കൊച്ചി: കേരളത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ ജിഎസ്ടി ബില്‍ നിര്‍ബന്ധമാക്കാന്‍ സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ തീരുമാനം. ബില്‍ നല്‍കാത്തവരെയും വാങ്ങാത്തവരെയും കുറ്റക്കാരായി കണക്കാക്കും. 


ആദ്യഘട്ടത്തില്‍ വ്യാപാരികളില്‍ നിന്നും രണ്ടാംഘട്ടത്തില്‍ ഉപഭോക്താക്കളില്‍ നിന്നും പിഴയീടാക്കാനും നീക്കമുണ്ട്. പുതിയ സാമ്ബത്തികവര്‍ഷത്തില്‍ സിനിമാ തിയേറ്ററുകളില്‍ പ്രത്യേക ടിക്കറ്റ് സോഫ്റ്റ് വെയറുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശിക്കും. 

ജിഎസ്ടി ബില്‍ നിര്‍ബന്ധമാക്കുന്ന പദ്ധതിയുടെ ബോധവത്കരണത്തിനായി ധനകാര്യവകുപ്പ് ഒരു കോടി രൂപ വകയിരുത്തി. സോഫ്റ്റ് വെയറിന്റെ വന്‍ചെലവ് ചെറുകിട വ്യാപാരികള്‍ക്ക് താങ്ങാനാവാത്തതിനാലാണ് ബില്ലിങ് നടപ്പാക്കാത്തതെന്നായിരുന്നു വ്യാപാരികളുടെ വിശദീകരണം. എന്നാല്‍ ചെറുകിട- ഇടത്തരം വ്യാപാരികള്‍ക്ക് സൗജന്യ ജിഎസ്ടി സോഫ്റ്റ്‌വെയര്‍ ജിഎസ്ടി വകുപ്പ് നല്‍കും.

ഒന്നരക്കോടി വരെ വാര്‍ഷിക വിറ്റുവരവുളളവര്‍ക്ക് ജിഎസ്ടി നെറ്റ് വര്‍ക്കില്‍ നിന്ന് നേരിട്ട് സൗജന്യമായി ഡൗണ്‍ലോഡ്് ചെയ്യാം. ബില്ലിങ് സംസ്‌കാരം വളര്‍ത്തിയെടുത്ത് കൂടുതല്‍ നികുതി നേടുകയാണ് വകുപ്പ് ലക്ഷ്യമിടുന്നത്.