Trending

കെ.എസ്.ആര്‍.ടി.സിയുടെ അനാസ്ഥ:വിദ്യാര്‍ഥിക്ക് പരീക്ഷ നഷ്ടമായി

കോഴിക്കോട്:കെ.എസ്.ആര്‍.ടി.സി അധികൃതരുടെ അനാസ്ഥ കാരണം വിദ്യാര്‍ഥിക്ക് ജെ.ഇ എന്‍ട്രന്‍സ് പരീക്ഷ നഷ്ടമായെന്ന് പരാതി. കോഴിക്കോട് കൊടുവള്ളി സ്വദേശി സുഹൈലിനാണ് എന്‍ട്രന്‍സ് പരീക്ഷ അവസരം നഷ്ടമായത്. 


കണ്ണൂരിലേക്കുള്ള സൂപ്പര്‍ ഡീലക്സ് എയര്‍ ബസ് കാന്‍സല്‍ ചെയ്ത വിവരം അറിയിക്കാത്തതിനാല്‍ സുഹൈലിന് കണ്ണൂരിലെ പരീക്ഷാ സെന്ററില്‍ എത്താനായില്ല.

കൊടുവള്ളി കിഴക്കോത്ത് അബ്ദുല്‍ റഹീമിന്റെ മകന്‍ സുഹൈലിനാണ് കെ.എസ്.ആര്‍.ടി.സിയുടെ പിടിപ്പുകേട് കാരണം ജെ.ഇ മൈന്‍ പരീക്ഷ നഷ്ടമായത്. വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് തളിപ്പറമ്പിലെ പരീക്ഷാ സെന്ററില്‍ എത്തണം. കോഴിക്കോട് പുലര്‍ച്ചെ എത്തുന്ന കണ്ണൂരിലേക്കുള്ള സൂപ്പര്‍ ഡീലക്സ് എയര്‍ ബസിന് ബുക്ക് ചെയ്തു.

കൃത്യസമയത്ത് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ എത്തി. നാല് മണി കഴിഞ്ഞിട്ടും ബസ് എത്തിയില്ല. വിവരം അന്വേഷിച്ചപ്പോള്‍ എത്തുമെന്നായിരുന്നു ഡിപ്പോയില്‍ നിന്ന് ലഭിച്ച വിവരം. അഞ്ച് മണി കഴിഞ്ഞാണ് ബസ് കാന്‍സലായ വിവരം അറിയിക്കുന്നത്.

മറ്റൊരു ബസ് അഞ്ചരക്ക് ഉണ്ടെന്ന് ഡിപ്പോ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കാത്തിരുന്നു. ആ ബസും കാന്‍സല്‍ ചെയ്തുവെന്ന് അറിയുമ്പോഴേക്കും സമയം ഒരുപാട് വൈകി. ട്രെയിനില്‍ പോയാലും കൃത്യസമയത്ത് പരീക്ഷാഹാളില്‍ എത്താന്‍ കഴിയില്ല.

നാല് മണിക്ക് എത്തേണ്ട സൂപ്പര്‍ ഡീലക്സ് എയര്‍ ബസ് കാന്‍സല്‍ ചെയ്തിരിക്കുന്നുവെന്ന മെസേജ് വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സുഹൈലിന് ലഭിച്ചത്. എന്‍.ഐ.ടി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുള്ള എന്‍ജിനയറിങ് പ്രവേശന പരീക്ഷാ അവസരമാണ് സുഹൈലിന് നഷ്ടമായത്. 

കെ.എസ്.ആര്‍.ടി.സിയുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സുഹൈലും കുടുംബവും കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് പരാതി നല്‍കി.

Previous Post Next Post
3/TECH/col-right