Trending

സ്കൂൾ വാഹനങ്ങൾക്ക് സുരക്ഷാ പരിശോധന നാളെ മുതൽ

കൊടുവള്ളി: അധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി കൊടുവള്ളി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിലെ സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന 25-ന് കൊടുവള്ളി കെ.എം.ഒ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടക്കുമെന്ന് എം.വി.ഐ. എം.ജി. ഗിരീഷ് അറിയിച്ചു.

ഒന്നുമുതൽ 5000 വരെയുള്ള നമ്പർ വാഹനങ്ങൾ 25-ന് രാവിലെ 8 മുതൽ 11 വരെയും 5001 മുതൽ 9999 വരെ നമ്പറിലുള്ള വാഹനങ്ങൾ രാവിലെ 11 മുതൽ രണ്ടുവരേയും പരിശോധിക്കും. എല്ലാ വാഹനങ്ങൾക്കും ജി.പി.എസും സ്പീഡ് ഗവേണറും നിർബന്ധമാണ്. പരിശോധന നടത്താത്ത വാഹനങ്ങളെ സ്കൂൾ തുറക്കുന്ന ദിവസം മുതൽ സർവീസ് നടത്താൻ അനുവദിക്കില്ല.

27-ന് തിങ്കളാഴ്ച രാവിലെ 10-ന് എല്ലാ സ്കൂൾ വാഹന ഡ്രൈവർമാർക്കും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. സ്കൂളുകളുടേതല്ലാത്ത ഇതരവാഹനങ്ങൾ 27-ന് രാവിലെ എട്ടു മുതൽ പരിശോധിക്കും. 


ഫോൺ: 04952210280(കൊടുവള്ളി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ്).അധ്യയനവര്‍ഷം ആരംഭിക്കാറായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയും പഠന-യാത്രാ സൗകര്യവും ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോടും ഏജന്‍സികളോടും നിര്‍ദേശിച്ചു. 

 
അധ്യയനവര്‍ഷം ആരംഭിക്കുന്നതിന്‍റെ മുന്നോടിയായി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ്  ഇക്കാര്യങ്ങൾ സംസാരിച്ചത്. യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ എന്നിവരും ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

എല്ലാ വിദ്യാലയങ്ങളുടെയും കെട്ടിടങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചു. ഇതിനാവശ്യമായ പരിശോധന പെട്ടെന്ന് പൂര്‍ത്തിയാക്കണം. പുതിയ കെട്ടിടം പണിയാന്‍ പഴയ കെട്ടിടം പൊളിച്ചിട്ടുണ്ടാകും. കെട്ടിടം പണി പൂര്‍ത്തിയാകാത്ത സ്ഥലങ്ങളില്‍ ബദല്‍ സൗകര്യം ഏര്‍പ്പെടുത്തണം. കാറ്റിലും മഴയിലും അപകടമുണ്ടാക്കാവുന്ന മരങ്ങള്‍ മുറിച്ചുമാറ്റണം. വൈദ്യുതി പോസ്റ്റുകള്‍, വൈദ്യുതി കമ്പികള്‍ എന്നിവ പരിശോധിച്ച് അപകടം ഒഴിവാക്കാനുള്ള മുന്‍കരുതല്‍ എടുക്കണം.

ആവശ്യമായ പരിശോധന നടത്തി എല്ലാ സ്കൂള്‍ ബസ്സുകളും സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുകയും അവരെ മാറ്റിനിര്‍ത്തുകയും വേണം. സ്വകാര്യബസ്സുകള്‍ സ്റ്റോപ്പുകളില്‍ നിര്‍ത്തി കുട്ടികളെ കയറ്റാതെ പോകുന്ന സ്ഥിതി പല പ്രദേശങ്ങളിലും ഉണ്ട്. പോലീസ് ഇടപെട്ട് ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കണം. കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ കാര്യത്തില്‍ ഡ്രൈവര്‍മാരുടെ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് വിദ്യാര്‍ത്ഥികളുടെ യാത്രാസൗകര്യത്തെ ബാധിക്കാത്തവിധം ക്രമീകരണം ഉണ്ടാക്കണം.

