Trending

സിമിന്റ് വിലവര്‍ധനയ്‌ക്കെതിരെ പ്രക്ഷോഭം: 27ന് സംസ്ഥാനത്ത് നിര്‍മാണ ബന്ദ്

സിമന്റ് വിലവര്‍ധനയ്‌ക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ചെറുകിട വ്യാപാരികളും നിര്‍മാണ മേഖലയിലെ സംഘടനകളും. ഇതിന്റെ ഭാഗമായി ഈ മാസം 27ന് സംസ്ഥാന വ്യാപകമായി നിര്‍മാണ ബന്ദ് ആചരിക്കുമെന്ന് സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. സിമന്റ് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തുന്നത്. സിമന്റ് വിലവര്‍ധന നവകേരള നിര്‍മാണത്തെയടക്കം ബാധിച്ചിട്ടുണ്ട്. 


വന്‍കിട കോര്‍പറേറ്റുകള്‍ക്കും ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ക്കും കമ്പനികള്‍ വില കുറച്ച് നല്‍കുമ്പോള്‍ ചെറുകിട കച്ചവടക്കാര്‍ക്ക് വില കൂട്ടിനല്‍കുന്നത് ശരിയല്ല. വിലനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ സിമന്റിനെ ഉള്‍പ്പെടുത്തി വിലക്കയറ്റത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

അതേസമയം, സിമിന്റിന്റെ വില കുറക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് 5000ത്തോളം സിമന്റ് വ്യാപാരികളാണുള്ളത്. തമിഴ്‌നാട്ടില്‍ 300 മുതല്‍ 350 വരെ രൂപക്ക് വില്‍ക്കുന്ന സിമന്റ് കേരളത്തിലെ ചെറുകിട വ്യാപാരികള്‍ 400-450 രൂപക്ക് വാങ്ങി വില്‍ക്കേണ്ട സ്ഥിതിയാണ്.

നേരത്തേ വില കൂടിയപ്പോള്‍ അന്ന് സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് ഇടപെട്ട് ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയിരുന്നു. ഈ രീതിയില്‍ ഇടപെടാന്‍ അഭ്യര്‍ഥിച്ച് സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമനും വ്യവസായ മന്ത്രി ഇ.പി. ജയരാജനും നിവേദനം നല്‍കിയിട്ടുണ്ട്. 


കമ്പനി പ്രതിനിധികളുടെ യോഗം വിളിച്ചുകൂട്ടി വില കുറച്ചില്ലെങ്കില്‍ ഫെബ്രുവരി 24ന് തൃശൂരില്‍ ചേരുന്ന സിമന്റ് വ്യാപാരികളുടെ യോഗം പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കുമെന്ന് നസിറുദ്ദീന്‍ വ്യക്തമാക്കി.

Previous Post Next Post
3/TECH/col-right