Trending

‍ക്ഷേത്ര വളപ്പില്‍ നിന്നും ചന്ദനത്തടി മോഷണം; മൂന്നുപേര്‍ അറസ്റ്റില്‍

താമരശ്ശേരി: ക്ഷേത്ര വളപ്പില്‍ നിന്നും ചന്ദനത്തടികള്‍ മോഷ്ടിച്ച് കടത്തിയ മൂന്നുപേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. കിഴക്കോത്ത് കച്ചേരിമുക്ക് ചാലില്‍ അബ്ദുല്‍ അസീസ്(34), കൂടത്തായി അമ്പലക്കുന്ന് എസ് അഖിനീഷ്(21), താമരശ്ശേരി അരയറ്റകുന്നുമ്മല്‍ എ കെ അബ്ദുസ്സലാം(28) എന്നിവരെയാണ് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സി അബ്ദുല്ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.


കുരുവട്ടൂര്‍ അങ്ക്രകുന്ന് കരിയാത്തന്‍കാവ് ക്ഷേത്ര വളപ്പില്‍ നിന്നും 6 ചന്ദന മരങ്ങള്‍ മുറിച്ചു കടത്തിയ സംഭവത്തിലാണ് ഇവര്‍ പിടിയിലായത്. ഇരുപതോളം ചന്ദന മുട്ടികളും ചന്ദനം കടത്താന്‍ ഉപയോഗിച്ച കെ എല്‍ 56 ഡി 8206 നമ്പര്‍ കാറും ഫോറസ്റ്റ് സംഘം പിടിച്ചെടുത്തു. ഈ മാസം 12, 15 തിയ്യതികളിലായാണ് ക്ഷേത്ര വളപ്പില്‍ നിന്നും ചന്ദന തടികള്‍ മുറിച്ചു കടത്തിയത്. 

ചന്ദന തടികള്‍ വില്‍പ്പന നടത്തുന്നുണ്ടോ എന്നു ചോദിച്ച് കച്ചേരിമുക്ക് സ്വദേശിയായ അസീസ് എത്തിയിരുന്നതായി ക്ഷേത്ര ഭാരവാഹികള്‍ മൊഴി നല്‍കിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് വഴി തെളിച്ചത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റു പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. 

പ്രതികള്‍ ചന്ദനം മുറിച്ച് കടത്തുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് സൂചന ലഭിച്ചതായും ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സി അബ്ദുല്ലത്തീഫ് പറഞ്ഞു. 

ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എം കെ രാജീവ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ പി അബ്ദുല്‍ ഗഫൂര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സി അസ് ലം, പി ജലീസ്, ഡ്രൈവര്‍ ജിതേഷ് എന്നിവരടങ്ങിയ സംഘമാണ് ചന്ദന മോഷ്ടാക്കളെ പിടികൂടിയത്. 

താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. 
Previous Post Next Post
3/TECH/col-right