Trending

മലയോര മഹോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാവും.

മുക്കം: അതിജീവനത്തിനൊരു കൈത്താങ്ങ് എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന മലയോര മഹോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാവും. ജില്ലാ പഞ്ചായത്തിന്റെയും തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കുന്നമംഗലം, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തുകള്‍, മുക്കം, കൊടുവള്ളി നഗരസഭകള്‍, 11 ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് തിരവമ്പാടി പഞ്ചായത്തില്‍ഉള്‍പ്പെട്ട അഗസ്ത്യന്‍മുഴിയിലെ ജില്ലാ പഞ്ചായത്ത് ഗ്രൗണ്ടില്‍ മലയോര മഹോത്സവം സംഘടിപ്പിക്കുന്നത്. 


നിപ്പ വൈറസും പ്രളയവും തകര്‍ത്തെറിഞ്ഞ മലോയോര ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തു പകരനാണ് 16 ദിവസത്തെ മലയോര മഹോത്സവം ഒരുക്കിയത്. കാര്‍ഷിക, മൃഗസംരക്ഷണ, ശാസ്ത്ര സാങ്കേതിക, പൊലിസ്, ഫയര്‍ഫോഴ്‌സ്, എക്‌സൈസ്, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളുടെ സ്റ്റാളുകള്‍ പ്രദര്‍ശനത്തിനുണ്ടാവും. 

മെഡിക്കല്‍കോളേജ്, വെറ്ററിനറി സര്‍വകലാശാല, ബി എസ് എന്‍ എല്‍ തുടങ്ങിയ എണ്‍പതോളം സ്റ്റാളുകളും കുടുംബശ്രീയുടെ 25 ല്‍ അധികം സ്റ്റാളുകളും മലയോര മഹോത്സവത്തിന്റെ ഭാഗമാവും. പുതുതലമുറക്കും ചരിത്ര വിദ്യാര്‍ഥികള്‍ക്കും സാമൂഹ്യ- രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും നിയമസഭയെ കുറിച്ചും കേരളത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചും പഠിക്കാന്‍ ഉതകുന്ന നിയമസഭാ മ്യൂസിയത്തിന്റെ പ്രദര്‍ശനം 15 മുതല്‍ 19 വരെ ഇവിടെ ഉണ്ടാവുമെന്നതാണ് മഹോത്സവത്തിന്റെ പ്രത്യേകത. 

അമ്യൂസ്‌മെന്റ് പാര്‍ക്ക്, ബൈക്ക് റൈഡ്, ബോട്ടിംഗ് തുടങ്ങിയവയും ഒരുക്കുന്നുണ്ട്.കുടുബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന ഫുഡ്‌കോര്‍ട്ടാണ് മേളയുടെ മറ്റൊരു പ്രത്യേകത. മലയോര മേഖലയിലെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനായുള്ള ടൂര്‍ പാക്കേജുകളും സജ്ജീകരിച്ചിട്ടുണ്ട്. 

വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് മുക്കം ബസ്റ്റാന്റ് പരിസരത്തുനിന്നും സാസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. 4.30 ന് ഗതാഗത വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍ മേള ഉദ്ഘാടനം ചെയ്യും. ജോര്‍ജ് എം തോമസ് എം എല്‍ എ അധ്യക്ഷത വഹിക്കും. എം കെ രാഘവന്‍ എം പി മുഖ്യാതിഥിയാകും. എം എല്‍ എ മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. 

Previous Post Next Post
3/TECH/col-right