Trending

പമ്പുകളിൽ നിന്നും പെട്രോളും ഡീസലും കുപ്പിയിൽ വാങ്ങാൻ ഇനി പോലീസിൻ്റെ കത്ത് വേണം.

നിങ്ങൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ഇന്ധനം വഴിക്കു വെച്ച് തീർന്നുപോയാൽ എന്ത് ചെയ്യും? പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല, ഒരു ഒഴിഞ്ഞ കുപ്പിയോ കാനോ ഒപ്പിച്ച് അടുത്തുള്ള പെട്രോൾ പമ്പിൽ ചെന്ന് പെട്രോളോ ഡീസലോ എന്താണ് വേണ്ടതെന്നു വെച്ചാൽ അത് വാങ്ങിക്കൊണ്ടു വന്നു വണ്ടിയിൽ ഒഴിക്കും. ഇങ്ങനെയാണ് എല്ലാവരും ഇതുവരെ ചെയ്‌തിരുന്നത്‌. 


എന്നാൽ ഈ പരിപാടി ഇനി നടക്കില്ലെന്നാണ് പമ്പുകാർ പറയുന്നത്. പമ്പുകളിൽ നിന്നും പെട്രോളും ഡീസലുമെല്ലാം കുപ്പികളിലും കാനുകളിലും വാങ്ങണമെങ്കിൽ ഇനി മുതൽ പോലീസിന്റെ കത്ത് വേണം. പെട്രോൾ കുപ്പിയിൽ വാങ്ങിയശേഷം ചിലർ അക്രമങ്ങൾക്ക് മുതിരുന്നതു കാരണമാണ് ഇത്തരത്തിൽ നിയമം കർശനമാക്കുവാൻ തീരുമാനമായത്. 

ഈയിടെ തിരുവല്ലയിൽ യുവതിയെ പെട്രോൾ ഒഴിച്ചു തീകൊളുത്തിയ സംഭവവും കൂടിയായപ്പോൾ പിന്നെ പറയുകയേ വേണ്ടായെന്നായി.
ഇത്തരത്തിൽ പമ്പുകാർ കടുംപിടുത്തം പിടിക്കുന്നതോടെ പെട്ടുപോയിരിക്കുന്നത് കരാർ അടിസ്ഥാനത്തിൽ പണിയെടുക്കുന്നവരാണ്. പണി നടക്കുന്ന സ്ഥലത്തെ വിവിധ ഉപകരണങ്ങൾക്കും മണ്ണുമാന്തി പോലുള്ള യന്ത്രങ്ങൾക്കും വേണ്ടിവരുന്ന ഇന്ധനം പമ്പുകളിൽ ചെന്നു വലിയ കന്നാസുകളിൽ വാങ്ങാറാണ് പതിവ്. 

ഈ നിയമം വന്നാൽ ഇവരൊക്കെ പോലീസ് സ്റ്റേഷനിലെത്തി കാത്തു നിന്ന് ഇന്ധനം വാങ്ങേണ്ടി വരുന്ന അവസ്ഥയാകും ഉണ്ടാകുക. അതുപോലെ തന്നെ വഴിക്കു വെച്ച് അബദ്ധവശാൽ വണ്ടികളുടെ ഇന്ധനമെങ്ങാനും തീർന്നുപോയാൽ ആദ്യം അടുത്ത പമ്പിലേക്ക് ആയിരിക്കില്ല ഓടേണ്ടി വരുന്നത്, അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ആയിരിക്കും.

സംഭവം വാർത്തയായതോടെ നിരവധിയാളുകളാണ് ഈ നിയമത്തെ എതിർത്തുകൊണ്ട് രംഗത്തു വന്നിരിക്കുന്നത്. ഈ വാർത്തയ്ക്ക് താഴെ രസകരമായ കമന്റുകൾ ഇട്ടാണ് ആളുകൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. 

