Trending

ദുരിതത്തിലകപ്പെട്ട വീട്ടുജോലിക്കാരിയെ രക്ഷപെടാന്‍ സഹായിച്ച മലയാളി സാമൂഹ്യ പ്രവര്‍ത്തകരായ ദമ്പതികളെ പൊലിസ് അറസ്റ്റ് ചെയ്തു.

റിയാദ്: ദുരിതത്തിലകപ്പെട്ട തമിഴ്‌നാട്ടുകാരിയെ രക്ഷപെടാന്‍ സഹായിച്ച സാമൂഹ്യ പ്രവര്‍ത്തകരായ ദമ്പതികളെ പൊലിസ് അറസ്റ്റ് ചെയ്തു. ദുരിതം സഹിക്കവയ്യാതെ എംബസിക്ക് പരാതി നല്‍കിയ തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിനി തനില്‍ ഷെല്‍വിയെ (38) യെ രക്ഷപ്പെടുത്താനായി ശ്രമം നടത്തിയ ദമാമിലെ സാമൂഹ്യ പ്രവര്‍ത്തകരായ മഞ്ജു മണിക്കുട്ടനും ഭര്‍ത്താവ് മണിക്കുട്ടനുമാണ് പൊലിസ് കസ്റ്റഡിയിലായത്.


തന്റെ തൊഴിലാളിയെ തട്ടിക്കൊണ്ടു പോയതായി  തനില്‍ ഷെല്‍വിയുടെ സ്‌പോണ്‍സര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇവരെ പൊലിസ് അറസ്റ്റ് ചെയ്തത്.തനില്‍ ഷെല്‍വി കടുത്ത പീഡനങ്ങള്‍ക്ക് ഇരയാകുന്ന വിവരം ട്വിറ്റര്‍ ഉള്‍പെടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കയ്യൊടിഞ്ഞ് പ്ലാസ്റ്ററിട്ട നിലയില്‍ ജോലി ചെയ്യേണ്ടി വരുന്ന വീഡിയോ ഇവര്‍ പോസ്റ്റു ചെയ്തിരുന്നു. 

എംബസിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പരാതി നല്‍കുകയും നാട്ടിലുള്ള ബന്ധുക്കള്‍ തനില്‍ ഷെല്‍വിയെ തിരികെയെത്തിക്കാന്‍ സഹായിക്കണമെന്ന് കാണിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും പരാതി അയക്കുകയും ചെയ്തിരുന്നു. ഇതോടെ ഇന്ത്യന്‍ എംബസി ഇവരെ സഹായിക്കാന്‍ ദമാമിലെ ജീവകാരുണ്യ പ്രവര്‍ത്തകയായ മഞ്ജു മണിക്കുട്ടനുമായി ബന്ധപ്പെടുകയും മഞ്ജുവിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇക്കാര്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത പരാതിക്ക് മറുപടിയായി എംബസി അയച്ച കത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. 

തുടര്‍ന്ന് ഇവര്‍ സഹായം അഭ്യര്‍ത്ഥിച്ചു വിളിച്ചപ്പോള്‍ പുലര്‍ച്ചെ അഞ്ച് മണിയോടെ സ്ഥലത്തെത്തിയ ഇവരുടെ കാറില്‍ കയറിയ തനിലിനെ അവിടെ നിന്ന് 500 കിലോമീറ്റര്‍ അകലെ ഇന്ത്യന്‍ എംബസി അഭയ കേന്ദ്രത്തില്‍ എത്തിച്ചാണ് മഞജുവും മണിക്കുട്ടനും മടങ്ങിയത്.

എന്നാല്‍, തനില്‍ രക്ഷപ്പെട്ട വിവരമറിഞ്ഞ വീട്ടുകാര്‍ ഉടന്‍ തന്നെ സി.സി ടി വി കാമറ പരിശോധിച്ച് കാറിന്റെ നമ്പര്‍ പ്രകാരം കേസ് കൊടുക്കുകയും തൊഴിലാളിയെ ഹുറൂബ് (ഒളിച്ചോട്ടം) ആക്കുകയും ചെയ്തു. തുടര്‍ന്ന് സ്‌പോണ്‍സറെ ബന്ധപ്പെട്ട് മണിക്കുട്ടനെ ഹാജരാക്കാന്‍ പൊലിസ് ആവശ്യപ്പെട്ടു.

ഇതുപ്രകാരം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനായ ഖലീല്‍, ദമാമിലെ സാമൂഹ്യ പ്രവര്‍ത്തകരായ എബ്രഹാം വലിയകാല, ഷാജി മതിലകം, മണിക്കുട്ടന്റെ സ്‌പോണ്‍സര്‍ എന്നിവര്‍ ഹാജരായി. എന്നാല്‍ നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ മണിക്കുട്ടനെ ജയിലിലടക്കണമെന്ന നിലപാടിലായിരുന്നു തനിലിന്റെ സ്‌പോണ്‍സര്‍.

മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ വിസക്ക് ചെലവായ 16,000 റിയാല്‍ നല്‍കിയാല്‍ കേസ് ഒഴിവാക്കാം എന്ന് ഇദ്ദേഹം സമ്മതിച്ചു. എന്നാല്‍ ഈ പണം എംബസിക്ക് നല്‍കാന്‍ കഴിയില്ലെന്ന് പ്രതിനിധി അറിയിച്ചു. ഇതോടെ, കേസില്‍ നിന്നൊഴിവാകാന്‍ ദമ്പതികള്‍ തന്നെ പണമുണ്ടാക്കണമെന്ന അവസ്ഥയാണിപ്പോള്‍.
Previous Post Next Post
3/TECH/col-right