കൊടുംചൂടിന് ആശ്വാസമായി കേരളത്തില്‍ വ്യാപകമഴ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 18 April 2019

കൊടുംചൂടിന് ആശ്വാസമായി കേരളത്തില്‍ വ്യാപകമഴ

തിരുവനന്തപുരം: കൊടുംചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് പലയിടത്തും വേനല്‍മഴയെത്തി. ഇന്നലെ രാത്രി മുതൽ ഇന്ന് ഉച്ച വരെ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും മഴ കിട്ടി. തെക്കൻ ജില്ലകളിൽ ഇന്നും നാളെയും ശക്തമായ മഴ തുടരും എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമേ മലബാറിലും നാളെ വേനൽ മഴ പ്രതീക്ഷിക്കാം.


തെക്കൻ ജില്ലകളിലും തിരുവനന്തപുരത്തും കോട്ടയത്തും ശക്തമായ മഴയാണ് ഇന്ന് ലഭിച്ചത്. തലസ്ഥാനത്ത് ഉച്ചയ്ക്ക് ആരംഭിച്ച മഴ ഒന്നര മണിക്കൂറോളം നീണ്ടു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ ശക്തമായ ഇടിയോട് കൂടി മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.


ഈ മേഖലയിൽ മണിക്കൂറിൽ 40 മുതൽ 55 കിലോമീറ്റർ വേ​ഗതയിൽ കാറ്റടിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. നാളെ പാലക്കാട്, മലപ്പുറം,കോഴിക്കോട്  ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിൽ തന്നെ മലപ്പുറം ജില്ലയുടെ ചില ഒറ്റപ്പെട്ട ഭാ​ഗങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വി​ദ​ഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

കൊടും ചൂടിൽ വെന്തുരുകുന്ന സംസ്ഥാനത്തിന് അപ്രതീക്ഷിതമായി എത്തിയ വേനൽ മഴ വലിയ ആശ്വാസമായെങ്കിലും സംസ്ഥാനത്തെ ഉയർന്ന താപനിലയിൽ വലിയ മാറ്റം പ്രതീക്ഷിക്കേണ്ട എന്നാണ് കാലാവസ്ഥാ വിദ​ഗ്ദ്ധർ പറയുന്നത്. ഇന്നും നാളെയും വയനാട് ഒഴികെ എല്ലാ ജില്ലകളിലും താപനില ശരാശരിയിലും രണ്ട് ഡി​ഗ്രീ വരെ കൂടിയേക്കാം.
 

രാജ്യത്ത് ഇക്കുറി ശരാശരി മഴ ലഭിക്കും എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചുവെങ്കിലും കാലവർഷം കുറയും എന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് റിപ്പോർട്ട് ചെയ്യുന്നത്. പസഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസം ഇന്ത്യൻ ഉപഭൂഖണ്ഡലത്തിലെ മഴയുടെ ലഭ്യതയെ സാരമായി ബാധിക്കുമെന്ന് സ്കൈമറ്റ് ഇന്ന് പുറത്തു വിട്ട രണ്ടാമത്തെ റിപ്പോർട്ടിലും പറയുന്നു. 

അതേസമയം തെക്കന്‍ കേരളത്തിലും തമിഴ്നാട്ടിലും ഈ ദിവസങ്ങളില്‍ നല്ല മഴ ലഭിക്കും എന്നാണ് സ്കൈമെറ്റും പ്രവചിക്കുന്നത്. ബെംഗ്ലളൂരുവിലും ചെന്നൈയിലും നല്ല മഴ ലഭിക്കും എന്നും സ്കൈമെറ്റ് പുറത്തു വിട്ട റിപ്പോര്‍ട്ടിലുണ്ട്.

വേനല്‍ മഴ ലഭിക്കുന്നതോടെ അന്തരീക്ഷ താപനിലയില്‍ കുറവണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രതീക്ഷ. മലപ്പുറം ജില്ലയില്‍ നാളെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പും നല്‍കുന്നു. ഇത്തവണ 75 ശതമാനത്തോളം കുറവാണ് വേനല്‍ മഴയിലുണ്ടായത്.