ആ കമന്റുകളിൽ ചിലത് ഇങ്ങനെ : “ഇതിലും നല്ലത് പോലീസ് സ്റ്റേഷനിൽ പെട്രോൾ പമ്പ് തുടങ്ങുന്നതായിരുന്നു”, “പെട്രോൾ തീർന്നു വഴിയിൽ കിടന്നാൽ ആദ്യം പോലീസിൽ വിവരം അറിയിക്കുക അവർ സ്ഥലത്തു വന്നു ഉറപ്പാക്കും നമ്മുടെ പെട്രോൾ തീർന്നു എന്ന് അതിനു ശേഷം പോലീസ് സ്റ്റേഷനിൽ ചെന്ന് writer സാറിൽ നിന്നും കത്ത് വാങ്ങി ഈസി ആയി പെട്രോൾ വാങ്ങാവുന്നതാണ്”,”ഇനി ഇപ്പോൾ പോലീസ് സ്റ്റേഷൻ ഏതാ റേഷൻ കട ഏതാന്ന് തിരിച്ചറിയാൻ പറ്റുമോ. കുറേ കുപ്പീം കന്നാസും ഒക്കെ ആയിട്ട് അങ്ങനെ അങ്ങനെ..” 100 രൂപയ്ക്ക് പെട്രോൾ അടിക്കണമെങ്കിൽ പൊലീസിന് 200 രൂപ കൈക്കൂലി കൊടുക്കേണ്ട അവസ്ഥ വരുമല്ലോ എന്ന് ആശങ്ക പങ്കുവെയ്ക്കുന്നവരുമുണ്ട്.

അക്രമങ്ങൾ തടയപ്പെടേണ്ടതു തന്നെയാണ് പക്ഷെ ഇങ്ങനെയൊരു നിയമം നിലവിൽ വന്നുവെന്ന വാർത്ത ശരിയാണെങ്കിൽ അതുകൊണ്ട് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുവാൻ മാത്രമേ ഉപകരിക്കുകയുള്ളൂ. അക്രമം നടത്തുന്നതിനായി വണ്ടിയിൽ പെട്രോൾ അടിച്ചിട്ട് അത് കുപ്പിയിലേക്ക് ഊറ്റിയാൽ പിന്നെന്താണ് ഈ നിയമം കൊണ്ട് ഫലം? അക്രമികൾക്ക് തക്കതായ ശിക്ഷ നൽകുക എന്നതാണ് ഇതിനേക്കാൾ ഫലപ്രദമായ കാര്യം. 

ഇത്തരത്തിൽ കൊടുക്കുന്ന ശിക്ഷ എല്ലാവർക്കും ഒരു പാഠമാകണം. എന്തായാലും ഇനി പെട്രോൾ പമ്പിൽ നിന്നും ഇന്ധനം കുപ്പിയിൽ കിട്ടെല്ലെന്നാണ് സാരം. അപ്പോൾ എല്ലാവരും വണ്ടികളിൽ പിശുക്കി പിശുക്കി ഇന്ധനം അടിക്കാതെ അത്യാവശ്യം വേണ്ടുന്ന അളവിൽ അടിച്ചു വെക്കുക. ഏതെങ്കിലും ഓണംകേറാമൂലയിൽ വെച്ച് പെട്രോളെങ്ങാനും തീർന്നാൽ ഇനി പെട്ടുപോകും എന്നുറപ്പാണ്. 

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇങ്ങനെയൊരു ഉത്തരവ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ് കേരള പോലീസ് ഫേസ്‌ബുക്ക് പേജിൽ നിന്നും കിട്ടിയ അറിവ്. പെട്രോൾ കമ്പനിക്കാർ പമ്പുടമകൾക്ക് നൽകിയ നിർദ്ദേശമാണെന്നും പറയപ്പെടുന്നുണ്ട്. എന്തായാലും ബാക്കി കാത്തിരുന്നു കാണാം.
Previous Post Next Post
3/TECH/col-right