നവരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.



ഒമാൻ നമ്പർ പ്ളേറ്റുള്ള ടൂറിസ്റ്റ് ബസാണ് അൽ റാഷിദിയ എക്സിറ്റിലെ സൈൻ ബോർഡിൽ ഇടിച്ച് അപകടമുണ്ടായത്. പരിക്കേറ്റവർ റാഷിദ് ആസ്പത്രിയിൽ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു.

ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. റാഷിദ് ആസ്പത്രിയിലായിരുന്ന മൃതദേഹങ്ങൾ പോലീസ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.


ദുബായ് ബസ്സ് അപകടം; ഡ്രൈവറുടെ അശ്രദ്ധയിൽ പൊലിഞ്ഞത്  17 ജീവൻ

ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ റാഷിദിയ എക്സിറ്റിൽ നിയന്ത്രണം വിട്ട് ബസ് സൈൻ ബോർഡിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തിനു കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് റിപ്പോർട്ടുകൾ. അപകടത്തിൽ പൊലിഞ്ഞത് 17 ജീവൻ. പന്ത്രണ്ട് ഇന്ത്യക്കാരും മരിച്ചെന്ന് ദുബായിലെ ഇന്ത്യൻ കോൺസുൽ വിപുൽ അറിയിച്ചു. ഇതിൽ ആറു പേര‍് മലയാളികൾ ആണ്.


റാഷിദിയ മെട്രോ സ്റ്റേഷനിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കു പ്രവേശിക്കുന്ന എക്സിറ്റ് പോയിന്റിലെ സൈൻ ബോർഡിലാണ് ബസ് ഇടിച്ചത്. ഇവിടെ വലിയ പൊക്കമുള്ള വാഹനങ്ങൾക്കു പ്രവേശനം നിയന്ത്രിക്കുന്ന 2.2 മീറ്റർ ഉയരത്തിലുള്ള സൈൻ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. 


ബസിന്റെ ഇടതു മുകൾഭാഗം പൂർണമായും ഇതിൽ ഇടിച്ചു തകർന്നു. 31 പേരുണ്ടായിരുന്ന ബസിൽ ഇടതു ഭാഗത്തിരുന്നവരാണ് മരിച്ചവരെല്ലാം. സൂര്യപ്രകാശം തടയാനുള്ള മറയുണ്ടായിരുന്നതിനാൽ സൈൻ ബോർഡ് കണ്ടില്ലെന്നാണ് ഡ്രൈവറുടെ മൊഴിയെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ഇയാൾ വേഗ നിയന്ത്രണവും പാലിച്ചില്ലെന്ന് അവർ വ്യക്തമാക്കി. ഡ്രൈവർക്കു നിസാര പരുക്കേറ്റു.

ഒമാനിൽനിന്നു ദുബായിലേക്കു വന്ന യാത്രാ ബസാണ് അപകടത്തിൽപ്പെട്ടതെന്നു ദുബായ് പൊലീസ് അറിയിച്ചു. മരിച്ചവരിൽ ആറു മലയാളികളടക്കം 12 ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി ദീപക് കുമാർ, ജമാലുദ്ദീൻ അരക്കാവീട്ടിൽ, വാസുദേവ്, തിലകൻ, തലശ്ശേരി സ്വദേശികളായ ചോനോകടവത്ത് ഉമ്മർ, മകൻ നബീൽ എന്നിവരാണ് മരിച്ച മലയാളികൾ.
 

ഈദ് ആഘോഷിച്ച ശേഷം ഒമാനിൽ നിന്ന് മടങ്ങിയെത്തിയവരാണു ബസിലുണ്ടായിരുന്നതിൽ ഏറെയും. അപകടത്തെ തുടർന്ന് മസ്കത്തിൽ നിന്നു ദുബായിലേക്കും തിരിച്ചുമുള്ള മൊഹിസലാത്ത് യാത്രാ ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.
Previous Post Next Post
3/TECH/col-right