അന്തരീക്ഷ താപനില മിക്ക ജില്ലകളിലും 40 ഡിഗ്രിക്ക് മുകളിലായിരുന്നു. അതേസമയം കാലവര്‍ഷത്തിലും ഇത്തവണ കുറവുണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി 

ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. കേരളത്തില്‍ അടുത്ത 5 ദിവസത്തേക്ക് വേനൽമഴയുടെ ഭാഗമായി ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

ഇടിമിന്നൽ സമയത്ത് ടെറസിലോ മുറ്റത്തോ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും തുറസ്സായ സ്ഥലത്ത് കളിക്കുന്നതിൽ നിന്നും കുട്ടികളെ വിലക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായ സാഹചര്യത്തില്‍ ഇടി മിന്നല്‍ ഉള്ളപ്പോള്‍ മൈക്ക് പ്രവര്‍ത്തിപ്പിക്കരുതെന്ന് രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.

എറണാകുളം മുളന്തുരത്തിയില്‍ ഇന്നലെ രണ്ട് പേര്‍ ഇടിമിന്നലേറ്റ് മരിച്ചതിന് പിന്നാലെയാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് നിര്‍ദേശം വന്നിരിക്കുന്നത്. തെക്കന്‍ ജില്ലകളിലും മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലും വേനല്‍മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.


*ഇടിമിന്നൽ - ജാഗ്രത നിർദേശങ്ങൾ*

കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന വേനൽ മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട്തുടങ്ങുന്ന ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയം സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

*സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക ശ്രദ്ധയ്ക്ക്*
- ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതിൽനിന്നും വിലക്കുക.
- സ്ത്രീകൾ മഴക്കാർ കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ  ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് പോകരുത്

*തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപെട്ട പ്രസംഗ വേദികളില്‍ ഇടിമിന്നല്‍ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കുക. പ്രാസംഗികര്‍ ഉയര്‍ന്ന വേദികളില്‍ ഇത്തരം സമയങ്ങളില്‍ നില്‍ക്കാതിരിക്കുകയും, മൈക്ക് ഉപയോഗിക്കാതിരിക്കുകയും ചെയ്യുക*.

പൊതു നിര്‍ദേശങ്ങള്‍
- ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.
- ഗൃഹോപകരണങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
- ജന്നലും വാതിലും അടച്ചിടുക
- ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
- ഫോൺ ഉപയോഗിക്കരുത്‌.
- ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.
- കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
- ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌. 
- വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.
- വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
- ഇടിമിന്നൽ ഉണ്ടാകുംബോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
- പട്ടം പറത്തുവാൻ പാടില്ല. 
- തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക. 
- ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക. 
- ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടുപ്പിക്കാം.
- മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കഴ്ച്ചയോ കേഴ്‌വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത്‌ പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രധമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കന്റ്‌ സുരക്ഷക്കായിട്ടുള്ള സുവർണ്ണ നിമിഷങ്ങളാണ്‌.
- വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്

മേല്‍ നിര്‍ദേശങ്ങള്‍ എല്ലാ മാധ്യമങ്ങളും പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

കുട്ടികള്‍ക്കും, സംസാരശേഷി പരിമിതര്‍ക്കും ആയി ഇടിമിന്നല്‍ സുരക്ഷ സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ദൃശ്യ സന്ദേശം അനുബന്ധമായി ചേര്‍ക്കുന്നു.

കുട്ടികള്‍ക്കുള്ള സന്ദേശം - 

https://www.youtube.com/watch?v=D1aNJJ5j9n8

സംസാരശേഷി പരിമിതര്‍ക്കുള്ള ആംഗ്യ സന്ദേശം - 

https://www.youtube.com/watch?v=So1uMkDyzd4

ദൃശ്യമാധ്യമങ്ങള്‍ സംസാരശേഷി പരിമിതര്‍ക്കായി ഈ ആംഗ്യ സന്ദേശം പ്രദര്‍ശിപ്പിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

റേഡിയോ, ദൃശ്യമാധ്യമങ്ങള്‍ എന്നിവ ഉച്ചയ്ക്ക് 1 മണി മുതല്‍ ഇടിമിന്നല്‍ സുരക്ഷാ സന്ദേശം പ്രത്യേകമായി അടുത്ത 5 ദിവസത്തേക്ക് പരാമര്‍ശിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

പൊതു സുരക്ഷാ സന്ദേശം അടങ്ങിയ ലഘുലേഖ ഇവിടെ ലഭ്യമാണ് 

http://sdma.kerala.gov.in/wp-content/uploads/2018/11/2.Lightning.pdf  • HCF DM TEAM

 

No comments:

Post a Comment

Post Bottom Ad

Nature