Trending

മെഡി.കോളേജില്‍ വന്‍ ചികിത്സാപിഴവ്:മൂക്കിന് പകരം വയര്‍ കീറി ശസ്ത്രക്രിയ നടത്തി:ഡോക്ടർക്ക് സസ്പെൻഷൻ.

മലപ്പുറം: മ‍ഞ്ചേരി മെഡി.കോളേജില്‍ ഗുരുതര ചികിത്സാ പിഴവ്. ഏഴ് വയസുകാരന്‍റെ മൂക്കിന് പകരം വയര്‍ കീറി ശസ്ത്രക്രിയ നടത്തി. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ ഏഴ് വയസുകാരനാണ് മൂക്കിന് പകരം വയറില്‍ ശസ്ത്രക്രിയ നടത്തിയത്. 


രോഗികളെ പരസ്പരം മാറി പോയതാണ് അബദ്ധത്തിലേക്ക് നയിച്ചതെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. വയറില്‍ ശസ്ത്രക്രിയ ചെയ്യാനായി എത്തിയ മറ്റൊരു രോഗിയുടെ പേരുമായി ഏഴ് വയസുകാരന്‍റെ പേരിന് സാമ്യം വന്നതാണ് തെറ്റ് പറ്റാന്‍ കാരണമായതെന്നും സംഭവത്തില്‍ ബന്ധപ്പെട്ട ഡോക്ടറില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ടെന്നും സൂപ്രണ്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മലപ്പുറം സ്വദേശിയായ മുഹമ്മദ് ഡാനിഷിനാണ് മൂക്കിലെ ദശയ്ക്ക് ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നത്. എന്നാൽ ഉദരസംബന്ധമായ രോഗത്തിന് ശസ്ത്രക്രിയ നടത്തേണ്ടിയിരുന്ന ധനുഷുമായി പേര് മാറി കുട്ടിയുടെ വയർ കീറി ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. മുറിയിലേക്ക് മാറ്റിയപ്പോൾ മാതാപിതാക്കളാണ് കുട്ടിയുടെ വയറ്റിലാണ് ശസ്ത്രക്രിയ ചെയ്തതെന്ന് കണ്ടെത്തിയത്. ശേഷം വീണ്ടും മൂക്കിൽ ശസ്ത്രക്രിയ ചെയ്യുകയായിരുന്നു.

"ഇന്ന് തന്‍റെ മകന് സംഭവിച്ചത് മറ്റൊരു കുട്ടിയ്ക്കും സംഭവിക്കരുത്. എവിടെയൊക്കെ പരാതി നൽകാനാവുമോ അവിടെയൊക്കെ പരാതി കൊടുക്കും" മുഹമ്മദ് ഡാനിഷിന്‍റെ അച്ഛൻ പറഞ്ഞു. 


മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം:ഡോക്ടർക്ക് സസ്പെൻഷൻ.
  
മലപ്പുറം:മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉത്തരവിട്ടു. 


ഡോ. സുരേഷ്കുമാറിനെതിരെയാണ് നടപടി. വലിയ പിഴവ് ആണ് ഡോക്ടർമാരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കർശന നടപടി എടുക്കുമെന്നും ആരോഗ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.

മൂക്കിന്റെ ശസ്ത്രക്രിയയ്ക്ക് എത്തിയ കുട്ടിയുടെ വയറിലാണ് ശസ്ത്രക്രിയ നടത്തിയത്.ചികിത്സാപ്പിഴവിൽ ഏഴുവയസുകാരന്റെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. 


സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനോട് മലപ്പുറം ഡിഎംഒ റിപ്പോർട്ട് തേടി. കുട്ടിക്ക് നഷ്ടപരിഹാരവും തുടർചികിത്സയും ഉറപ്പാക്കണമെന്നും എം ഉമ്മർ പറഞ്ഞു.
Previous Post Next Post
3/TECH/col-right