Trending

ശരിഅത്ത്:വിസമ്മതപത്രം മതിയെന്ന് സർക്കാർ

തിരുവനന്തപുരം: ശരിഅത്ത് നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിന് എല്ലാം മുസ്ലിങ്ങളും പ്രത്യേക സത്യവാങ്മൂലം നൽകണമെന്ന വ്യവസ്ഥ സംസ്ഥാന സർക്കാർ റദ്ദാക്കി. ഇതു സംബന്ധിച്ച ശരിഅത്ത് നിയമത്തിന്റെ ചട്ടങ്ങൾ വിവാദമായതോടെയാണ് മുഖ്യമന്ത്രി ഇടപെട്ട് എല്ലാവരും സത്യവാങ്മൂലം നൽകണമെന്ന വ്യവസ്ഥ ഒഴിവാക്കാൻ നിർദേശിച്ചത്.

പകരം‌, ശരിഅത്ത് നിയമം ബാധകമാക്കേണ്ടാത്തവർ വിസമ്മതപത്രം നൽകിയാൽ മതി. ഇതിനനുസരിച്ച് ശരിയത്ത് നിയമത്തിന്റെ ചട്ടത്തിൽ അടിയന്തരമായി ഭേദഗതി കൊണ്ടുവരാനാണ് തീരുമാനം. പുതിയ ചട്ടങ്ങളിലെ വിവാദ വ്യവസ്ഥക്കെതിരെ മുസ്ലിംലീഗിലെ കെഎൻഎ ഖാദർ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.

81 വർഷം പഴക്കമുള്ള മുസ്ലിം വ്യക്തിനിയമത്തിന് (ശരിഅത്ത്) ചട്ടം രൂപീകരിച്ച് സർക്കാർ കഴിഞ്ഞദിവസം ഗസറ്റിൽ വിജ്ഞാപനം ചെയ്തിരുന്നു. ഇതുപ്രകാരം ശരിഅത്ത് നിയമത്തിന്റെ ആനുകൂല്യം വേണ്ടവർ തഹസിൽദാർക്ക് താൻ മുസ്ലിമാണെന്ന് തെളിയിക്കുന്ന രേഖകൾ സഹിതം സത്യവാങ്മൂലം നൽകണമെന്ന് നിഷ്കർഷിച്ചിരുന്നു. ഇതാണ് വിവാദമായത്.


എല്ലാവരും സത്യവാങ്മൂലം നൽകുന്നതിനുപകരം നിയമം ബാധകമാക്കേണ്ടാത്തവർ വിസമ്മതപത്രം നൽകിയാൽമതിയെന്ന ബദൽനിർദേശം കെ.എൻ.എ. ഖാദർ എം.എൽ.എ. മുന്നോട്ടുവെച്ചു. 

വിവാഹം, ഇഷ്ടദാനം, വഖഫ്, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളിൽ കാര്യങ്ങൾ മുമ്പത്തെപ്പോലെ നിർവഹിക്കപ്പെടുകയും അവയുടെ സാധുത ഈ ചട്ടപ്രകാരം ചോദ്യം ചെയ്യപ്പെടുകയും ചെയ്താൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് അദേഹം നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ചട്ടം ഭേദഗതി ചെയ്യുന്നതിന് ഇതും പ്രേരണയായി.

എല്ലാവരും സത്യവാങ്മൂലം നൽകണമെന്ന വ്യവസ്ഥ മുസ്ലിം വിഭാഗത്തെ പൊതുവിൽ എതിരാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനത്തിൽനിന്നു പിന്നോട്ടുപോകുന്നത്. 

രാഷ്ട്രീയാതിപ്രസരമുള്ള മേഖലകളിൽ മഹല്ല് കമ്മിറ്റികൾ സർട്ടിഫിക്കറ്റ് നൽകുന്നതിനും മറ്റും എതിരാളികളെ ബുദ്ധിമുട്ടിക്കുമെന്നും പരാതിയുയർന്നു. നിലവിൽ ആനുകൂല്യം ലഭിക്കുന്നവർക്കും സത്യവാങ്മൂലം നൽകണമെന്ന വ്യവസ്ഥ ബുദ്ധിമുട്ടാകും.
Previous Post Next Post
3/TECH/col-right