Trending

അവധിക്കാലവും നിരക്കുവർധനയും;വ്യോമയാന രംഗത്തെ കാർമേഘങ്ങൾ.

വ്യോമയാനരംഗത്തെ പ്രതിസന്ധിയും അവധിക്കാലവും ഒരുമിച്ചെത്തിയതോടെ വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന. നിരക്ക് പിടിച്ചുനിർത്താനുള്ള വഴിതേടി സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡിജിസിഎ) വിമാനക്കമ്പനികളുടെ അടിയന്തര യോഗം വിളിച്ചു.

 എന്നാൽ നിരക്കുവർധന വരുത്തിയിട്ടില്ലെന്നാണു കമ്പനികൾ നൽകുന്ന വിശദീകരണം. ഏറെ പരാതിയുയർന്നതോടെയാണു ഡിജിസിഎ യോഗം വിളിച്ചത്.  വിമാനസർവീസുകൾ  റദ്ദാക്കിയതുൾപ്പെടെയുള്ള പ്രതിസന്ധിക്കു പരിഹാരം കാണാനാണു ശ്രമം. എന്നാൽ നിരക്കുവർധന നിയന്ത്രിക്കാൻ നിലവിൽ പദ്ധതികളൊന്നുമില്ല. ഇക്കാര്യത്തിൽ പല ശുപാർശയുമുണ്ടായിരുന്നെങ്കിലും നടപ്പായിട്ടില്ല.


 പണ്ടേ ദുർബല... തിരുവനന്തപുരം

ഇപ്പോഴത്തെ പ്രതിസന്ധിക്കുമുൻപുതന്നെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തി‍ൽനിന്നുള്ള സർവീസുകളിൽ കുറവുണ്ട്. ഒരു വർഷത്തിനിടയിൽ ഇല്ലാതായത് 198 രാജ്യാന്തര വിമാന സർവീസുകളും 335 ആഭ്യന്തര സർവീസുകളും. മൊത്തം സർവീസുകളിൽ 17.3 ശതമാനത്തിന്റെ കുറവ്.

എയർപോർട്ട് അതോറിറ്റിയുടെ കണക്കനുസരിച്ച് 2018 ജനുവരിയിൽ 3082 സർവീസുകളാണ് തിരുവനന്തപുരത്ത് നിന്നുണ്ടായിരുന്നത്. ഇക്കഴിഞ്ഞ ജനുവരിയിൽ ഇത് 2549 ആയി കുറഞ്ഞു. ജനുവരിക്കു ശേഷവും പല വിമാനക്കമ്പനികളും സർവീസ് അവസാനിപ്പിച്ചു. സൗദി എയർലൈൻസ്, ഫ്ലൈ ദുബായ്, ജെറ്റ് എയർവേയ്സ്, സ്പൈസ്ജെറ്റ് എന്നിവയാണു പിന്മാറിയത്. സൗദി എയർലൈൻസും ഫ്ലൈ ദുബായിയും കൂടുതൽ യാത്രക്കാരുള്ള കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കു സർവീസ് മാറ്റുകയാണു ചെയ്തത്.

കോഴിക്കോട്

സാമ്പത്തിക പ്രശ്നവും 737 മാക്സ് 8 വിമാനത്തിനുള്ള നിരോധനവും കോഴിക്കോട് വിമാനത്താവളത്തെ ചെറിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. 737 മാക്സ് 8 വിമാനം നിരോധിച്ചതിനാൽ ഒമാൻ എയറിന്റെ കോഴിക്കോട് -മസ്കത്ത്, മസ്കത്ത് -കോഴിക്കോട് 4 സർവീസുകൾ പിൻവലിച്ചിരുന്നു. ഇന്നലെ വരെയായിരുന്നു പ്രശ്നമെന്നും പരിഹരിച്ചെന്നും ഒമാൻ എയർ.

∙ സ്പൈസ് ജെറ്റിന്റെ ദുബായ് വിമാനം737 മാക്സ് ആയിരുന്നു. 737 -800 വിമാനം ആക്കി പ്രശ്നം പരിഹരിച്ചു. ജിദ്ദ, ദോഹ വിമാന സർവീസ് ഏപ്രിലിൽ ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. 737 മാക്സ് വിമാനം നിരോധിക്കപ്പെട്ടതോടെ ഈ സർവീസുകൾ പ്രതിസന്ധിയിലാണ്.

∙ ജെറ്റ് എയർവെയ്സ് കോഴിക്കോട് -മുംബൈ വിമാനം 4 മുതൽ ഇല്ല. സാമ്പത്തിക പ്രശ്നമാണു കാരണമായി അറിയിച്ചിരുന്നത്. നിലവിൽ സർവീസ് ഇല്ല.

കൊച്ചി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ജെറ്റ് എയർവേയ്സ് നടത്തിയിരുന്ന 13 പ്രതിദിന സർവീസുകളും സ്പൈസ്ജെറ്റിന്റെ 6 പ്രതിദിന സർവീസുകളും ഇപ്പോഴില്ല.ജെറ്റിന് കൊച്ചിയിൽനിന്നു പ്രതിദിനം മുംബൈയിലേക്ക് നാലും ഡൽഹിയിലേക്ക് ഒരു സർവീസും നടത്തിയിരുന്നു.ഗൾഫ് മേഖലയിലേക്കും സർവീസുണ്ടായിരുന്നു.

