Trending

പ്രളയ കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ച:അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

തിരുവനന്തപുരം: പ്രളയത്തിനു കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്.സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം.ഡാമുകള്‍ തുറന്നത് മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്നും അമിക്കസ് ക്യൂറി ജേക്കബ് പി അലക്‌സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
49 പേജുകളുള്ള വിശദ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയും മുന്നറിയിപ്പ് നല്‍കാതെയും ഡാമുകള്‍ തുറന്നതാണോ പ്രളയത്തിനു കാരണമെന്ന് ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചെളി അടിഞ്ഞുകിടന്നിടത്ത്‌ വെള്ളം അധികമൊഴുകിയെത്തിയതോടെ പല ഡാമുകളും വേഗത്തില്‍ നിറയാന്‍ കാരണമായത്. ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്തില്ലെന്നും കനത്തമഴയെ നേരിടാന്‍ തയ്യാറെടുപ്പുകള്‍ വേണ്ടവിധം കൈക്കൊണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന്വീഴ്ച സംഭവിച്ചുവെന്ന് ആരോപിക്കുന്ന നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.

പ്രളയം മനുഷ്യ നിർമ്മിതമാണെന്നും സാങ്കേതിക വിദഗ്ദ്ധരുടെ ഉന്നത സമിതി രൂപീകരിച്ച് പ്രളയത്തെപ്പറ്റി സമഗ്രാന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മെട്രോമാൻ ഇ.ശ്രീധരൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്ന കാര്യങ്ങൾ സത്യമെന്ന് തെളിയിക്കുന്നതാണ് ഇന്ന് പുറത്തു വന്ന അമിക്കസ് ക്യൂറി റിപ്പോർട്ട്.

തന്റെ 65 വർഷത്തെ എഞ്ചിനീയറിംഗ് പരിചയം വെച്ച് പ്രളയം മനുഷ്യ നിർമ്മിത ദുരന്തമാണെന്ന് കരുതുന്നു. കൊല്ലം – കോഴിക്കോട് ജില്ലകൾക്കിടയിലുള്ള നിരവധി പേർ ഇതുമൂലം വലിയ കഷ്ടനഷ്ടങ്ങൾ അനുഭവിച്ചു. ഇതിനെപ്പറ്റി സമഗ്രമായ ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബർ 30 നു തന്നെ മുഖ്യമന്ത്രിക്ക് കത്തയച്ചു. ആസൂത്രണ കമ്മീഷൻ വൈസ് ചെയർമാനും കത്തയച്ചിരുന്നു. യാതൊരു മറുപടിയും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നും ശ്രീധരൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഡാമുകൾ യഥാസമയം തുറന്നു വിടാതെ ജലം സംഭരിച്ചു നിർത്തിയതാണ് കേരളത്തിലെ പ്രളയത്തിനു കാരണമെന്ന് ശ്രീധരൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

പ്രളയത്തെപ്പറ്റി അന്വേഷണം വേണമെന്ന ശ്രീധരന്റേതുൾപ്പെടെയുള്ള ഹർജികൾ പരിഗണിച്ചതിനു ശേഷമാണ് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടും ശ്രീധരന്റെ ആരോപണങ്ങൾ ശരിവെക്കുന്നു. ഡാം പരിപാലനത്തിലെ പാളിച്ചയാണ് പ്രളയത്തെ തുടർന്ന് ഇത്തരത്തിൽ നാശനഷ്ടങ്ങളുണ്ടാകാൻ കാരണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നു.

