Trending

ഇന്ന് നിശ്ശബ്ദ പ്രചാരണം, കൂട്ടിയും കിഴിച്ചും മുന്നണികള്‍, കേരളം നാളെ വിധിയെഴുതും

തിരുവനന്തപുരം: പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങുമ്പോൾ കേരളം എങ്ങോട്ട് ചായും എന്നത് പ്രവചനാതീതം. ആഴ്ചകൾ നീണ്ട പ്രചാരണത്തിനുശേഷം പോളിങ് ബൂത്തുകളിലേക്ക് നീങ്ങാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴും പ്രകടമായ സൂചനകൾ തരാതെ തീരുമാനം മനസ്സിലൊതുക്കിയിരിക്കുകയാണ് പ്രമുഖർ മത്സരിക്കുന്ന മണ്ഡലങ്ങൾ.


ഒരുമാസത്തോളം ഇളക്കിമറിച്ച ശബ്ദായമാനമായ പ്രചാരണത്തിന് തിരശ്ശീല വീണു. ഇനിയുള്ളത് ഒരുദിവസത്തെ നിശ്ശബ്ദ പ്രചാരണം. വീടുകൾ കയറി തങ്ങളുടെ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യണം എന്ന അഭ്യർഥനയുമായി പ്രവർത്തകർ കയറിയിറങ്ങും.

അവസാന നിമിഷത്തെ നിശ്ശബ്ദ പ്രചാരണത്തിനാണ് ഇനി പ്രാധാന്യം. നിഷ്പക്ഷ വോട്ടുകൾ എങ്ങനെയും തങ്ങളുടെ തട്ടകത്തിലേക്ക് കൊണ്ടുവരാനായി നിശ്ശബ്ദ പ്രചാരണത്തിലൂടെ സാധിക്കുമെന്നാണ് പ്രവർത്തകരുടെ വിശ്വാസം. ഇതുവരെയുള്ള പ്രചാരണത്തെ വിലയിരുത്തുന്നതായിരിക്കും ഇനിയുള്ള ഒരു പകലും ഒരു രാത്രിയും.

കൂട്ടിക്കിഴിക്കലും അവലോകനങ്ങളും നടത്തി തങ്ങൾക്കനുകൂലമായ വോട്ടുകൾ സ്ഥിരപ്പെടുത്താനുള്ള ശ്രമത്തിലാണ് മൂന്ന് മുന്നണികളിലെയും പ്രവർത്തകർ. ആടിനിൽക്കുന്ന വോട്ടുകൾ ഒറ്റദിവസംകൊണ്ട് എതിർവശത്തേക്ക് പോകാതെ നോക്കുക എന്നതാണ് പ്രവർത്തകർക്കുള്ള കടമ്പ. അവസാനനിമിഷം അടിയൊഴുക്കുകൾ ഉണ്ടാകാതിരിക്കാനായി ഉറക്കമൊഴിച്ചും പ്രവർത്തകർ കാത്തിരിക്കും. നാടിനെ ഇളക്കിമറിച്ച പരസ്യപ്രചാരണം തീരുമ്പോൾ വിജയം തങ്ങൾക്കൊപ്പമെന്ന് കണക്കുകൂട്ടുകയാണ് മുന്നണികൾ.

വികസനംമുതൽ വിശ്വാസംവരെ ഉയർത്തിയുള്ള പ്രചാരണം തീപാറുന്നതായിരുന്നു. മുൻവർഷമുണ്ടായ പ്രളയവും ചർച്ചയിലെത്തി. കാർഷികമേഖലയിലെ പ്രതിസന്ധി, പ്രളയാനന്തര പുനരധിവാസം അടിസ്ഥാനസൗകര്യ വികസനം, ശബരിമല വിഷയം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പ്രചാരണവേളയിൽ ഉയർന്നുവന്നിരുന്നു.

രാഷ്ടീയ വിഷയങ്ങൾക്ക് പുറമേ സാമുദായികമായ ഘടകങ്ങളും പലമണ്ഡലങ്ങളിലെയും അടിയൊഴുക്കുകളെ സ്വാധീനിച്ചേക്കാം. മുന്നണികളുടെ ആരോപണ പ്രത്യാരോപണങ്ങൾക്കും അവകാശവാദങ്ങൾക്കുമിടയിലും മനസ്സ് തുറക്കാതെ നിഷ്പക്ഷ വോട്ടുകളാണ് വിജയം ആർക്കൊപ്പമെന്നതിൽ നിർണായകമാകുന്നത്.

മുൻതിരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി ദേശീയതലത്തിൽതന്നെ ശ്രദ്ധപിടിച്ചുപറ്റിയ മത്സരമാണ് കേരളത്തിലെ ചില മണ്ഡലങ്ങളിൽ ഇക്കുറി നടക്കുന്നത്. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തോടെ വയനാട് ദേശീയ ശ്രദ്ധ നേടി. ശബരിമല സമരങ്ങളുടെ മുഖ്യകേന്ദ്രമായ പത്തനംതിട്ടയും ബിജെപിയും കോൺഗ്രസും നേരിട്ടേറ്റുമുട്ടുന്ന തിരുവനന്തപുരവും ദേശീയ ശ്രദ്ധയിൽ പതിഞ്ഞ മണ്ഡലങ്ങളാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, രാഹുൽഗാന്ധി, പ്രിയങ്കാ ഗാന്ധി, സീതാറാം യെച്ചൂരി, കേന്ദ്രമന്ത്രിമാർ തുടങ്ങി ദേശീയ നേതാക്കളുടെ വലിയ നിരതന്നെ വ്യത്യസ്ത മുന്നണികളുടെ പ്രചാരണത്തിനായി കേരളത്തിലെത്തിയിരുന്നു. ഇതിന്റെയൊക്കെ സ്വാധീനം എത്രത്തോളമുണ്ടെന്ന് മെയ് 23 ന് വോട്ടെണ്ണൽ ദിനത്തിൽ അറിയാം.


പോളിംഗ് സാധനങ്ങളുടെ വിതരണം രാവിലെ മുതൽ, കർശന സുരക്ഷയുമായി കേന്ദ്രസേനയും പൊലീസും.

തിരുവനന്തപുരം: സംസ്ഥാനം നാളെ പോളിംഗ് ബൂത്തിലേക്ക്. സ്ഥാനാർത്ഥികൾക്ക് ഇന്ന് നിശബ്ദപ്രചാരണത്തിന്റെ ദിനമാണ്. പോളിംഗ് സാധനങ്ങളുടെ വിതരണവും ഇന്ന് നടക്കും. വോട്ടെടുപ്പിന് കേന്ദ്രസേനയും പൊലീസും കർശന സുരക്ഷയാണ് ഒരുക്കുന്നത്.

പതിനേഴാം ലോക്സഭയിലേക്കുളള കേരളത്തിന്റെ ജനവിധി കുറിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. 2 കോടി 61 ലക്ഷം പേർക്കാണ് സംസ്ഥാനത്ത് വോട്ടവകാശമുളളത്. 24,970 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 831 പ്രശ്‌നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്‌നസാധ്യതാ ബൂത്തുകളുമുണ്ട്. 219 ബൂത്തുകൾക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ട്. 3621 പോളിംഗ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനമുണ്ടാകും.

58,138 പൊലീസുകാർക്കാണ് സുരക്ഷാചുമതല. സിഐഎസ്എഫ്, സിആർപിഎഫ്, ബിഎസ്എഫ് ജവാൻമാരുടെ 55 കമ്പനി സേനയുമാണ് സുരക്ഷ ചുമതല നിര്‍വ്വഹിക്കുക. തമിഴ്നാട്ടിൽ നിന്നും 2000 പൊലീസുകാരെയും കർണ്ണാടകയിൽ നിന്നും 1000 പൊലീസുകാരെയും സുരക്ഷക്കായി വിന്യസിക്കും. 

പോളിംഗ് ജോലികൾക്ക് 1,01,140 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്. 35,193 വിവിപാറ്റുകളും 44,427 ബാലറ്റ് യൂണിറ്റുകളുമാണ് പോളിംഗിനായി എത്തിച്ചിരിക്കുന്നത്. 149 കേന്ദ്രങ്ങളിൽ നിന്ന് പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യും. സംസ്ഥാനത്ത് 55 വോട്ടെണ്ണൽ കേന്ദ്രങ്ങളും 257 സ്‌ട്രോംഗ് റൂമുകളും സജ്ജമാക്കും.

Previous Post Next Post
3/TECH/col-right