സ്പൈസ്ജെറ്റിന് 3 രാജ്യാന്തര സർവീസുകൾ ഉൾപ്പെടെ 10 സർവീസുകൾ കൊച്ചിയിൽ നിന്നുണ്ടായിരുന്നതിൽ ഇപ്പോൾ അഞ്ചു സർവീസുകൾ മാത്രം. ചെന്നൈ–മാലി വഴിയുള്ള ദുബായ് സർവീസുകളും മുംബൈ വഴിയുള്ള ഡൽഹി സർവീസുകളും ചെന്നൈ–കൊച്ചി–ചെന്നൈ സെക്ടറുകളുമാണ് തുടരുന്നത്. നേരിട്ട് ഡൽഹി, പുണെ എന്നിവിടങ്ങളിലേക്കുണ്ടായിരുന്ന സർവീസുകളില്ല.

പൈലറ്റ് ക്ഷാമത്തെത്തുടർന്ന് ഇൻഡിഗോയും വൻതോതിൽ സർവീസുകൾ വെട്ടിക്കുറയ്ക്കുന്നുണ്ട്. ഇന്നലെ കൊച്ചിയിൽ നിന്നുള്ള കൽക്കത്ത, പുണെ, ഹൈദരാബാദ്, ബെംഗളുരു സർവീസുകൾ ഉണ്ടായില്ല.


∙ 1 ജെറ്റ് എയർവേയ്സിന്റെ ആകെയുള്ള 119 വിമാനങ്ങളിൽ 41 എണ്ണം മാത്രമാണു സർവീസ് നടത്തുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി കമ്പനിയെ വലയ്ക്കുന്നു.

∙2 ബോയിങ് 737 മാക്സ് വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം സ്പൈസ് ജെറ്റിനെ പ്രതിസന്ധിയിലാക്കി. 12 വിമാനങ്ങൾ നിലത്തിറക്കേണ്ടി വന്നു.

∙3 പൈലറ്റുമാർ ഇല്ലാത്തത് ഇൻഡിഗോയുടെ തലവേദന. 30 സർവീസ് വീതം റദ്ദാകുന്നു.

പറക്കാം, ഇരട്ടി നിരക്കിൽ

 വിമാന യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സീസൺ മുതലെടുത്തു വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകൾ ഇരട്ടിയാക്കി. രാജ്യാന്തര യാത്രാ നിരക്കുകളാണു ഈ മാസം 28 മുതൽ വർധിക്കുന്നത്. വിദ്യാലയ അവധി, ഉംറ, ഹജ് തുടങ്ങിയവ കണക്കിലെടുത്താണു വർധന. അതേസമയം, ആഭ്യന്തര സർവീസുകളിൽ കാര്യമായ മാറ്റമില്ല.‌

കോഴിക്കോട്ടുനിന്ന് ഈ മാസം 31നു വിവിധ വിമാനത്താവളങ്ങളിലേക്കുള്ളനിരക്കുകൾ. ഇന്നലെയുള്ള നിരക്ക് ബ്രാക്കറ്റിൽ.

മസ്കത്ത്:     18,000 രൂപ (9,000രൂപ)
ദുബായ്:       10,200 (8,000)
ഷാർജ:         21,000 (8,000)
ജിദ്ദ:              30,000 (15,500)
ദമാം: കണക്‌ഷൻ വിമാനം 23,000 (11,500), നേരിട്ട് 31,000 (13,500)
റിയാദ്:         26,795 (12,000)
ബഹ്റൈൻ: 22,000 (11,900)


 ∙ കൊച്ചി–മുംബൈ റൂട്ടിൽ നിരക്കുകൾ 20,000 രൂപ വരെയായി ഉയർന്നിട്ടുണ്ടെന്ന് ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. ബുക്ക് ചെയ്തിരുന്ന പല ടിക്കറ്റുകളും ജെറ്റ് എയർവേയ്സ് തന്നെ മാറ്റിക്കൊടുക്കുന്നുണ്ടെങ്കിലും മറ്റു വിമാനക്കമ്പനികളിലേക്ക് ടിക്കറ്റുകൾ മാറ്റുമ്പോൾ വൻതുക അധികം നൽകേണ്ടിവരുന്നുണ്ട്.

 ∙ അവധി, തിരഞ്ഞെടുപ്പ് തുടങ്ങിയവ പ്രമാണിച്ച് അടുത്ത ആഴ്ച മുതൽ ടിക്കറ്റ് നിരക്കിൽ 30 മുതൽ 50 ശതമാനം വരെ വർധനയുണ്ടാകാമെന്നാണു തിരുവനന്തപുരത്തെ സൂചന.

∙  ഡൽഹിയിൽനിന്ന് അടുത്ത മാസം തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലേക്കു യാത്ര ചെയ്യാൻ ഇപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്താൽ 6500–7000 രൂപ നൽകണം. സാധാരണ 4500–5000 രൂപയ്ക്കു ടിക്കറ്റ് ലഭിച്ചിരുന്ന സ്ഥാനത്താണിത്. സർവീസുകൾ കൂടുതലുള്ള കൊച്ചിയിലേക്കു അയ്യായിരത്തിനു മുകളിലാണു നിരക്ക്.

ഡൽഹിയിൽനിന്നു ബെംഗളൂരു, മുംബൈ, കൊൽക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിലേക്കുള്ള നിരക്ക് ഇരട്ടിയിലേറെ. ഡൽഹിയിലേക്കുള്ള ടിക്കറ്റ് നിരക്കും സമാന അവസ്ഥയിൽത്തന്നെ.
Previous Post Next Post
3/TECH/col-right