Trending

കിഴക്കോത്ത് പേവിഷ ബാധയേറ്റ് പശുക്കള്‍ ചത്തു:ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത്


കൊടുവള്ളി:കിഴക്കോത്ത് പേവിഷ ബാധയേറ്റ് രണ്ടു പശുക്കള്‍ ചത്തു. മറിവീട്ടില്‍ താഴം കിഴക്കേടത്ത് ഹരിദാസന്‍, മേലെ പൊയില്‍ മുരളീധരന്‍ എന്നിവരുടെ പശുക്കളാണ് കഴിഞ്ഞ ദിവസം ചത്തത്.

ചത്ത പശുക്കളെ പൂക്കോട് വെറ്ററിനറി കോളജില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.  വെള്ളാറമ്പാറ മലയില്‍ സുധാകരന്റെ പശുക്കുട്ടി ചത്തെങ്കിലും ഇത് പേവിഷ ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.


 കൊടുവള്ളി നഗരസഭയുടെയും കിഴക്കോത്ത് പഞ്ചായത്തിന്റെയും വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞയാഴ്ച നിരവധി കുട്ടികളെ നായ കടിച്ചിരുന്നു. നായയെ പിന്നീട് നാട്ടുകാര്‍ പിടികൂടി പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

പേവിഷ ബാധയേറ്റാണ് പശുക്കള്‍ ചത്തതെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി ഉസയിന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പശുക്കളുമായി ഇടപഴകിയവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പിനു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ ജബ്ബാര്‍, മെംബര്‍മാരായ ഇന്ദു സനിത്ത്, ഗീത വെള്ളിലാട്ട് പൊയില്‍, റജ്‌ന കുറുക്കാംപൊയില്‍, വെറ്ററിനറി സര്‍ജന്‍ ഡോ. ഗിരീഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗീതാകുമാരി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ, ശുക്കൂര്‍, കെ. ഫവാസ്, ചന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right