Trending

മംഗളൂരുവില്‍ നിന്ന് കുട്ടിയെ എട്ടു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തെത്തിച്ച ആംബുലന്‍സ് മടങ്ങുന്നതിനിടെ അപകടത്തില്‍പ്പെട്ടു:രണ്ട് മരണം.

കരുനാഗപ്പള്ളി:എട്ടു മണിക്കൂര്‍ കൊണ്ട് കുഞ്ഞിനെയും കൊണ്ട് മംഗളൂരു മുതല്‍ തിരുവനന്തപുരം വരെ ഓടിയ ആംബുലന്‍സ് മടങ്ങുന്നതിനിടെ അപകടത്തില്‍പ്പെട്ടു. കൊല്ലം ദേശീയപാത ഓച്ചിറ പള്ളിമുക്കിലാണ് ആംബുലന്‍സ് നിയന്ത്രണംവിട്ടത്. റോഡിനു വശത്തേക്ക് പാഞ്ഞുകയറി ആംബുലന്‍സ് ഇടിച്ച് രണ്ടുപേര്‍ മരിക്കുകയും ചെയ്തു. രണ്ടു പേര്‍ക്ക് ഗുരുതര പരുക്കുണ്ട്.


ക്ലാപ്പന കോട്ടക്ക് പുറം സാധുപുരത്ത് ചന്ദ്രന്‍ (60), ഓച്ചിറ കല്ലൂര്‍ മുക്ക് ദിയ ഫുഡ്‌സിലെ ജീവനക്കാരന്‍ ഒഡീഷ ചെമ്പദേരികൂര്‍ ജില്ലാ സ്വദേശി രാജീവ് ദോറ (32)എന്നിവരാണ് മരിച്ചത്. 

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒഡീഷ ചെമ്പദേരികൂര്‍ സ്വദേശി മനോജ് കുമാര്‍ (25), ആംബുലന്‍സിലെ നഴ്‌സ് അശ്വിന്‍ (25) എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ആംബുലന്‍സ് ഡ്രൈവര്‍ അബ്ദുല്ല, ഹാരിസ് എന്നിവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.


ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് അപകടം. മംഗംളൂരുവില്‍ നിന്ന് രണ്ടുമാസം പ്രായമുള്ള കുട്ടിയെ 8 മണിക്കൂര്‍ 5 മിനിറ്റ് കൊണ്ട് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ച ശേഷം കാസര്‍കോട്ടേക്കു മടങ്ങിപ്പോയ ദുബൈ കെ.എം.സി.സിയുടെ ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ ആംബുലന്‍സ് ആണ് അപകടത്തില്‍പ്പെട്ടത്.

നിയന്ത്രണംവിട്ട ആംബുലന്‍സ് ദേശീയപാതയുടെ സമീപത്തെ കടയുടെ മുന്നിലിരുന്ന് രണ്ടു സ്‌കൂട്ടറും സൈക്കിളും ഇടിച്ചു തെറിപ്പിച്ച ശേഷം ഇലവന്‍ കെ.വി പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്. 

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലിസ് പറഞ്ഞു. എപ്പോഴും ജനത്തിരക്കുള്ള ഈ ഭാഗത്ത് ഉച്ചയായതിനാല്‍ യാത്രക്കാര്‍ കുറവായതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.


മരിച്ച ചന്ദ്രന്‍ ഓച്ചിറ പള്ളിമുക്കിലെ സംസം ഹോട്ടലിലെ തൊഴിലാളിയാണ്. സൈക്കിളില്‍ കടയിലേക്ക് എത്തുമ്പോഴാണ് അപകടം. സ്‌കൂട്ടറില്‍ കടയിലേക്ക് ചപ്പാത്തിയുമായി എത്തിയ യുവാക്കളാണ് മരിച്ച രാജു ദോറയും പരുക്കേറ്റ മനോജ് കുമാറും. 

ചന്ദ്രന്റ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലും, രാജു ദോറയുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.

 സുമംഗലയാണ് ചന്ദ്രന്റെ ഭാര്യ. പ്രിയ സൂര്യ എന്നിവര്‍ മക്കളും, ശ്രീജിത്, ശിവന്‍ എന്നിവര്‍ മരുമക്കളുമാണ്. 

ഓച്ചിറ പൊലിസ് കേസെടുത്തു.
Previous Post Next Post
3/TECH/col-right