Trending

കേരളം ഡോക്ടര്‍മാരുടെ സ്വന്തം നാട്

തൃശ്ശൂര്‍: ഡോക്ടര്‍മാരെ മുട്ടിയിട്ട് വഴിനടക്കാനാവില്ല എന്നുപറയേണ്ടി വരുമോ കേരളത്തിന്? വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍തന്നെ പറയുന്നത്. പത്തുവര്‍ഷത്തിനകം സംസ്ഥാനത്ത് 200 പേര്‍ക്ക് ഒരുഡോക്ടര്‍ എന്ന നിലയിലായിരിക്കും സ്ഥിതിയെന്നാണ് വിലയിരുത്തപ്പെടുന്നത്.


ഇപ്പോള്‍ 500 പേര്‍ക്ക് ഒന്ന് എന്ന നിലയില്‍നിന്ന് കുതിക്കാന്‍ പാകത്തിന് ഡോക്ടര്‍മാരെ ഓരോ കൊല്ലവും സംസ്ഥാനത്തെ 28 മെഡിക്കല്‍ കോളേജുകള്‍ സംഭാവന ചെയ്യുന്നുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഒരുവര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന പഠനത്തിലാണ് ഡോക്ടര്‍മാരുടെ പെരുപ്പം വെളിപ്പെടുന്നത്.

സമൂഹത്തില്‍ ഡോക്ടര്‍മാര്‍ കൂടുന്നത് നല്ലതല്ലേ എന്നൊരു അഭിപ്രായം ചിലര്‍ സ്വാഭാവികമായും പ്രകടിപ്പിച്ചേക്കാം. സാമ്ബത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ റിസര്‍വ് ബാങ്കിനെക്കൊണ്ട് കൂടുതല്‍ കറന്‍സിനോട്ടുകള്‍ അച്ചടിപ്പിച്ചാല്‍ പോരേ എന്ന അഭിപ്രായത്തിന്‌ സമാനമായിരിക്കും അതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

സംസ്ഥാനത്തെ ആരോഗ്യരംഗത്ത് അനാരോഗ്യ പ്രവണതകള്‍ കൂടാന്‍മാത്രമേ ഡോക്ടര്‍മാരുടെ വര്‍ധന ഉപകരിക്കൂ എന്നാണ് വിലയിരുത്തല്‍. നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടം ഡോക്ടര്‍മാര്‍ തമ്മില്‍ രൂക്ഷമാവും. ഇപ്പോള്‍ത്തന്നെ ഇതുള്ള സംസ്ഥാനമാണ് കേരളം
.
നിലവില്‍ 70,000 ഡോക്ടര്‍മാരാണ് കേരളത്തിലുള്ളത്. ഓരോ വര്‍ഷവും ശരാശരി 3000 ഡോക്ടര്‍മാര്‍ പഠിച്ചിറങ്ങുന്നുണ്ട്. ഇതിനുപുറമേയാണ് പുറത്തുനിന്ന് പഠിച്ചിറങ്ങുന്നവര്‍. ഇന്ത്യയില്‍ ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാരുടെ 40 ശതമാനം കേരളം, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ്.

* രാജ്യത്ത് 2000 പേര്‍ക്ക് ഒരു ഡോക്ടര്‍
* ഹരിയാണയില്‍ 6000 പേര്‍ക്ക് ഒന്ന്
* ജാര്‍ഖണ്ഡില്‍ 8000 പേര്‍ക്ക് ഒന്ന്
* തമിഴ്നാട്ടില്‍ 250 പേര്‍ക്ക് ഒന്ന്
* ലോകത്ത് മുന്നില്‍ ക്യൂബ .ക്യൂബയില്‍ 170 പേര്‍ക്കാണ് ഒരു ഡോക്ടര്‍
* മൊണാക്കോ, സെയ്ന്റ് ലൂസിയ, ബെലാറസ്, ഗ്രീസ്, റഷ്യ, ഇറ്റലി എന്നീ രാജ്യങ്ങളില്‍ 200-ന് ഒന്ന്

പ്രവണത അപകടകരം
 
ഡോക്ടര്‍മാരുടെ എണ്ണം കേരളം പോലെ ചെറിയ വിസ്തൃതിയിലുള്ള സ്ഥലത്ത് പെരുകുന്നത് അപകടകരമായ സ്ഥിതിയുണ്ടാക്കും. ചികിത്സാ രംഗത്തെ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടേക്കാം.രോഗികള്‍ക്കുവേണ്ടിയുള്ള മത്സരം കൂടിയേക്കാം-ഡോ. എന്‍. സുല്‍ഫി, ജനറല്‍ സെക്രട്ടറി, ഐ.എം.എ. കേരള ഘടകം.
Previous Post Next Post
3/TECH/col-right