വിദ്യാര്‍ത്ഥികളെ സ്കൂളിലെത്തിക്കാന്‍ ഉപയോഗിക്കുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും സാങ്കേതികമായി സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. കുട്ടികളെ കുത്തിത്തിരുകി കൊണ്ടുപോകുന്നത് അനുവദിക്കതരുത്. മോട്ടോര്‍ വാഹനവകുപ്പും പോലീസും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെയും മറ്റു വാഹന ജീവനക്കാരുടെയും വിവരങ്ങള്‍ പി.ടി.എ വഴി ശേഖരിക്കണം. സ്കൂള്‍ പരിസരത്ത് വാഹനങ്ങളില്‍ നിന്ന് കുട്ടികളെ സുരക്ഷിതമായി ഇറക്കാനുള്ള സൗകര്യം ഉറപ്പാക്കണം. വാഹനങ്ങളില്‍ കയറുന്നതിന് ക്യൂ സമ്പ്രദായം ഉണ്ടാകണം. സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്, എന്‍.സി.സി, സ്കൗട്ട്, ഗൈഡ് കേഡറ്റുകളുടെ സേവനം ഇതിനുവേണ്ടി ഉപയോഗപ്പെടുത്തണം. സാമൂഹിക ജീവിതത്തില്‍ പാലിക്കേണ്ട അച്ചടക്കവും പൗരബോധവും കുട്ടികളില്‍ ഉണ്ടാക്കാന്‍ ഈ നടപടി ഉപകരിക്കും.

പി.ടി.എ യോഗങ്ങള്‍ നേരത്തെ തന്നെ വിളിച്ചുചേര്‍ക്കണം. ഉച്ചഭക്ഷണം, ശുദ്ധജലം മുതലായ കാര്യങ്ങളും ഈ യോഗങ്ങളില്‍ ചര്‍ച്ച ചെയ്യണം. പി.ടി.എ യോഗങ്ങള്‍ മാസംതോറും ചേരുന്നുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ ഉറപ്പാക്കണം. ക്ലാസ്തല പി.ടി.എ സജീവമാക്കണം.

ലഹരിവസ്തുക്കളുടെ ഉപയോഗം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് പൂര്‍ണമായും ഇല്ലാതാക്കാനുള്ള ജാഗ്രത അധ്യാപകരും രക്ഷിതാക്കളും മറ്റു അധികൃതരും പുലര്‍ത്തണം. കുട്ടികളുടെ പെരുമാറ്റ വൈകല്യവും സ്കൂളിലെ ഹാജരും അധ്യാപകര്‍ തുടര്‍ച്ചയായി നിരീക്ഷിക്കണം. തെറ്റായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ രക്ഷിതാക്കളെ അറിയിച്ച് പരിഹാരമുണ്ടാക്കണം. 


എസ്.പി.സി, എന്‍.സി.സി. കേഡറ്റുകളുടെ സേവനം ഇക്കാര്യത്തിലും പ്രയോജനപ്പെടുത്താം. വിദ്യാലയങ്ങളുടെ 200 മീറ്റര്‍ പരിധിയിലുള്ള കടകള്‍, ഹോട്ടലുകള്‍, കൂള്‍ ബാറുകള്‍, തട്ടുകടകള്‍ എന്നിവയെല്ലാം നിരീക്ഷിക്കണം. അതാതിടത്തെ പോലീസ് സേനയുമായി ചേര്‍ന്ന് ഇക്കാര്യം നിര്‍വഹിക്കണം. ഭക്ഷ്യസുരക്ഷാ വിഭാഗവും സ്കൂള്‍ പരിസരത്തെ ഇത്തരം കടകളില്‍ പരിശോധന നടത്തണം.

