Trending

സംസ്ഥാനത്ത് ആദ്യത്തെ ഗവ. ടേർഷ്യറി കാൻസർ കെയർ സെന്റർ കോഴിക്കോട് മെഡിക്കൽ കോളജിൽ ആരംഭിച്ചു


സംസ്ഥാനത്ത് ആദ്യത്തെ ഗവ. ടേർഷ്യറി കാൻസർ കെയർ സെന്റർ മെഡിക്കൽ കോളജ് ക്യാംപസിൽ ഇന്നലെ പ്രവർത്തനം ആരംഭിച്ചു. മലബാറിലെ പാവപ്പെട്ട രോഗികൾക്കായി ഗവ. മെഡിക്കൽ കോളജിനോടു ചേർന്ന് കാൻസർ സെന്റർ വേണമെന്ന വർഷങ്ങളായുള്ള ആവശ്യമാണ് കേരളപ്പിറവി ദിനത്തിൽ നടപ്പാക്കിയത്. ഒപി വിഭാഗവും ഡേകെയർ കീമോ തെറപ്പിയും ഇന്ന് ആരംഭിക്കും. സർജിക്കൽ ഓങ്കോളജി വിഭാഗവും ഇവിടേക്കു മാറ്റും. ഇതിനായി തിയറ്റർ സജ്ജമാക്കുന്നുണ്ട്. വാർഡ് ഒരുക്കിയിട്ടുണ്ട്.
എം.കെ. രാഘവൻ എംപി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു സമർപ്പിച്ച പദ്ധതിയിൽ അനുവദിച്ച 44.5 കോടി രൂപ ഉപയോഗിച്ചാണ് രണ്ടര നിലകളോടെയുള്ള കെട്ടിടവും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തിയത്. 7 നിലകളോടെയുള്ള കെട്ടിടത്തിനാണ് പദ്ധതി. കിടത്തി ചികിത്സ മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിൽ തന്നെ തുടരാനാണ് ഇപ്പോൾ തീരുമാനം.
ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് 4 നിലകൂടി നിർമിക്കാൻ പദ്ധതിയുണ്ട്. തിങ്കൾ മുതൽ ശനിവരെ മെഡിക്കൽ കോളജിൽ കാൻസർ ഒപി പ്രവർത്തിക്കുന്നുണ്ട്. റേഡിയോ തെറപ്പി വിഭാഗത്തിൽ മാത്രം 3 യൂണിറ്റുകളുണ്ട്. വർ‌ഷത്തിൽ ശരാശരി 10,000 അർബുദ രോഗികളാണ് ഇവിടെ ചികിത്സ തേടുന്നത്.

ടേർഷ്യറി കാൻസർ കെയർ സെന്ററിലെ ഡേകെയർ കീമോതെറപ്പി വാർഡ്.
1974– 76 കാലഘട്ടത്തിൽ അർബുദത്തിനു കേരളത്തിൽ ഏറ്റവും കൂടുതൽ പേർ ചികിത്സയ്ക്കെത്തിയത് കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു. കാൻസർ സെന്റർ ആരംഭിക്കുന്നതിനു മുന്നോടിയായി 32 ജീവനക്കാരെ പുതുതായി നിയമിച്ചിട്ടുണ്ട്. കാൻസർ സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം ഉടനെ നടക്കും.

ഒപി

ഇവിടെ നിന്നും ഒപി ടിക്കറ്റെടുത്ത് ടോക്കൺ പ്രകാരം ഡോക്ടറെ കാണിക്കാം. ഡേ കെയറായി കിമോതെറപ്പി എടുക്കുന്നവർക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. നേരത്തേ ഒപി ടിക്കറ്റെടുക്കാനും അതു കഴിഞ്ഞു ഡോക്ടറെ കാണിക്കാനും രോഗികൾ വേദന സഹിച്ച് ഏറെ നേരം കാത്തിരിക്കേണ്ടി വന്നിരുന്നു. ഇനി മുതൽ ടോക്കൺ തെളിയുന്നതു പ്രകാരം രോഗികളെ ഡോക്ടറുടെ അടുത്തേക്ക് പ്രവേശിപ്പിച്ചാൽ മതി. ഇരിപ്പിട സൗകര്യം ഒരുക്കിയിട്ടുണ്ട്.
രണ്ടാമത്തെ ലീനിയർ ആക്സിലറേറ്റർ
സംസ്ഥാനത്തുതന്നെ ഏറ്റവും മികച്ച രണ്ടാമത്തെ ഹൈ എനർ‌ജി ലീനിയർ ആക്സിലറേറ്ററാണ് ത്രിതല കാൻസർ സെന്ററിന്റെ തറനിരപ്പിനു താഴെ സജ്ജീകരിച്ചത്.അർ‌ബുദമുള്ള കോശങ്ങളെ മാത്രം കണ്ടെത്തി റേഡിയേഷൻ നൽകാനുമുള്ള സംവിധാനമാണിത്. ലോകോത്തര നിലവാരമുള്ള ഉപകരണമാണ് എത്തിച്ചിരിക്കുന്നത്. 
7 വർഷം മുൻപ് അർ‌ബുദ രോഗിക്ക് യഥാസമയം റേഡിയേഷൻ ലഭിക്കാൻ‌ പോലും ആർസിസിയെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ. റേഡിയേഷൻ സോഴ്സ് മാറ്റാൻ ഫണ്ടില്ലാത്തതായിരുന്നു പ്രശ്നം. ഒരുകോടി രൂപ ഉപയോഗിച്ച് കൊബാൾ‌ട്ട് തെറപ്പി യന്ത്രത്തിലെ റേഡിയേഷൻ സോഴ്സ് മാറ്റി.
പിന്നീട് 12 കോടി രൂപ ചെലവിൽ ഹൈ എനർജി ലീനിയർ ആക്സിലറേറ്റർ ഉൾപ്പെടെ സ്ഥാപിച്ചു. 6 കോടി രൂപയോളം ചെലവുവന്ന അത്യാധുനികമായ സ്പെക്റ്റ് ഗാമ ക്യാമറയും മെഡിക്കൽ കോളജിന്റെ പ്രത്യേകതയാണ്. 
സർജിക്കൽ ഓങ്കോളജി
ഒപി, ഡേ കെയർ കീമോതെറപ്പി എന്നിവയ്ക്കു തുടർച്ചയായി സർജിക്കൽ ഓങ്കോളജി വിഭാഗവും ഉടൻ ഇവിടെ ആരംഭിക്കും. ഇതിനായി ശസ്ത്രക്രിയാ തിയറ്റർ സജ്ജമാക്കുന്നുണ്ട്. ഐസിയു, വാർഡ് തുടങ്ങിയവയ്ക്കും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മുകളിലത്തെ നിലയാണ് സർജിക്കൽ ഓങ്കോളജിക്കായി ഏർപ്പെടുത്തിയത്

Previous Post Next Post
3/TECH/col-right