Trending

മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ബാലുശ്ശേരി ബസ്സ്റ്റാന്‍റ് ഭാഗികമായി തുറന്നു

ബാലുശ്ശേരി: നവീകരണ പ്രവൃത്തി നടക്കുന്ന ബാലുശ്ശേരി ബസ്സ്റ്റാന്റ് ഇന്നലെ ഭാഗികമായി തുറന്നു കൊടുത്തു. കഴിഞ്ഞ ജൂലായ് 15 നാണ് നവീകരണ പ്രവൃത്തിക്കായി ബസ്സ്റ്റാന്‍റ് അടച്ചിട്ടത്. എട്ട് മാസം കൊണ്ട് പണി പൂര്‍ത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത് എങ്കിലും സ്റ്റാന്റിനകത്തെ പ്രവേശന കവാടവും കെട്ടിടത്തിന്റെ പണിയുമാണ് പൂര്‍ത്തിയാക്കിയത്. 


വെയിറ്റിംഗ് റൂം ടോയിലറ്റ്, ഡ്രൈ നേജ്, എന്നിവയുടെ പണി പൂര്‍ത്തീകരിച്ചു വരുന്നു. യു.എല്‍.സി.സി.യാണ് പ്രവൃത്തി നടത്തി വരുന്നത്. പുരുഷന്‍ കടലുണ്ടി എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 3 കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തി നടത്തുന്നത്. കഴിഞ്ഞ പത്തര മാസത്തോളമായി സ്റ്റാന്റിനകത്തെ 50 ഓളം കടകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു.


സ്റ്റാന്റിലെ കച്ചവടക്കാരും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടനകള്‍, ബാലുശ്ശേരി പൊലീസ്, ബസ്സ് ഓണേഴ്സ് അസോസിയേഷന്‍ എന്നിവരുടെ നേതൃത്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ബസ്സ് സ്റ്റാന്റ് ഇന്നു മുതല്‍ ഭാഗികമായി തുറന്നു പ്രവൃത്തിക്കാന്‍ തീരുമാനമായത്. ബസ്സുകള്‍ പ്രവേശന കവാടത്തിന്റെ ഒരു ഭാഗത്തു കൂടി ഉള്ളിലേക്ക് പ്രവേശിപ്പിച്ച്‌ അതു വഴി തന്നെ പുറത്തേക്ക് പോകുന്ന രീതിയിലാണ് താല്ക്കാലിക സംവിധാനം ഒരുക്കിയിട്ടുള്ളത്. 


താമരശ്ശേരി, കൊയിലാണ്ടി, കൂരാച്ചുണ്ട് റൂട്ടിലേയും മറ്റു ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കുള്ള ബസ്സുകള്‍ക്കുമാണ് സ്റ്റാന്‍റിനകത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. കോഴിക്കോട് ഭാഗത്തേക്കുള്ള ബസ്സുകള്‍ മെയിന്‍ റോഡിലാണ് പാര്‍ക്ക് ചെയ്യുന്നത്. പത്തര മാസത്തേ ഇടവേളയ്ക്ക് ശേഷമാണ് ഇന്നലെ സ്റ്റാന്റിനകത്തെ ഏറെ കച്ചവട സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചത്.
Previous Post Next Post
3/TECH/col-right