Trending

അറിയാം ഹൃദ്യം പദ്ധതിയെക്കുറിച്ച്‌

കൊച്ചി:മംഗളൂരുവില്‍നിന്ന് ഹൃദയശസ്ത്രക്രിയയ്ക്കായി പതിനഞ്ച് ദിവസം പ്രായമുള്ള കുഞ്ഞുമായി ആംബുലന്‍സ് പുറപ്പെട്ടെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് 'ഹ്യദ്യം' പദ്ധതിയെക്കുറിച്ച്‌ ചര്‍ച്ചകള്‍ സജീവമായത്. ഒട്ടേറേ പേര്‍ക്ക് സഹായകരമാകുന്ന ഈ പദ്ധതിയെക്കുറിച്ച്‌ പലരും കേട്ടിട്ടുപോലുമില്ല.
 

കുട്ടികളിലെ ഹൃദയവൈകല്യങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ ചികിത്സിച്ചുഭേദപ്പെടുത്തുന്ന പദ്ധതിയാണ് 'ഹൃദ്യം'. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി ഹൃദയശസ്ത്രക്രിയ നടത്തും.
www.hridyam.in എന്ന വെസൈറ്റിലാണ് ഇതിന് പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. 

ചികിത്സിക്കുന്ന ഡോക്ടറുടെ സഹായത്തോടെ അച്ഛനമ്മമാര്‍ക്ക് കുട്ടിയുടെ വിവരങ്ങള്‍ ഹൃദ്യം വെബ്സൈറ്റില്‍ ഉള്‍പ്പെടുത്താം. എല്ലാ ജില്ലകളിലും പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങളുണ്ട് (ഡി.ഇ.ഐ.സി.).

മുന്‍ഗണന അടിയന്തര സ്വഭാവമനുസരിച്ച്‌
 
വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്താലുടന്‍ രജിസ്ട്രേഷന്‍ നമ്ബര്‍ ലഭിക്കും. ഇതായിരിക്കും തുടര്‍ചികിത്സയ്ക്കുള്ള നമ്ബര്‍. അഞ്ച് ഘട്ടങ്ങളായി വിവരങ്ങള്‍ പുനഃപരിശോധിക്കും. രോഗത്തിന്റെ സങ്കീര്‍ണതയനുസരിച്ചാണ് മുന്‍ഗണന. അടിയന്തര സ്വഭാവമനുസരിച്ച്‌ വിവിധ വിഭാഗങ്ങളില്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും.
 
പദ്ധതിയില്‍പ്പെടുന്ന ആശുപത്രികള്‍
 

* കോഴിക്കോട് മെഡിക്കല്‍ കോളേജ്
* കോഴിക്കോട് മിംസ് ഹോസ്പിറ്റല്‍
* കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്
* കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി
* എറണാകുളം ലിസ്സി ഹോസ്പിറ്റല്‍
* കോട്ടയം മെഡിക്കല്‍ കോളേജ്
* തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റല്‍
* തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്
* തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി.


അഞ്ച് പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റുകള്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡാണ് ശസ്ത്രക്രിയയ്ക്കുവേണ്ട തീരുമാനങ്ങള്‍ എടുക്കുക. അത്യാഹിത സ്വഭാവമുള്ളതാണെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. വിദഗ്ധസമിതി തീരുമാനം 24 മണിക്കൂറിനുള്ളില്‍ ലഭിച്ചില്ലെങ്കില്‍ അടിയന്തര സാഹചര്യം കണക്കിലെടുത്ത് രാഷ്ടീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം (ആര്‍.ബി.എസ്.കെ.) പദ്ധതിയില്‍ എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലും ശസ്ത്രക്രിയ ചെയ്യാം. 

ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകാന്‍ സൗജന്യ ആംബുലന്‍സ് സഹായവും നല്‍കും.സംസ്ഥാന സര്‍ക്കാരും ദേശീയ ആരോഗ്യ ദൗത്യത്തിെന്റ കീഴിലുള്ള ആര്‍.ബി.എസ്.കെ.യുമാണ് ഇതിനുള്ള ഫണ്ട് കണ്ടെത്തുന്നത്. യുണിസെഫും ബോസ്റ്റണിലെ ചില്‍ഡ്രന്‍സ് ഹാര്‍ട്ട് ലിങ്കും സാങ്കേതികസഹായം നല്‍കും. 

പദ്ധതി മുഖേന 2019 എപ്രില്‍ വരെ 222 കുട്ടികള്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായി. ഇതില്‍ 128-ഉം നവജാത ശിശുക്കളാണ്. 801 പേര്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എപ്രിലില്‍മാത്രം 155 പേര്‍ രജിസ്റ്റര്‍ ചെയ്തു.
സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ കുട്ടികളെയും ആര്‍.ബി.എസ്‌.കെ. മാര്‍ഗനിര്‍ദേശം അനുസരിച്ചുള്ള പരിശോധകള്‍ക്ക് വിധേയരാക്കുന്നുണ്ട്.

പദ്ധതി കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ഫെയ്സ്ബുക്കിലും ട്വിറ്ററിലും അക്കൗണ്ടുകളുണ്ട്. ദേശീയ ആരോഗ്യ മിഷന്റെ ടോള്‍ ഫ്രീ നമ്ബറായ 1026-ലും ബന്ധപ്പെടാം.
Previous Post Next Post
3/TECH/col-right