ലഹരി മരുന്ന് ഉപയോഗത്തിന്‍റെ ശീലത്തില്‍ പെട്ടുപോയ വിദ്യാര്‍ത്ഥികളെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധ വേണം. പഠനത്തില്‍ മിടുക്കരായവര്‍ വരെ ലഹരിയുടെ കെണിയില്‍ പെട്ടുപോകുന്നുണ്ട്. വിമുക്തി മിഷന്‍ ഇക്കാര്യത്തില്‍ സ്കൂള്‍ അധികൃതര്‍ക്ക് പിന്തുണ നല്‍കണം. 


ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ വളര്‍ച്ചയുടെ പ്രധാന ഘട്ടത്തിലാണ്. ഈ പ്രായത്തിലുള്ള കുട്ടികളില്‍ നല്ലനിലയില്‍ ബോധവല്‍ക്കരണം ആവശ്യമാണ്. മോശം കാര്യങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി കുട്ടികളില്‍ തന്നെ വളര്‍ത്തിയെടുക്കണം. ബോധവല്‍ക്കരണം ഇക്കാര്യത്തില്‍ പ്രധാനമാണ്. കുട്ടികളുടെ കാര്യത്തില്‍ ശിക്ഷയല്ല, തിരുത്തലാണ് പ്രധാനം. കൗണ്‍സലര്‍മാരുടെ സേവനം ഇതിനുവേണ്ടി ഉപയോഗപ്പെടുത്തണം.

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വര്‍ധിച്ചുവരുന്നുണ്ട്. ഇതിനെതിരെയും ജാഗ്രത പുലര്‍ത്തണം. വിദ്യാര്‍ത്ഥികള്‍ ക്ലാസ് 'കട്ട്' ചെയ്ത് പുറത്തുപോകുന്നത് നിരീക്ഷിക്കുകയും കര്‍ശനമായി തടയുകയും വേണം. വീട്ടില്‍ നിന്ന് സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാര്‍ത്ഥികള്‍ അവിടെ എത്തുന്നില്ലെങ്കില്‍ അത് പരിശോധിക്കാനും ഇടപെടാനുമുള്ള സംവിധാനവും വേണം. കോച്ചിംഗ് സെന്‍ററുകള്‍, ട്യൂഷന്‍ സെന്‍ററുകള്‍ എന്നിവിടങ്ങളില്‍ തെറ്റായ കാര്യങ്ങള്‍ നടക്കുന്നുണ്ടോ എന്ന പരിശോധനയും ആവശ്യമാണ്.

ചില വിദ്യാലയങ്ങള്‍ക്ക് ചുറ്റുമതില്‍ ഇല്ല. അത്തരം സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണം. പി.ടി.എയുടെ ചെലവില്‍ ഒരു വിമുക്തഭടനെ സുരക്ഷയ്ക്കായി നിയോഗിക്കണം. അതാതിടത്തെ ജനമൈത്രി പോലീസ് ഇതിനാവശ്യമായ പിന്തുണ നല്‍കണം. കേമ്പസിനു പുറത്തുള്ള ആരെയും അനുമതി ഇല്ലാതെ അകത്തു പ്രവേശിപ്പിക്കരുത്. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലയവുമായി ബന്ധമുണ്ടാകും. എന്നാല്‍ അവര്‍ വിദ്യാലയങ്ങളില്‍ തമ്പടിക്കേണ്ട ആവശ്യമില്ല.

ലൈസന്‍സിനുള്ള പ്രായപരിധി തികയാത്ത ധാരാളം കുട്ടികള്‍ മോട്ടോര്‍ ബൈക്ക് ഉപയോഗിക്കുന്നുണ്ട്. അത് കര്‍ശനമായി തടയണമെന്ന് നിര്‍ദേശിച്ചു. സൈക്കിളല്ലാത്ത ഒരു വാഹനവും ഉപയോഗിക്കാന്‍ കുട്ടികളെ അനുവദിക്കരുത്. രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ കര്‍ശനമായ നിലപാടെടുക്കണം.

കുട്ടികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്ന രീതി അധ്യാപകരും രക്ഷിതാക്കളും സമൂഹവും സ്വീകരിക്കണം. അതു പാലിച്ചാല്‍ സമൂഹത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിയും.
Previous Post Next Post
3/TECH/col-right