Trending

'ജനനി':ഇതുവരെ പിറന്നത് 138 കുഞ്ഞുങ്ങള്‍

വീട്ടിലെ പ്രശ്നം, ജോലിക്കിടയിലെ ആവലാതികള്‍... പലപ്പോഴും ഏതൊക്കെയോ ചുഴിയിലേക്കെറിയപ്പെടുന്ന ഒരുപാട് സ്ത്രീകളുണ്ട് നമുക്കുചുറ്റും. അവരുടെ മനസ്സിനെ കേള്‍ക്കാന്‍, അവരെ അറിയാന്‍ കുറച്ച്‌ സമയം മാറ്റിവെച്ചാല്‍ പല പ്രശ്നങ്ങളും തീരും. അതിനുള്ള അവസരമൊരുക്കുകയാണ് കഴിഞ്ഞ എട്ടുവര്‍ഷമായി പാവങ്ങാട് കണ്ടംകുളങ്ങരയിലെ ജില്ലാ പഞ്ചായത്ത് ഗവ. ജില്ലാ ഹോമിയോ ആസ്പത്രിക്ക് കീഴിലുള്ള 'സീതാലയം'.
 
സ്ത്രീ സാന്ത്വനം ഹോമിയോപ്പതിയിലൂടെ എന്ന ലക്ഷ്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന സീതാലയത്തിനുകീഴില്‍ 'ജനനി' വന്ധ്യതാനിവാരണ ക്ലിനിക്കും 'പുനര്‍ജനി' ലഹരി ചികിത്സാകേന്ദ്രവും പ്രവര്‍ത്തിക്കുന്നു. ജീവിതത്തെക്കുറിച്ച്‌ പുതിയ പ്രത്യാശ പകരുകയാണ് ജനനി. 


'ജനനി'യില്‍ പിറന്നത് 138 കുഞ്ഞുങ്ങള്‍
 
സീതാലയത്തില്‍ എത്തുന്നവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയാണ് ജനനിയും പുനര്‍ജനിയും തുടങ്ങിയത്. സീതാലയം തുടങ്ങി ഒരുവര്‍ഷം കഴിഞ്ഞശേഷം. മക്കളില്ലാത്തതിനാല്‍ ജീവിതത്തോടുള്ള പ്രത്യാശ നഷ്ടപ്പെട്ടെത്തുന്നവരാണ് പലരും. ഇതുവരെ ജനനിയില്‍ 138 കുഞ്ഞുങ്ങള്‍ പിറന്നു. 2013-ല്‍ ആറ്് കുഞ്ഞുങ്ങളാണ് ജനിച്ചത്. 2017-ല്‍ 41, 2018-ല്‍ 53 എന്നിങ്ങനെയാണ് ഇവിടെ പിറന്ന കുഞ്ഞുങ്ങള്‍. സംസ്ഥാനത്തൊട്ടെ 974 കുഞ്ഞുങ്ങളുടെ പിറവിക്കാണ് ജനനി പദ്ധതിസഹായമായത്.

സ്ത്രീകളുടെ പ്രായം ഇവിടെ ചികിത്സയ്ക്ക് ഒരു മാനദണ്ഡമാകുന്നില്ല. ''പല ചികിത്സകളും നടത്തിയ ശേഷമാണ് ദമ്ബതിമാര്‍ ഇവിടെ എത്തുന്നത്. എല്ലാവര്‍ക്കും കുഞ്ഞുങ്ങളുണ്ടാവണമെന്നില്ല. ഇത്ര സമയത്തിനുള്ളില്‍ ചികിത്സ ഫലപ്രദമാകുമെന്ന് നമ്മള്‍ പറയാറില്ല. എങ്കിലും ജീവിതത്തോടുള്ള പ്രതീക്ഷ വളര്‍ത്തിയെടുക്കാന്‍ കഴിയുന്നുണ്ട്''- ജനനി കണ്‍വീനര്‍ ഡോ. കെ.എസ്. സ്മിത പറഞ്ഞു. ഇവര്‍ക്കുപുറമേ തിങ്കള്‍മുതല്‍ ശനിവരെ ഡോ. രാജീവ് ജി. നായരുണ്ടാകും. കൂടാതെ നാല് ഡോക്ടര്‍മാര്‍ ആഴ്ചയിലെ ഓരോ ദിവസങ്ങളിലും വരും.