കനത്ത മഴ വരുന്നതിനു മുൻപ് തന്നെ കേരളത്തിലെ ഡാമുകളെല്ലാം നിറഞ്ഞിരുന്നു എന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. വെള്ളപ്പൊക്കം തടയുക എന്ന ലക്ഷ്യവും ഡാമുകൾക്കുണ്ട്. എന്നാൽ ഡാമുകളിൽ നിയന്ത്രിതമായ രീതിയിലല്ല വെള്ളം സംഭരിച്ചത്. പ്രളയത്തിനൊപ്പം എല്ലാ ഡാമുകളും ഒരുമിച്ച് തുറന്നത് വലിയ നാശനഷ്ടമുണ്ടാക്കാൻ കാരണമായി. മാനദണ്ഡങ്ങൾ അനുസരിച്ചല്ല മുന്നറിയിപ്പ് നൽകിയത്. റെഡ് അലർട്ട് പ്രഖ്യാപിച്ചതിനു ശേഷം സുരക്ഷിത സ്ഥലങ്ങളിലേക്ക് ആരെയും മാറ്റിപ്പാർപ്പിച്ചില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ വിരമിച്ച ജഡ്ജി അദ്ധ്യക്ഷനായി വിദഗ്ദ്ധരുടെ സംഘം പ്രളയത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. കേന്ദ്ര സംസ്ഥാന ഏജൻസികളുടെ റിപ്പോർട്ടും സർക്കാരിന്റെയും വൈദ്യുതി വകുപ്പിന്റേയും സത്യവാങ്മൂലങ്ങളും വിശദമായി പരിശോധിച്ചതിനു ശേഷമാണ് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്.

2018 ഓഗസ്റ്റിൽ സംഭവിച്ച പ്രളയത്തിലും ഉരുൾപൊട്ടലിലും കനത്തമഴയിലും ഏകദേശം അഞ്ഞൂറോളം പേർ മരിച്ചതായാണ് റിപ്പോർട്ട്. ലക്ഷക്കണക്കിനു പേർ കിടപ്പാടം വിട്ട് ഓടേണ്ടി വന്നു. പത്തനംതിട്ട, ആലപ്പുഴ, തൃശൂർ , എറണാകുളം തുടങ്ങിയ ജില്ലകളിൽ ഡാമുകൾ ഒരുമിച്ച് തുറന്നു വിട്ടത് വൻ നാശനഷ്ടത്തിനാണ് കാരണമായത്.

ഡാം തുറക്കുന്നതിന് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്ന് അമീക്കസ് ക്യൂറിയുടെ കണ്ടെത്തൽ വാസ്തവ വിരുദ്ധം.
മഹാപ്രളത്തിന് പ്രധാന കാരണം ഡാമുകൾ മുന്നറിയിപ്പില്ലാതെ തുറന്നതാണെന്ന അമീക്കസ് ക്യൂറിയുടെ കണ്ടെത്തൽ വാസ്തവ വിരുദ്ധം.
വിവിധ സമയത്ത് മുന്നറിയിപ്പുകൾ നൽകിയത് മലയാള മാധ്യമങ്ങൾക്കൊപ്പം ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.


ഇതോടൊപ്പം ആളുകളോട് ജാഗ്രത പാലിക്കാനുളള മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയും റിപ്പോർട്ട് ചെയ്തിരുന്നു. ഡാമുകളില്ലാത്ത മലപ്പുറത്തും, കോഴിക്കോടിന്റെ മലയോര മേഖലയിലും പ്രളയം നാശം വിതച്ചിരുന്നു. മധ്യകേരളത്തിലും ഡാമുകളുമായി ബന്ധമില്ലാത്ത ജില്ലകളിൽ വൻ നാശം വിതച്ചിരുന്നു.


ഡാമുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചപ്പോൾ മാധ്യമങ്ങളെല്ലാം ഡാം തുറക്കുന്നത് കാണാൻ ഒരാഴ്ചയോളം ഡാമിന് സമീപം ക്യാമ്പ് ചെയ്തിരുന്നതും കേരളം മറന്നിട്ടില്ല, വസ്തുത ഇതായിരിക്കേ KSEB യിൽ നിന്നും റിപ്പോർട്ട് പോലും തേടാതെ മുന്നറിയിപ്പ് നൽകിയില്ല എന്ന തരത്തിൽ കോടതിക്ക് നൽകിയ റിപ്പോർട്ടിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്.Previous Post Next Post
3/TECH/col-right