Trending

കല്ലട ബസിലെ ആക്രമണം: ബസ് കസ്റ്റഡിയിലെടുക്കും, നടപടി ശക്തമാക്കി പൊലീസ്

കൊച്ചി: കല്ലട ബസിലെ യാത്രക്കാരെ വഴിമധ്യേ മർദ്ദിച്ച് ഇറക്കി വിട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. സംഭവം നടന്ന ബസ് ഉടനെ സ്റ്റേഷനിലെത്തിക്കാൻ കൊച്ചി മരട് പൊലീസ് കല്ലട കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ഈ ബസ് മരട് സ്റ്റേഷനിലെത്തും എന്ന് മരട് പൊലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. 


സംഭവം നടന്നപ്പോൾ ബസ് സ്റ്റേഷനിലെത്തിക്കാൻ പൊലീസ് ആലോചിച്ചിരുന്നുവെങ്കിലും ബസിൽ ദീർഘദൂരയാത്രക്കാരുള്ളതിനാൽ യാത്ര തുടരാൻ അനുവദിക്കുകയായിരുന്നു.  ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിയ ബസ് ഉച്ചയോടെ മരട് സ്റ്റേഷനിലെത്തിക്കാം എന്ന് ജീവനക്കാർ പൊലീസിനെ അറിയിച്ചതായാണ് വിവരം. 

യാത്രക്കാരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയ അജയ് ഘോഷിനോട് മൊഴിയെടുക്കാൻ വേണ്ടി സ്റ്റേഷനിൽ ഹാജരാവാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുരേഷ് കല്ലട ബസ് ജീവനക്കാരായ മൂന്ന് പേർക്ക് എതിരെയാണ് മരട് പൊലീസ് കേസെടുത്തത്. പ്രതികളുടെ പേര് വിവരങ്ങൾ ലഭിച്ചിട്ടില്ല. കണ്ടാലറിയാവുന്ന മൂന്ന് പേർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് മരട് പൊലീസ് അറിയിച്ചു. 


തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരൂവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസില്‍ ശനിയാഴ്ച അർധരാത്രിയിലാണ് അക്രമം നടന്നത്. ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരൻ ഫെയ്സ്ബുക്കിൽ പോസ്റ്റുചെയ്ത ദൃശ്യങ്ങളിലൂടെയാണ്  അതിക്രമം പുറത്തായത്. ഇന്നലെ രാത്രി ഹരിപ്പാട് പിന്നിട്ട ബസ് തകരാറായി വഴിയിൽ കിടന്നിരുന്നു. ദീർഘനേരം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് യാത്രക്കാർക്ക് ബസ് ജീവനക്കാർ യാതൊരു മറുപടിയും നൽകിയില്ലെന്നാണ് ജേക്കബ് ഫിലിപ്പിന്റെ ഫെയ്സ്ബുക് പോസ്റ്റിൽ പറയുന്നത്.

യാത്രക്കാരായ രണ്ട് യുവാക്കൾ ഇത് സംബന്ധിച്ച് തർക്കിച്ചതായിരുന്നു തുടക്കം. ബസ് പിന്നീട് വൈറ്റിലയിലെത്തിയപ്പോൾ കൂടുതൽ ബസ് ജീവനക്കാർ ബസിലേക്ക് ഇരച്ച് കയറുകയും യുവാക്കളെ മർദ്ദിക്കുകയുമായിരുന്നു. ജേക്കബ് ഫിലിപ്പ് തന്റെ ഫോണിൽ ഈ വീഡിയോ ദൃശ്യം പകർത്തുകയും പിന്നീട് ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുകയുമായിരുന്നു. സംഭവത്തെ കുറിച്ച് ദീർഘമായൊരു കുറിപ്പും അദ്ദേഹം എഴുതിയിരുന്നു.


വൈറ്റിലയിൽ വച്ച് മർദ്ദിച്ചവശരാക്കിയ ശേഷം യുവാക്കളെയും അജയ് ഘോഷ് എന്ന മറ്റൊരാളെയും ഇവർ ഇറക്കിവിട്ടു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മരട് പൊലീസ് എസ്ഐ വിനോദ് ഇവരോട് ആശുപത്രിയിൽ പോകാൻ ആവശ്യപ്പെട്ടു. "മൂന്ന് പേരെയും ഒരു ഓട്ടോറിക്ഷയിൽ കയറ്റി തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് വിട്ടതാണ്. എന്നാൽ അവർ അങ്ങോട്ടേക്ക് പോയില്ല. മർദ്ദനമേറ്റത് പാലക്കാട് സ്വദേശിക്കും വയനാട് സുൽത്താൻ ബത്തേരി സ്വദേശിക്കുമാണ്. ഇരുവരും ഈറോഡ് പഠിക്കുന്ന വിദ്യാർത്ഥികളാണ്. 


തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടിൽ പോയ ശേഷം തിരികെ പോവുകയായിരുന്നു. ഇവർക്കൊപ്പം തൃശ്ശൂരിലേക്ക് പോവുകയായിരുന്ന അജയ് ഘോഷ് എന്നൊരാളും ഉണ്ടായിരുന്നു. ഇദ്ദേഹം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് സുരേഷ് കല്ലട ബസ് ജീവനക്കാർക്ക് എതിരെ കേസെടുത്തിട്ടുണ്ട്," എസ്ഐ വിനോദ് പറഞ്ഞു.

അതേസമയം യുവാക്കളാണ് ആദ്യം പ്രശ്നം ഉണ്ടാക്കിയതെന്നാണ് സുരേഷ് കല്ലട ബസ് ജീവനക്കാരുടെ പ്രതികരണം. യുവാക്കൾ മദ്യപിച്ചിരുന്നതായി സംശയിക്കുന്നുവെന്ന് സുരേഷ് കല്ലട ബസിന്റെ തിരുവനന്തപുരത്തെ മാനേജർ സ്വകാര്യ ഓൺലൈൻ ചാനലിനോട് പ്രതികരിച്ചു. "ഞങ്ങളുടെ ക്ലീനറെ ഹരിപ്പാട് വച്ച് അവർ അടിച്ച് മൂക്കിൽ നിന്നും വായിൽ നിന്നും ചോര വരുത്തി. അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 


എന്തിനാണ് മർദ്ദിച്ചതെന്ന് ചോദിക്കാനാണ് വൈറ്റിലയിൽ നിന്ന് കൂടുതൽ ജീവനക്കാർ ബസിൽ കയറിയത്," അദ്ദേഹം പറഞ്ഞു. അതേസമയം ഏത് ആശുപത്രിയിലാണ് ക്ലീനറെ പ്രവേശിപ്പിച്ചതെന്ന് വ്യക്തമായി അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. യുവാക്കളെ ആക്രമിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല കൂടുതൽ ജീവനക്കാർ കൊച്ചിയിൽ വച്ച് ബസിലേക്ക് കയറിയതെന്നും അദ്ദേഹം പറഞ്ഞു.

യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവം: സുരേഷ് കല്ലട ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: കല്ലട ബസിലെ യാത്രക്കാരെ വഴിമധ്യേ മർദ്ദിച്ച് ഇറക്കി വിട്ട സംഭവത്തിൽ സുരേഷ് കല്ലട ബസിലെ ജീവനക്കാരായ ജയേഷ് , ജിതിൻ എന്നിവരെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തു. ജീവനക്കാരോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് പൊലീസ് സ്റ്റേഷനിൽ ഹാജരായ ഉടൻ തന്നെ ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 

മറ്റൊരു ജീവനക്കാരനായ ഹരിലാലിനോടും സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാൾ സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം. കല്ലട സുരേഷ് ബസിന്‍റെ മാനേജരെ ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തതായും പൊലീസ് അറിയിച്ചു.

സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് സുരേന്ദ്രൻ പറഞ്ഞു. കസ്റ്റഡിയിൽ രേഖപ്പെടുത്തിയവരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുടർ നടപടികൾ എടുക്കുമെന്ന് അദ്ദേഹം അറിഞ്ഞു. മർദ്ദനം ഏറ്റവരുടെ മൊഴി ടെലിഫോണിൽ വിളിച്ച് രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് പ്രതികളെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്തത്. 

കാലതാമസം ഉണ്ടാവാതിരിക്കാനാണ് ഫോണിൽ വിളിച്ച് മൊഴിയെടുത്തത്. ഇനി നേരിട്ട് മൊഴി രേഖപ്പെടുത്തും. ആദ്യം കണ്ടാലറിയാവുന്നവരുടെ പേരിലാണ് കേസെടുത്തത്. ജീവനക്കാരെ ചോദ്യം ചെയ്തതിന് ശേഷം കേസിൽ പ്രതി ചേർക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും. സംഭവം ആസൂത്രിതമാണോ എന്ന് അന്വേഷിക്കുമെന്നും കമ്മീഷണർ പറഞ്ഞു.

സംഭവം നടന്ന ബസ് സ്റ്റേഷനിലെത്തിക്കാനും കൊച്ചി മരട് പൊലീസ് കല്ലട കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ഈ ബസ് മരട് സ്റ്റേഷനിലെത്തും എന്ന് മരട് പൊലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

സംഭവം നടന്നപ്പോൾ ബസ് സ്റ്റേഷനിലെത്തിക്കാൻ പൊലീസ് ആലോചിച്ചിരുന്നുവെങ്കിലും ബസിൽ ദീർഘദൂരയാത്രക്കാരുള്ളതിനാൽ യാത്ര തുടരാൻ അനുവദിക്കുകയായിരുന്നു.  ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിയ ബസ് ഉച്ചയോടെ മരട് സ്റ്റേഷനിലെത്തിക്കാം എന്ന് ജീവനക്കാർ പൊലീസിനെ അറിയിച്ചതായാണ് വിവരം.


Previous Post Next Post
3/TECH/col-right