പത്തുരൂപയാണ് ഒ.പിയിലെ നിരക്ക്. മരുന്ന് സൗജന്യമായി നല്‍കുന്നു. സ്‌കാനിങ് യന്ത്രം ഉണ്ടെങ്കിലും അത് ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. ചികിത്സ തേടിയെത്തുന്നവരോട് സംസാരിച്ച്‌ യഥാര്‍ഥ പ്രശ്നങ്ങളിലേക്കെത്തുകയാണ് ചെയ്യുന്നത്. ഗര്‍ഭിണികളായിക്കഴിഞ്ഞാല്‍ പിന്നീട് അവരവര്‍ക്ക് ഇഷ്ടമുള്ള ആസ്പത്രിയിലേക്ക് പോകാം. 

ഒമ്ബതുമുതല്‍ രണ്ടുവരെയാണ് ഒ.പി. സമയം. ഒരുദിവസം 17 പേരെയാണ് നോക്കാന്‍ പറ്റുക. നേരത്തേ ബുക്ക് ചെയ്യണം. മൂന്നുമാസം മുമ്ബേ ബുക്ക് ചെയ്യേണ്ട സ്ഥിതിയാണിപ്പോള്‍. ജനനിക്കായി സ്വന്തം കെട്ടിടം പണിയാനുള്ള ഒരുക്കത്തിലാണ് ജില്ലാ പഞ്ചായത്ത്. തനതു ഫണ്ടില്‍നിന്ന് 40 ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്.

മനസ്സ് തുറക്കാം സീതാലയത്തില്‍
 
സ്ത്രീകളുടെ മാനസികവും സാമൂഹികവും ശാരീരികവുമായ പ്രശ്നങ്ങള്‍ക്കുള്ള ഒരാശ്രയകേന്ദ്രമാണ് സീതാലയം. ''സ്ത്രീ ശാക്തീകരണമാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്''- ആസ്പത്രി സൂപ്രണ്ട് ഡോ. വി. അബ്ദുസലാം പറഞ്ഞു.

സ്ത്രീകളോടുള്ള അനുഭാവപൂര്‍വമായ സമീപനമാണ് സീതാലയം ഉറപ്പാക്കുന്നത്. ''വീട്ടിനുള്ളില്‍ത്തന്നെ പല പ്രശ്നങ്ങളും അഭിമുഖീകരിക്കുന്ന സ്ത്രീകളുണ്ടാവും. അതാരോടും പറയാന്‍ പറ്റാതെ വിങ്ങുന്നവരായിരിക്കും ചിലര്‍. തിരക്കുകളില്ലാതെ അവരുടെ പ്രശ്നങ്ങള്‍ കേട്ട് ആവശ്യമായ ശാരീരിക-മാനസിക പരിചരണം ഉറപ്പാക്കുകയാണ് ഞങ്ങള്‍. 

ഒരിക്കലും രോഗികളായിട്ടല്ല നമ്മുടെ അടുത്ത് വരുന്നവരെ കാണുന്നത്. അതുകൊണ്ടുതന്നെ സ്വതന്ത്രമായി സംസാരിക്കാന്‍ കഴിയും''- സീതാലയം കണ്‍വീനര്‍ ഡോ. എസ്. ബിന്ദു പറഞ്ഞു. സ്ത്രീകളാണ് ഇവിടെയുള്ള ജീവനക്കാരെന്നതിനാല്‍ മടിയില്ലാതെ പ്രശ്നങ്ങള്‍ പറയാന്‍ തയ്യാറാകുന്നവരാണ് ഏറെയും.

ആഴ്ചയില്‍ തിങ്കള്‍മുതല്‍ ശനിവരെ എല്ലാ ദിവസവും സീതാലയം ഒ.പിയുണ്ട്. പുതുതായി എത്തുന്ന ഏഴോ എട്ടോ പേരെ മാത്രമാണ് ഒരു ദിവസം നോക്കാനാവുക. നാലുദിവസം സീതാലയം കണ്‍വീനര്‍ ഒ.പിയിലുണ്ടാകും. ഇതിനുപുറമേ മൂന്ന് ഡോക്ടര്‍മാരും സീതാലയത്തിലുണ്ട്.
2018-ല്‍ സീതാലയത്തില്‍ 1087 പേരാണ് എത്തിയത്. 

ഇതിനു പുറമേ വെള്ളിമാടുകുന്ന് സര്‍ക്കാര്‍ മന്ദിരങ്ങളിലുള്‍പ്പെടെ 111 പേര്‍ക്കും കൊയിലാണ്ടി, പുറമേരി ആസ്പത്രികളില്‍ ഇരുന്നൂറോളം പേര്‍ക്കും പരിചരണമുറപ്പാക്കി. മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ് വെള്ളിമാടുകുന്ന് പോവുക. കൊയിലാണ്ടിയിലും പുറമേരിയിലും മാസത്തിലെ ഒന്നിടവിട്ട വെള്ളിയാഴ്ചകളിലും പോകും.

വിവാഹപൂര്‍വകൗണ്‍സലിങ്, പരീക്ഷയ്ക്ക് മുന്നോടിയായുള്ള കൗണ്‍സലിങ് എന്നിവയും ഇവിടെയുണ്ട്. ഇതിനുപുറമേ സ്‌കൂളുകളിലും മറ്റും പോയി ക്ലാസെടുക്കുന്നുമുണ്ട്.സീതാലയം ഒരിക്കലും സൈക്യാട്രിക് കേന്ദ്രമല്ല. എന്നാല്‍ പലപ്പോഴും അത്തരത്തില്‍ ചികിത്സതേടിയെത്തുന്നവരുണ്ട്. ആ രീതിയില്‍ സീതാലയത്തെ കാണരുതെന്നാണ് ഇവര്‍ക്ക് പറയാനുള്ളത്. 

വനിതാ കമ്മിഷന്‍, വനിതാ സെല്‍, സാമൂഹികക്ഷേമവകുപ്പ്, നിയമവകുപ്പ്, ജനമൈത്രി പോലീസ്, ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നിണ്ടിവര്‍. ജില്ലാ പഞ്ചായത്തിന്റെയും ഡി.എം.ഒ. (ഹോമിയോ) ഡോ. സി. പ്രീതയുടെ നേതൃത്വത്തില്‍ വകുപ്പിന്റെയും സഹായം ഇവര്‍ക്കുണ്ട്.
 
ലഹരിയില്‍നിന്ന് പുനര്‍ജനി
 
ആഴ്ചയില്‍ രണ്ടുദിവസമാണ് പുനര്‍ജനി. ഭൂരിഭാഗവും പുരുഷന്മാരാണ് ഇവിടെ ചികിത്സതേടുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഒ.പി. സീതാലയത്തില്‍ എത്തുന്ന സ്ത്രീകള്‍ക്കൊപ്പമാണ് മിക്കപ്പോഴും പുരുഷന്മാര്‍ പുനര്‍ജനിയിലെത്തുന്നത്. 

മദ്യപാനം, സിഗരറ്റ്, മയക്കുമരുന്ന് തുടങ്ങിയ എല്ലാത്തരം ലഹരിയില്‍നിന്നും മുക്തിനല്‍കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. മരുന്നും കൗണ്‍സലിങ്ങുമെല്ലാം ചേര്‍ന്നതാണ് പുനര്‍ജനി. വ്യക്തിക്കും കുടുംബത്തിനുമെല്ലാം കൗണ്‍സലിങ് നല്‍കുന്നുണ്ട്.
Previous Post Next Post
3/TECH/col-right